ഇംറാനെ ഒഴിവാക്കിയ വിഡിയോ പിൻവലിച്ച് മാപ്പുപറയണമെന്ന് അക്രം
text_fieldsകൊളംബോ: ഇതിഹാസ താരവും ലോകകപ്പ് നായകനുമായ ഇംറാൻ ഖാനെ പൂർണമായും വിസ്മരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട സ്വാതന്ത്ര്യദിന വിഡിയോ പിൻവലിച്ച് ആരാധകരോട് മാപ്പുപറയണമെന്ന് മുൻ ക്യാപ്റ്റൻ വസീം അക്രം ആവശ്യപ്പെട്ടു. വിഡിയോ കണ്ട് ഞെട്ടിയെന്നും രാഷ്ട്രീയഭിന്നതകളുടെ പേരിൽ പാക് ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇംറാനെ തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ശ്രീലങ്കയിലുള്ള അക്രം സമൂഹ മാധ്യമത്തിൽ കുറിച്ചു. പാകിസ്താൻ സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്ന ആഗസ്റ്റ് 14നാണ് രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ റിലീസ് ചെയ്തത്.
ക്രിക്കറ്റ് ബോർഡിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ‘ഷെയിം ഓൺ പി.സി.ബി’ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ടീം ആദ്യമായും അവസാനമായും ഏകദിന ലോകകിരീടം നേടിയത് 1992ലാണ്. ഇംറാനായിരുന്നു ക്യാപ്റ്റൻ. ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുശേഷം പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി സ്ഥാപിച്ച അദ്ദേഹം, 2018 ആഗസ്റ്റ് 18 മുതൽ 2022 ഏപ്രിൽ 10 വരെ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണിപ്പോൾ ഇംറാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.