‘ഹലോ, കുറേ ആയല്ലോ കണ്ടിട്ട്...’; നാണംകെട്ട തോൽവിക്കു പിന്നാലെ ഇംഗ്ലണ്ട് മുൻനായകനെ ട്രോളി വസീം ജാഫർ
text_fieldsഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് ബംഗ്ലാദേശ്. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിൽ ലോക ചാമ്പ്യന്മാർ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്.
ആദ്യത്തെ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാ കടുവകൾ, മൂന്നാമത്തെ മത്സരത്തിൽ 16 റൺസിനാണ് ഇംഗ്ലീഷുകാരെ നിലംപരിശാക്കിയത്. ബംഗ്ലാദേശിന്‍റെ അവിശ്വസനീയ പ്രകടനവും ഇംഗ്ലണ്ടിന്‍റെ നാണംകെട്ട തോൽവിയുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്‍റെ ചർച്ച. ഇതിനിടെയാണ് ഇംഗ്ലീഷ് മുൻ നായകൻ മൈക്കൽ വോനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയത്.
‘ഹലോ, മൈക്കില്‍ വോന്‍ കുറേ ആയല്ലോ കണ്ടിട്ട്’ എന്ന കുറിപ്പിനൊപ്പം ബംഗ്ലാദേശ് ജേഴ്സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് വസീം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങളായി ബംഗ്ലാദേശ് അണ്ടർ 19 ടീമിന്‍റെ ബാറ്റിങ് കൺസൽട്ടന്‍റായ വസീമും മൈക്കൽ വോനും തമ്മിൽ ട്വിറ്ററിൽ വാഗ്വാദം പതിവാണ്. ആദ്യ ട്വന്‍റി20യില്‍ ആറ് വിക്കറ്റിന് ജയിച്ച ബംഗ്ലാദേശ്, രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.
മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയില്‍നിന്ന് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധത്തില്‍ തകർന്നടിയുകയായിരുന്നു. അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത്. കുട്ടിക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായ ഒരു ടീമിനെതിരെ സമ്പൂർണ പരമ്പര വിജയം നേടുന്നത് ബംഗ്ലാദേശ് ആദ്യമായും.
നിശ്ചിത ഓവർ ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ബംഗ്ലാദേശ് നേരത്തെയും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ട്വന്‍റി20യിൽ ആസ്ട്രേലിയക്കെതിരെയും (4-1) ന്യൂസിലൻഡിനെതിരെയും (3-2) കഴിഞ്ഞവർഷം പരമ്പര നേടിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഏകദിനത്തിൽ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.