ശുഭ്മാൻ ഗില്ലിനെ സച്ചിനുമായി ഉപമിച്ച് വസീം അക്രം; പ്രതികരണവുമായി സൽമാൻ ബട്ട്
text_fieldsഐ.പി.എൽ സീസണിലടക്കം സമീപകാലത്ത് തകർപ്പൻ ഫോമിൽ കളിച്ച് ശ്രദ്ധ നേടിയ യുവതാരമാണ് ശുഭ്മാൻ ഗിൽ. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 17 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികളടക്കം 890 റൺസടിച്ച് ടൂർണമെന്റിലെ ടോപ്സ്കോററായത് ഗിൽ ആയിരുന്നു. ഐ.പി.എല്ലിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറിയടിച്ചും താരം മികവറിയിച്ചിരുന്നു.
സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന യുവതാരത്തെ സച്ചിൻ ടെൻഡുൽകറുമായി ഉപമിക്കുകയാണ് പാകിസ്താന്റെ ഇതിഹാസ പേസർ വസിം അക്രം. ഗില്ലിനെപ്പോലുള്ള ഒരു കളിക്കാരന് ഞാൻ പന്തെറിയുകയാണെങ്കിൽ സച്ചിൻ ടെണ്ടുൽക്കർക്ക് പന്തെറിയുന്നത് പോലെയായിരിക്കും എന്നാണ് അക്രം പറഞ്ഞത്.
ഇതിനോട് പ്രതികരണവുമായി പാകിസ്താൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ടും രംഗത്തുവന്നു. ‘ഗില്ലിന് പന്തെറിയുന്നത് സച്ചിന് പന്തെറിയുന്ന പോലെയാണെന്നാണ് വസീം ഭായ് പറഞ്ഞത്. ഓരോരുത്തർക്കും മറ്റുള്ളവരെ പ്രശംസിക്കാൻ അവരുടേതായ വഴികളുണ്ട്. വസീം അക്രമിനെ പോലുള്ള ലോകം കണ്ട മികച്ച ബൗളർമാരിൽ ഒരാളിൽനിന്നുള്ള ഈ താരതമ്യം അഭിമാന നിമിഷമാണ്. ഗിൽ ഇത് അർഹിക്കുന്നുണ്ട്. 23കാരൻ കഴിഞ്ഞ എതാനും മാസമായി അത്യുജ്വലമായാണ് കളിക്കുന്നത്’, സൽമാൻ ബട്ട് അഭിപ്രായപ്പെട്ടു.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് ശുഭ്മാൻ ഗിൽ. ബുധനാഴ്ച ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന കലാശക്കളിയിൽ ഇന്ത്യയും ആസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.