വെൽകം ഹാർദിക്
text_fieldsന്യൂഡൽഹി: രോഹിത് ശർമ ട്വന്റി20യിൽനിന്ന് വിരമിച്ചതോടെ ഇന്ത്യയുടെ പുതിയ നായകനെച്ചൊല്ലി ചർച്ചകൾ. നിലവിലെ ഉപനായകനും ട്വന്റി20 ലോകകപ്പ് ഹീറോയുമായ ഹാർദിക് പാണ്ഡ്യക്ക് തന്നെയാണ് പ്രഥമ പരിഗണന.
താൽക്കാലിക നായകനായി മികവ് തെളിയിച്ച ഹാർദിക് തന്നെയാവും രോഹിത്തിന്റെ പിൻഗാമിയെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും താരം ഇടക്ക് പരിക്കിന്റെ പിടിയിലായതും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്ന നിലയിൽ നിറംമങ്ങിയതും സാധ്യതകൾക്ക് മങ്ങലേൽപിച്ചിരുന്നു. എന്നാൽ, ട്വന്റി20 ലോകകപ്പ് കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്.
സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരുടെ പേരും ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. 34ാം വയസ്സിലേക്ക് കടന്ന സൂര്യയെ സ്ഥിരം നായകസ്ഥാനത്ത് അവരോധിക്കുമോയെന്ന് കണ്ടറിയണം. ഋഷഭിനെ ഇന്ത്യയുടെ ഭാവിനായകനായി വിശേഷിപ്പിച്ചിരുന്നെങ്കിലും അപകടത്തിൽ പരിക്കേറ്റ് തിരിച്ചുവന്ന താരത്തിന്റെ സ്ഥാനം നിലവിലെ ഫോം വെച്ച് സുരക്ഷിതമല്ല.
ബുംറയുടെ ഫിറ്റ്നസിൽ ആശങ്കയുണ്ട്. ശുഭ്മൻ ഗില്ലിന് വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിൽ ചുമതല നൽകിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിന ടീമുകളുടെയും അവിഭാജ്യ ഘടകമാണ് ഗിൽ. ഹാർദിക് ടെസ്റ്റ് ടീമിൽ ഇല്ലാത്ത സ്ഥിതിക്ക് രോഹിത്തിന്റെ പിൻഗാമിയായി പരമ്പരാഗത ഫോർമാറ്റിൽ ഗിൽ എത്താനും സാധ്യതയുണ്ട്.
2022ലെ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു ഹാർദിക്. ടീമിന്റെ അരങ്ങേറ്റ സീസണായിരുന്നു ഇത്. പിറ്റേവർഷവും ഫൈനലിലെത്തിച്ചു. 2024 സീസണിൽ രോഹിത്തിനെ മാറ്റി മുംബൈ ക്യാപ്റ്റൻസി ഹാർദിക്കിനെ ഏൽപിച്ചത് ടീമിലും ആരാധകർക്കിടയിലും അതൃപ്തിക്ക് കാരണമായിരുന്നു. എന്നാൽ, ട്വന്റി20 ലോകകപ്പിലെ പ്രകടനത്തോടെ വിമർശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഹാർദിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.