‘ഇന്ത്യയുടെ കാര്യത്തിൽ പാകിസ്താൻകാരുടെയും ആസ്ട്രേലിയക്കാരുടെയും ഉപദേശം വേണ്ട’; പൊട്ടിത്തെറിച്ച് ഗവാസ്കർ
text_fieldsന്യൂഡൽഹി: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാകിസ്താൻ, ആസ്ട്രേലിയൻ ക്രിക്കറ്റ് വിദഗ്ധരുടെ ഉപദേശങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ‘പാകിസ്താനുമായി കളിക്കാൻ ഇന്ത്യക്ക് ഭയമാണ്’ എന്ന രീതിയിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതാണ് ഗവാസ്കറെ കൂടുതൽ പ്രകോപിപ്പിച്ചത്.
‘അവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രസ്താവനകൾക്ക് നമ്മുടെ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് ഖേദകരമാണ്. ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാൻ നമുക്ക് പാകിസ്താൻകാരും ആസ്‌ട്രേലിയക്കാരുമെല്ലാമുണ്ട്. അതെങ്ങനെയാണ് അവരുടെ പരിഗണനയാകുന്നത്? ഏതെങ്കിലും ഇന്ത്യൻ താരങ്ങൾ പോയി ആസ്‌ട്രേലിയൻ ടീമിനെയോ പാകിസ്താൻ ടീമിനെയോ തെരഞ്ഞെടുക്കുമോ? അത് നമ്മുടെ കാര്യമല്ല. എന്നാൽ, നമ്മൾ അവർക്കത് അനുവദിക്കുന്നു’, ഗവാസ്കർ സ്പോർട്സ് ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘അവിടെ എപ്പോഴും ബാബർ വിരാട് കോഹ്‍ലിയേക്കാളും രോഹിത് ശർമയേക്കാളും മികച്ചവനാണ്, ഷഹീൻ അഫ്രീദി മറ്റു ചിലരേക്കാൾ മികച്ചവനാണ്. ഇൻസമാമുൽ ഹഖ് സച്ചിൻ തെണ്ടുൽക്കറെക്കാളും മികച്ചവനാണ്. അവരെ സംബന്ധിച്ചിടത്തോളം അവർ നമ്മേക്കാൾ എപ്പോഴും മികച്ചവരാണ്. ആ രീതിയാണ് അവർ അവരുടെ ആളുകളെ തൃപ്തിപ്പെടുത്താൻ പിന്തുടരുന്നത്. നമുക്ക് അവരുടെ ഉപദേശം ആവശ്യമില്ല. നിങ്ങളുടെ മാധ്യമങ്ങളിൽ അവർക്ക് ഇടം നൽകരുത്’, ഗവാസ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.