‘നമ്മളാണ് ഏറ്റവും കരുത്തരായ ടീം, മറ്റാർക്കും അടുത്ത് പോലും എത്താനാവില്ല’; ഡ്രസ്സിങ് റൂമിൽ സഹതാരങ്ങൾക്ക് മുമ്പിൽ പാണ്ഡ്യയുടെ പ്രസംഗം
text_fieldsമുംബൈ: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോടും സൺറൈസേഴ്സ് ഹൈദരാബാദിനോടും തോറ്റതിന് പിന്നാലെ സഹതാരങ്ങളുടെ മനോവീര്യമുയർത്താൻ ഡ്രസ്സിങ് റൂമിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പ്രസംഗം. രണ്ടാം മത്സരത്തിൽ ഹൈദരാബാദ് ഐ.പി.എല്ലിലെ റെക്കോഡ് സ്കോറായ 277 റൺസ് അടിച്ചുകൂട്ടുകയും പിന്തുടർന്ന മുംബൈ 31 റൺസകലെ വീഴുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഹാർദികിന്റെയും ടീം മെന്ററായ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെയും സംഭാഷണം.
ഏറ്റവും ശക്തരായ പോരാളികളാണ് ഏറ്റവും ശക്തമായ പരീക്ഷണം നേരിടുന്നതെന്നും നമ്മളാണ് ഏറ്റവും കരുത്തരായ ടീമെന്നും മറ്റൊരു ബാറ്റിങ് നിരക്കും നമ്മുടെ അടുത്ത് പോലും എത്താൻ കഴിയില്ലെന്നും പാണ്ഡ്യ പറഞ്ഞു. മത്സരത്തിൽ കനത്ത അടിവാങ്ങിയ ബൗളർമാരെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. നല്ലതോ ചീത്തതോ ആയ എന്തുണ്ടായാലും നമ്മൾ ഒരുമിച്ച് നേരിടുമെന്നും മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വിഡിയോയിൽ ഹാർദിക് പറയുന്നു.
‘ഏറ്റവും ശക്തരായ പോരാളികൾ ഏറ്റവും ശക്തമായ പരീക്ഷണം നേരിടുന്നു. നമ്മളാണ് ഏറ്റവും കരുത്തരായ ടീം. മറ്റൊരു ബാറ്റിങ് നിരക്കും നമ്മുടെ അടുത്ത് പോലും എത്താൻ കഴിയില്ല. നമ്മുടെ ബൗളർമാരിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. കഠിനമായ ദിവസം പോലും ആരും മാറിനിൽക്കുന്നത് ഞാൻ കണ്ടില്ല. എല്ലാവർക്കും അവരുടെ കൈകളിൽ പന്ത് വേണമായിരുന്നു. അതൊരു നല്ല കാഴ്ചയായി ഞാൻ കരുതുന്നു. നല്ലതോ ചീത്തതോ ആയ എന്തുണ്ടായാലും നമ്മൾ പരസ്പരം സഹായിക്കുമെന്ന് ഉറപ്പാക്കാം. നമ്മൾ ഒരുമിച്ച് നേരിടും, നമ്മൾ ഒരുമിച്ചായിരിക്കും’, -ഹാർദിക് പറഞ്ഞു.
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്ണൊഴുകിയ മത്സരമായിരുന്നു മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ഇരുനിരയും ചേർന്ന് 528 റൺസാണ് അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് അടിച്ചെടുത്തപ്പോൾ മുംബൈയുടെ മറുപടി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246ൽ അവസാനിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരവും തോറ്റതോടെ കടുത്ത വിമർശനമാണ് ഹാർദിക് പാണ്ഡ്യ നേരിടുന്നത്. ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന പാണ്ഡ്യയെ ഈ സീസണിൽ ടീമിലെത്തിച്ച മുംബൈ രോഹിത് ശർമയെ മാറ്റി നായക സ്ഥാനം ഏൽപിച്ചപ്പോൾ മുതൽ ആരാധകരോഷമുയർന്നിരുന്നു. ആദ്യ മത്സരത്തിൽ ആറ് റൺസിനാണ് ഗുജറാത്തിനോട് മുംബൈ പരാജയപ്പെട്ടത്. ഏപ്രിൽ ഒന്നിന് രാജസ്ഥാൻ റോയൽസുമായാണ് മുംബൈയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.