‘എന്തിനാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നത്! അനാവശ്യമാണിത്’; ബി.സി.സി.ഐക്ക് മുന്നറിയിപ്പുമായി മുൻ പാക് ഇതിഹാസം
text_fieldsശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യാ കപ്പിൽ ഏട്ടാം തവണയും കിരീടം ചൂടിയത്. പേസർ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി വീശിയടിച്ച ഫൈനലിൽ 15.1 ഓവറിൽ 50 റൺസിന് ലങ്കൻ ബാറ്റർമാർ കൂടാരംകയറിയപ്പോൾ 6.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ലങ്കയുടെ അഞ്ചു ബാറ്റർമാർ സ്കോർ ബോർഡിൽ ഒന്നും സംഭാവന ചെയ്യാതെയാണ് മടങ്ങിയത്. സിറാജ് എറിഞ്ഞ രണ്ടാമത്തെ ഓവറാണ് ആതിഥേയരെ തരിപ്പണമാക്കിയത്. നാലു മുൻനിര ബാറ്റർമാരാണ് ഈ ഓവറിൽ പുറത്തായത്. രാജ്യം വേദിയാകുന്ന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ ഗംഭീര വിജയം. ലോകകപ്പിനു മുന്നോടിയായി ആസ്ട്രേലിയക്കെതിരെ നാട്ടിൽ നടക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.
സെപ്റ്റംബർ 22നാണ് ആദ്യ മത്സരം. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ആസ്ട്രേലിയക്കെതിരായ ഈ പരമ്പര അനാവശ്യമാണെന്നാണ് മുൻ പാകിസ്താൻ നായകൻ വാസിം അക്രം പറയുന്നത്. ലോകകപ്പിനു മുന്നോടിയായി മതിയായ വിശ്രമം ലഭിക്കാത്തത് ഇന്ത്യൻ താരങ്ങൾക്ക് ഗുണകരമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
വെസ്റ്റിൻഡീസ്, അയർലൻഡ് പര്യടനങ്ങൾക്കു പിന്നാലെയാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പ് കളിക്കാനെത്തിയത്. ‘ഇന്ത്യയിൽ വ്യത്യസ്ത വേദികളിലാണ് മത്സരം, ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര ചെയ്യാൻ ഒരു ദിവസമെടുക്കും. ലോകകപ്പിന് മുമ്പ് നിങ്ങൾ ഊർജം സൂക്ഷിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അവർ മൂന്ന് ഏകദിനങ്ങൾ കളിക്കുന്നതെന്ന് എനിക്കറിയില്ല. ഇത് വളരെക്കാലം മുമ്പ് തീരുമാനിച്ചതാകാം, പക്ഷേ അനാവശ്യമായിരുന്നു. നാട്ടിൽ നടക്കുന്ന ഒരു മെഗാ ടൂർണമെന്‍റിന് മുമ്പ് നിങ്ങൾ തളരരുത്. ലോകകപ്പ് സ്ക്വാഡിലേക്ക് ഇനിയും താരങ്ങളെ വേണമെങ്കിൽ, ആസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങൾ കളിക്കാം’ -അക്രം ഏഷ്യാ കപ്പ് ഫൈനലിനു പിന്നാലെ പറഞ്ഞു.
ലോകകപ്പിനു മുന്നോടിയായി ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കുന്നുണ്ട്. സെപ്റ്റംബർ 30ന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ മൂന്നിന് നെതർലൻഡ്സിനെതിരെയും. ഒക്ടോബർ എട്ടിന് ആസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മറ്റൊരു ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടത്തിനും വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.