കിവികളെ എറിഞ്ഞിട്ട് വെസ്റ്റിൻഡീസ് സൂപ്പർ എട്ടിൽ
text_fieldsടറൗബ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി തുടർച്ചയായ രണ്ടാം തോൽവി. വെസ്റ്റിൻഡീസാണ് 13 റൺസിന് കിവികളെ വീഴ്ത്തിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ കരീബിയൻ പട സൂപ്പർ എട്ടിൽ ഇടമുറപ്പിക്കുകയും ചെയ്തു.
ട്രിനിഡാഡ് ടറൗബയിലെ ബ്രയൻ ലാറ സ്റ്റേഡിയത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷർഫെയ്ൻ റഥർഫോഡിന്റെ ഒറ്റയാൾ പോരാട്ടം വെസ്റ്റിൻഡീസ് സ്കോർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149ലെത്തിച്ചു. എന്നാൽ, ന്യൂസിലാൻഡിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസിലൊതുങ്ങുകയായിരുന്നു.
വെസ്റ്റിൻഡീസ് നിരയിൽ 39 പന്ത് നേരിട്ട് ആറ് സിക്സും രണ്ട് ഫോറുമടക്കം 68 റൺസെടുത്ത് റഥർഫോഡ് പുറത്താകാതെ നിന്നപ്പോൾ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ബ്രൻഡൻ കിങ് (9), ജോൺസൻ ചാൾസ് (0), നിക്കൊളാസ് പുരാൻ (17), റോസ്റ്റൻ ചേസ് (0), റോവ്മാൻ പവൽ (1), അകീൽ ഹൊസൈൻ (15), ആന്ദ്രെ റസ്സൽ (14), റൊമാരിയോ ഷെപ്പേഡ് (13), അൾസാരി ജോസഫ് (6) എന്നിവരാണ് കുറഞ്ഞ സ്കോറിന് തിരിച്ചുകയറിയത്. ഗുതകേഷ് മോത്തീ റൺസൊന്നുമെടുക്കാതെ റഥർഫോഡിനൊപ്പം പുറത്താകാതെനിന്നു. ന്യൂസിലാൻഡ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ട്രെൻഡ് ബോൾട്ടാണ് തിളങ്ങിയത്. ടിം സൗത്തി, ലോക്കി ഫെർഗൂസൻ എന്നിവർ രണ്ട് വീതവും ജെയിംസ് നീഷം, മിച്ചൽ സാന്റ്നർ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
150 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനായി 33 പന്തിൽ 40 റൺസെടുത്ത് പുറത്തായ െഗ്ലൻ ഫിലിപ്സും ഫിൻ അലനും (26), മിച്ചൽ സാന്റ്നറും (12 പന്തിൽ പുറത്താകാതെ 21) മാത്രമാണ് പൊരുതി നോക്കിയത്. ഡെവോൺ കോൺവെ (5), രചിൻ രവീന്ദ്ര (10), കെയ്ൻ വില്യംസൺ (1), ഡാറിൽ മിച്ചൽ (12), ജെയിംസ് നീഷം (10), ടിം സൗത്തി (0), ട്രെന്റ് ബോൾട്ട് (7) എന്നിവർ വേഗത്തിൽ മടങ്ങുകയായിരുന്നു. നാല് വിക്കറ്റെടുത്ത അൾസാരി ജോസഫും മൂന്ന് വിക്കറ്റെടുത്ത ഗുതകേഷ് മോട്ടിയും ചേർന്നാണ് ന്യൂസിലാൻഡ് ബാറ്റർമാരെ ചുരുട്ടിക്കൂട്ടിയത്. അകീൽ ഹൊസൈൻ, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
ഗ്രൂപ്പ് ‘സി’യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച വെസ്റ്റിൻഡീസ് ആറ് പോയന്റുമായി സൂപ്പർ എട്ടിൽ ഇടമുറപ്പിച്ചപ്പോൾ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലാൻഡ് അഞ്ചാം സ്ഥാനത്താണ്. അവർക്ക് സൂപ്പർ എട്ടിലെത്താൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഉയർന്ന മാർജിനിൽ ജയിച്ചാൽ മാത്രം പോരാ, അഫ്ഗാനിസ്ഥാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോൽക്കുകയും വേണം. മറ്റു ടീമുകളുടെ ജയപരാജയങ്ങളും വിധി നിർണയിക്കും. രണ്ട് പോയന്റുമായി യുഗാണ്ട മൂന്നും പോയന്റൊന്നുമില്ലാതെ പാപ്വ ന്യൂ ഗിനിയ നാലും സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.