ഫോമിലുള്ള നിതീഷിനെ ഇന്ത്യ മാറ്റുമോ? നാലാം ടെസ്റ്റിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കുമെന്ന് റിപ്പോർട്ട്
text_fieldsബോർഡർ ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട. മികച്ച ഫോമിൽ ബാറ്റ് വീശുന്ന നിതീഷ് കുമാർ റെഡ്ഡിക്ക് പകരം വാഷിങ്ടൺ സുന്ദർ ടീമിലെത്തുമെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ട് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിൽ അഭിവാജ്യ ഘടകമായിരുന്നു നിതീഷ്. ഇന്ത്യ വിജയിച്ച ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 41 റൺസ് നേടി ടീമിന്‍റെ ടോപ് സ്കോററായത് നിതീഷ് കുമാർ റെഡ്ഡിയാണ്. രണ്ടാം ഇന്നിങ്സിൽ 38 റൺസ് നേടി പുറത്താകാതെ നിൽക്കാനും നിതീഷിനായി.
രണ്ടാം മത്സരത്തിൽ ഇന്ത്യ തോറ്റപ്പോഴും നിതീഷ് ബാറ്റ് കൊണ്ട് മികവ് കാട്ടി. രണ്ട് ഇന്നിങ്സിലും 42 റൺസ് നേടി ടീമിന്‍റെ ടോപ് സ്കോററായി നിതീഷ് മാറി. മെൽബണിലെ പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് സ്പിന്നിനെ തുണക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യ രവീന്ദ്ര ജഡേജക്കൊപ്പം മറ്റൊരു സ്പിന്നറെ കൂടി ടീമിൽ ഉൾപ്പെടുത്തുന്നത് എന്നാണ് വിവരം.
ആദ്യ കളിയിൽ വാഷിങ്ടൺ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ നാല് റൺസും രണ്ടാം ഇന്നിങ്സിൽ 29 റൺസും താരം നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ വിക്കറ്റ് നേടാൻ കഴിയാതിരുന്ന താരം രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അതേസമയം നായകൻ രോഹിത് ശർമ ഓപ്പണിങ്ങിൽ തന്നെ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയാണെങ്കിൽ മികച്ച ഫോമിലുള്ള കെ.എൽ രാഹുൽ മിഡിൽ ഓർഡറിൽ ഇറങ്ങും.
നാളെയാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടിയിട്ടുണ്ട്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം കണ്ടെത്തിയപ്പോൾ രണ്ടാം മത്സരത്തിൽ അഡ്ലെയ്ഡിൽ ആസ്ട്രേലിയ ശക്തമായി തിരിച്ചുവന്നു. ഗാബ്ബയിൽ നടന്ന മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞു. നാലാം മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ഇന്ത്യ വിജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.