സഞ്ജു കളിക്കും; കോഹ്ലിക്കും രോഹിത്തിനും വിശ്രമം; ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
text_fieldsബാർബഡോസ്: വെസ്റ്റീൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. നായകൻ രോഹിത്ത് ശർമക്കും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും.
ആദ്യ ഏകദിനം കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളാണ് വരുത്തിയത്. അക്സർ പട്ടേലും പ്ലെയിങ് ഇലവനിൽ ഇടംനേടി. ടോസ് നേടിയ വെസ്റ്റീൻഡീസ് നായകൻ ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഏകദിനത്തിൽ എളുപ്പത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ഇന്ന് പരമ്പര ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ബ്രിജ്ടൗണിലാണ് സമയം. ഒന്നാം ഏകദിനത്തിൽ 114 റൺസിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യ, 22.5 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു.
എന്നാൽ, അഞ്ചു വിക്കറ്റുകൾ നഷ്ടമായത് ക്യാപ്റ്റൻ രോഹിത് ശർമക്കും കോച്ച് രാഹുൽ ദ്രാവിഡിനും തലവേദനയാണ്. ശുഭ്മൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ശർദുൽ ഠാകുറും എളുപ്പത്തിൽ പുറത്തായിരുന്നു. ഓപണർ ഇഷാൻ കിഷൻ 52 റൺസുമായി ടോപ്സ്കോററായി.
മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാതെയാണ് ആദ്യ ഏകദിനത്തിൽ രോഹിത് ശർമ ടീമിനെ ഇറക്കിയത്. ഇഷാൻ കിഷനോ സൂര്യകുമാർ യാദവിനോ പകരം സഞ്ജുവിനെ കളിപ്പിക്കാമായിരുന്നുവെന്ന വിമർശനമാണ് ആരാധകർക്കുള്ളത്. എല്ലാവർക്കും അവസരം നൽകാൻ ആഗ്രഹമുണ്ടെന്നാണ് കഴിഞ്ഞ ഏകദിനത്തിനുശേഷം ക്യാപ്റ്റൻ പ്രതികരിച്ചത്.
ഒക്‌ടോബർ എട്ടിന് ആസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിനു മുമ്പ് 11 മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. എന്നാൽ, ഒരു വിജയ ഇലവനെ വാർത്തെടുക്കുന്നതിൽ ടീം മാനേജ്മെന്റ് പരാജയപ്പെട്ടെന്ന വിമർശനവും വ്യാപകമാണ്. എല്ലാവർക്കും അവസരം നൽകാതെ, മികച്ച കോമ്പിനേഷൻ വളർത്തിയെടുക്കാൻ ടീം തയാറായിട്ടില്ല. കഴിഞ്ഞ കളിയിൽ രോഹിത് ഏഴാമനായാണ് ഇറങ്ങിയത്. വിരാട് കോഹ്‍ലിയെ എട്ടാമനായാണ് കണക്കാക്കിയത്. സൂര്യകുമാർ യാദവ് 19 റൺസെടുത്തെങ്കിലും ആരാധകർ തൃപ്തരല്ല.
ലോകകപ്പിന് യോഗ്യത നേടാത്ത വിൻഡീസിന് ഏകദിന ശൈലിയിൽ കളിക്കാനാകുന്നില്ലെന്നാണ് ആദ്യ മത്സരത്തിൽ വ്യക്തമായത്. ട്വന്റി20 പോലെ പെട്ടെന്ന് റൺസ് അടിച്ചുകൂട്ടാനായിരുന്നു ബാറ്റർമാരുടെ ശ്രമം. മാൽക്കം മാർഷലിന്റെയും ജോയൽ ഗാർണറുടെയും പഴയകാല തീപാറും പിച്ചല്ല കെൻസിങ്ടൺ ഓവലിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.