പിച്ചിനെ പഴിച്ചുള്ള കണ്ണീരും കലാശവും നിർത്തൂ... ഇംഗ്ലണ്ടിനെതിരെ വിമർശനവുമായി വിൻഡീസ് ഇതിഹാസം
text_fieldsഅഹ്മദാബാദ്: മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചതിന് പിന്നാലെ തുടക്കമായ ചർച്ചകൾക്ക് വിരാമമായില്ല. സ്പിന്നർമാരെ വഴിവിട്ട് സഹായിച്ച പിച്ചിനെ ചൊല്ലിയാണ് വിമർശനങ്ങളുയർന്നത്. പിങ്ക്ബാൾ മത്സരത്തിൽ വീണ 30ൽ 28 വിക്കറ്റുകളും സ്പിന്നർമാരായിരുന്നു സ്വന്തമാക്കിയത്.
എന്നാൽ പിച്ചിനെ പഴിച്ചുള്ള കണ്ണീരും കലാശവും ഇംഗ്ലണ്ട് നിർത്തണമെന്ന ആവശ്യവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാഡ്സ് രംഗത്തെത്തി. നാലാം ടെസ്റ്റിലും സമാനമായ വിക്കറ്റ് തന്നെ ഒരുക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.
സ്പിന്നിനെതിരെ ബാറ്റ്ചെയ്യുന്ന വേളയിൽ ഇംഗ്ലീഷ്, ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് മുട്ടുവിറക്കുന്ന കാഴ്ച മൂന്നാം ടെസ്റ്റിൽ കണ്ടിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, യുവരാജ് സിങ്, മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ, കെവിൻ പീറ്റേഴ്സൺ എന്നിവർ മൊേട്ടരയിലെ പിച്ചിനെ വിമർശിച്ചും കളിയാക്കിയും രംഗത്തെത്തിയിരുന്നു.
എന്നാൽ പിച്ചിൽ ദുർഭൂതങ്ങൾ ഒന്നുമില്ലെന്നും ഇരുടീമുകളും വളരെ മോശം ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.
'ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരത്തെക്കുറിച്ച് എന്നോട് അടുത്തിടെ അഭിപ്രായം ചോദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങളെ കുറിച്ചായിരുന്നു അത്. ചോദ്യത്തെക്കുറിച്ച് ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലാണ്, കാരണം അവർ കളിച്ച വിക്കറ്റിനെക്കുറിച്ച് വിലപിക്കുകയാണ്' -റിച്ചാഡ്സ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
'എന്‍റെ അഭിപ്രായത്തിൽ ഇങ്ങനെ കരയുന്നവർ പേസർമാരെ തുണക്കുന്ന ട്രാക്ക് നേരിടാൻ പോകുന്ന സമയമുണ്ടെന്ന് മനസിലാക്കണം. അടിസ്ഥാനപരമായി അത്തരമൊരു പിച്ച് ബാറ്റ്സ്മാൻമാർക്ക് പ്രയാസകരമാണെന്ന് എല്ലാവരും കരുതുന്നു. ചില സമയങ്ങളിൽ ബാറ്റ്സ്മാൻമാർക്ക് അത് നേരിടാനാകും'- അദ്ദേഹം പറഞ്ഞു.
'എന്നാൽ നിങ്ങളിപ്പോൾ അതിന്‍റെ മറുവശമാണ് കാണുന്നത്. അത്കൊണ്ടാണ് ഇതിന് 'ടെസ്റ്റ്' എന്ന് പേര് നൽകിയതെന്ന് എനിക്ക് തോന്നുന്നു. മനശ്ശക്തിയും ആത്മസംയമനവുമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. ഇവിടെ പന്ത് കുത്തിത്തിരിയുന്നുവെന്നതാണ് പരാതി' -റിച്ചാർഡ്സ് കൂട്ടിച്ചേർത്തു.
'ഇന്ത്യയിലേക്ക് പോകുേമ്പാൾ, പ്രത്യേകിച്ച് ടെസ്റ്റ് മത്സരത്തിന്, ഒരുകാര്യം നിങ്ങളുടെ മനസിലുണ്ടാകണമായിരുന്നു. സ്പിൻമണ്ണിലേക്കാണ് നിങ്ങൾ പോകുന്നത്. ഇങ്ങനെ പരിതപിക്കുന്നതിന് പകരം നന്നായി ഒരുങ്ങിയിറങ്ങണമായിരുന്നു. അതുമല്ലെങ്കിൽ കഴിഞ്ഞ മത്സരം എത്ര വേഗത്തിലാണ് അവസാനിച്ചതെന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
മെേട്ടരയിൽ നടന്ന മൂന്നാം ടെസ്റ്റിൽ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. 2-1ന് പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന കോഹ്ലിപ്പട മാർച്ച് നാലിന് തുടങ്ങുന്ന നാലാം ടെസ്റ്റിൽ വിജയിച്ച് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.