സചിനെ മറികടന്നു; ലോകകപ്പിലെ ആ റെക്കോഡ് ഇനി വാർണർക്ക് സ്വന്തം
text_fieldsചെന്നൈ: ലോകകപ്പിൽ ഇന്ത്യ–ആസ്ട്രേലിയ മത്സരത്തിൽ പുതിയ റെക്കോഡ് കുറിച്ച് ഓസീസ് ഓപണർ ഡേവിഡ് വാർണർ. മത്സരത്തിൽ 41 റൺസ് നേടിയ വാർണർ, ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകറെ മറികടന്നാണ് ലോകകപ്പിന്റെ റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ചത്.
ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികക്കുന്ന താരമെന്ന നേട്ടമാണ് 19ാമത്തെ ഇന്നിങ്സിൽ വാർണർ സ്വന്തമാക്കിയത്. മത്സരത്തിൽ, ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഏഴാമത്തെ ഓവറില്‍ ഫോറടിച്ചാണ് വാർണർ നാഴികക്കല്ല് പിന്നിട്ടത്. 20 ഇന്നിങ്സിലാണ് സചിൻ 1000 റൺസ് പിന്നിട്ടിരുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് സചിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. 21 ലോകകപ്പ് ഇന്നിങ്സുകളിൽനിന്ന് 1000 റൺസ് നേടിയ സൗരവ് ഗാംഗുലിയും വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവ് റിച്ചാർഡ്സുമാണ് തൊട്ടുപിന്നിലുള്ളത്. ആസ്ട്രേലിയയുടെ മാർക് വോ, ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ് എന്നിവർ 22 ഇന്നിങ്സിൽ 1000 റൺസ് പിന്നിട്ടവരാണ്.
2015ലാണ് വാർണർ ആദ്യമായി ലോകകപ്പിൽ ഇറങ്ങിയത്. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 17 ഇന്നിങ്സിൽ 978 റൺസടിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് 22 റൺസ് കൂടി നേടിയിരുന്നെങ്കിൽ റെക്കോഡ് തകർക്കാൻ അവസരമുണ്ടായിരുന്നെങ്കിലും 18ാം ഇന്നിങ്സിൽ രോഹിത് പൂജ്യനായി മടങ്ങുകയായിരുന്നു. അടുത്ത മത്സരത്തിൽ 22 റൺസടിച്ചാലും രോഹിതിന് റെക്കോഡ് മറികടക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.