പവർ പ്ലേയിൽ റെക്കോഡിട്ട് വെസ്റ്റിൻഡീസ്; അഫ്ഗാനെതിരെ 104 റൺസിന്റെ വമ്പൻ ജയം
text_fieldsസെൻറ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ റെക്കോഡിട്ട് വെസ്റ്റ്ഇൻഡീസ്. ലോകകപ്പിലെ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ടീമായി വെസ്റ്റ്ഇൻഡീസ് മാറി. ആറ് ഓവറിൽ 92 റൺസ് നേടിയാണ് വെസ്റ്റിൻഡീസ് നേട്ടം കുറിച്ചത്. മത്സരത്തിൽ അഫ്ഗാനെതിരെ 104 റൺസിന്റെ വമ്പൻ ജയം വെസ്റ്റിൻഡീസ് നേടുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കുകയായിരുന്നു. 98 റൺസെടുത്ത നിക്കോളാസ് പുരാനായിരുന്നു വിൻഡീസ് ബാറ്റിങ് നിരയുടെ നെടുംതൂൺ. മത്സരത്തിലെ ഒരോവറിൽ അഫ്ഗാൻ ബൗളർ ഒമർസായി 36 റൺസ് വഴങ്ങുകയും ചെയ്തു.
ഇതിൽ 26 റൺസ് പുരാൻ ബാറ്റ് ചെയ്ത് നേടിയപ്പോൾ അഞ്ച് വൈഡും നാല് ലെഗ്ബൈയും ഒരു നോബാളും അഫ്ഗാൻ ദാനമായി നൽകി. അസ്മാത്തുള്ള ഒമർസായി എറിഞ്ഞ നാലാം ഓവറിലായിരുന്നു വെസ്റ്റ്ഇൻഡീസ് 36 റൺസ് അടിച്ചെടുത്തത്. ആദ്യ പന്തിൽ ആറ് റൺസ് വഴങ്ങി സമ്മർദത്തിലായതോടെ ഒമർസായിക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 16.2 ഓവറിൽ 114 റൺസിന് പുറത്തായി. 38 റൺസെടുത്ത ഇബ്രാഹിം സർദാനൊഴികെ മറ്റാർക്കും അഫ്ഗാൻ നിരയിൽ തിളങ്ങാനായില്ല. മൂന്ന് വിക്കറ്റെടുത്ത മക്കോയിയും രണ്ട് വിക്കറ്റ് വീതം നേടിയ അകേൽ ഹുസെനും ഗുഡകേഷ് മോട്ടിയുമാണ് അഫ്ഗാൻ ബാറ്റിങ്നിരയെ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.