15.5 ഓവറിൽ അഞ്ചു റൺസ് വഴങ്ങി നാലു വിക്കറ്റ്, പത്ത് മെയ്ഡൻ; റെക്കോഡ് ബൗളിങ്ങുമായി വിൻഡീസ് പേസർ
text_fieldsകിങ്സ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് പേസർ ജെയ്ഡൻ സീൽസ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 15.5 ഓവർ പന്തെറിഞ്ഞ 23കാരൻ അഞ്ചു റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. 1978നുശേഷം പുരുഷ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇക്കണോമി റേറ്റാണ് താരം കൈവരിച്ചത്. 0.30 ആണ് ഇക്കണോമി.
ഇന്ത്യൻ പേസർ ഉമേഷ് യാദവിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 2015ൽ ഉമേഷ് ഒമ്പത് റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തിരുന്നു, ഇക്കണോമി 0.42. സീൽസ് എറിഞ്ഞ 16 ഓവറിൽ പത്തും മെയ്ഡനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ഇക്കണോമിയാണ് വിൻഡീസ് താരം കരസ്ഥമാക്കിയത്. ഇന്ത്യയുടെ ബാപു നഡ്കർണി 1964ൽ ഇംഗ്ലണ്ടിനെതിരെ കൈവരിച്ച 0.15 ആണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഇക്കണോമി റേറ്റ്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 32 ഓവറിൽ അഞ്ചു റൺസ് മാത്രമാണ് ബാപു അന്ന് വിട്ടുകൊടുത്തത്. ഇതിൽ 27 ഓവറും മെയ്ഡനാണ്.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആതിഥേയരുടെ തകർപ്പൻ ബൗളിങ്ങിനു മുന്നിൽ ബംഗ്ലാ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 71.5 ഓവറിൽ 164 റൺസിന് സന്ദർശകർ പുറത്തായി. ഷദ്മൻ ഇസ്ലാം (137 പന്തിൽ 64 റൺസ്), മെഹ്ദി ഹസൻ മിറാസ് (75 പന്തിൽ 36 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
വിൻഡീസിനായി സീൽസിന്‍റെ നാലു വിക്കറ്റിനു പുറമെ, ഷാമർ ജോസഫ് മൂന്നും കെമർ റോച്ച് രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിൻഡീസ് രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ 37 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തിട്ടുണ്ട്. നായകൻ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (115 പന്തിൽ 33 റൺസ്), കീസി കാർറ്റി (60 പന്തിൽ 19) എന്നിവരാണ് ക്രീസിൽ. 47 പന്തിൽ 12 റൺസെടുത്ത മൈക്കിൾ ലൂയിസിന്‍റെ വിക്കറ്റാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.