ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടത് 30 റൺസ്; ശേഷം സംഭവിച്ചത്....
text_fieldsബ്രിഡ്ജ്ടൗൺ: ഇംഗ്ലണ്ടുയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 15.1ഓവറിൽ എട്ടിന് 95 റൺസെന്ന നിലയിലായിരുന്നു. റൊമാരിയോ ഷെപ്പേഡിനൊപ്പം അകീൽ ഹുസൈൻ ചേരുമ്പോൾ മത്സരം അവസാന ഓവറിലേക്ക് നീളുമെന്ന് കരീബിയക്കാർ പോലും കരുതിയിട്ടുണ്ടാകില്ല. എന്നാൽ അപ്രവചനീയതയാണെല്ലോ ട്വന്റി20 ക്രിക്കറ്റിന്റെ മാറ്റ് കൂട്ടുന്നത്.
ഷെപ്പേഡും ഹുസൈനും ചേർന്ന് ആഞ്ഞടിച്ചതോടെ അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ 30 റൺസ്. അവസാന മൂന്നോവറിൽ കണിശതയോടെ പന്തെറിഞ്ഞ സാഖിബ് മഹ്മൂദിനെ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ പന്തേൽപിച്ചു.
ആദ്യ പന്ത് മഹ്മൂദ് വൈഡ് എറിഞ്ഞു. രണ്ടാമത്തെ പന്ത് വൈഡ് എന്ന് തോന്നിപ്പിച്ചെങ്കിലും അമ്പയർ മറിച്ചാണ് ചിന്തിച്ചത്. ഓഫ്സൈഡിൽ ഹുസൈന് പന്ത് അടിക്കാൻ കിട്ടാത്ത രീതിയിൽ എറിയാനായിരുന്നു മഹ്മൂദിന്റെ പദ്ധതി. ഇത് മനസിലാക്കി ഓഫിലേക്ക് കയറിനിന്ന് ആഞ്ഞടിച്ച് ഹുസൈൻ രണ്ട് ബൗണ്ടറി നേടി. മൂന്ന് പന്തിൽ ജയിക്കാൻ 21 റൺസ്.
മൂന്നും സിക്സ് അടിച്ചാലും ജയിക്കാൻ പറ്റാത്ത അവസ്ഥ. ഇംഗ്ലീഷ് ബൗളർ എക്സ്ട്രാ നൽകാൻ വിൻഡീസ് പ്രാർഥിച്ചു. നാലാമത്തെ പന്ത് വൈഡായി. അവസാന മൂന്നുബോളിൽ ജയിക്കാൻ 20 റൺസ്. ഹാട്രിക് സിക്സ് അടിച്ച് ഹുസൈൻ ഏവരുടെയും മനംകവർന്നെങ്കിലും ജയം ഇംഗ്ലണ്ടിനോടൊപ്പം നിന്നു. ഹുസൈൻ 16 പന്തിൽ 44 റൺസുമായും ഷെപ്പേഡ് 28 പന്തിൽ 44 റൺസുമായും പുറത്താകാതെ നിന്നു.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. മൂന്നാം ട്വന്റി20 ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.