‘അവന് വിശ്രമം നൽകുന്നത് താളം നഷ്ടപ്പെടുത്തും’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി വസീം ജാഫർ
text_fieldsമുംബൈ: ട്വന്‍റി20 ലോകകപ്പിൽ കാനഡക്കെതിരായ ഫൈനൽ ഗ്രൂപ്പ് മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകുന്നതിനെതിരെ ഇന്ത്യൻ ടീമിന് മുൻ ഓപ്പണർ വസീം ജാഫറിന്‍റെ മുന്നറിയിപ്പ്. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച രോഹിത് ശർമയും സംഘവും ഗ്രൂപ്പ് എയിൽനിന്ന് ഇതിനകം സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. അയർലൻഡിനെതിരെ എട്ടു വിക്കറ്റ് ജയവുമായി തുടങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ബദ്ധവൈരികളായ പാകിസ്താനെ ആറു റൺസിനും മൂന്നാം മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തിയിരുന്നു.
ഈമാസം 15ന് കാനഡക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. മത്സരഫലത്തിന് പ്രസക്തിയില്ലാത്തതിനാൽ ബുംറ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ടീം മാനേജ്മെന്‍റ് വിശ്രമം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ടീമിന്‍റെ പേസ് കുന്തമുനക്ക് വിശ്രമം നൽകരുതെന്നും താരത്തെ കളിപ്പിക്കണമെന്നും മാറ്റി നിർത്തുന്നത് താളം നഷ്ടപ്പെടുത്തുമെന്നാണ് വസീം പറയുന്നത്. ‘ബുംറ എത്രത്തോളം കളിക്കുന്നുവോ, അത്രത്തോളം ഫോമിൽ തുടരാനാകും. പ്രധാന കളിക്കാരനായ ബുംറയുടെ താളം നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. അതിനാൽ അദ്ദേഹത്തിന് വിശ്രമം നൽകേണ്ടതില്ല’ -വസീം അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.
ടൂർണമെന്‍റിൽ ബുംറ മികച്ച ഫോമിലാണ്. ഗംഭീര ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരം ആദ്യ രണ്ടു മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അയർലൻഡിനെതിരായ മത്സരത്തിൽ മൂന്നു ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റാണ് താരം നേടിയത്. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ നാലു ഓവർ എറിഞ്ഞ ബുംറ, 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. താരത്തിന്‍റെ ബൗളിങ് മികവിലാണ് കൈവിട്ട മത്സരം ഇന്ത്യ തിരിച്ചുപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.