രക്ഷകനായി സൂര്യകുമാർ, നിരാശപ്പെടുത്തി സഞ്ജു; വിൻഡീസിന് ജയിക്കാൻ 166
text_fieldsലോഡർഹിൽ (യു.എസ്): ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ വെസ്റ്റിൻഡീസിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഒമ്പതു വിക്കറ്റിനാണ് 165ലെത്തിയത്. നാലു ഫോറും മൂന്നു സിക്സുമടക്കം 45 പന്തിൽ 61 റൺസടിച്ച് സൂര്യകുമാർ യാദവ് ടോപ് സ്കോററായി. തിലക് വർമ 18 പന്തിൽ 27 റൺസ് നേടി. ഒമ്പതു പന്തിൽ 13 റൺസായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ സംഭാവന. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് നാലു വിക്കറ്റെടുത്തു.
ആദ്യ മൂന്ന് ഓവറിനുള്ളിൽത്തന്നെ ഇന്ത്യൻ ഓപണർമാർ കൂടാരം കയറുന്നതാണ് കണ്ടത്. അകീൽ ഹുസൈൻ എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ യശസ്വി ജയ്സ്വാളിനെ (നാലു പന്തിൽ അഞ്ച്) ബൗളർ തന്നെ പിടിച്ചു. മൂന്നാം ഓവറിൽ ശുഭ്മൻ ഗില്ലിനെ (ഒമ്പതു പന്തിൽ ഒമ്പത്) ഹുസൈൻ വിക്കറ്റിനു മുന്നിലും കുരുക്കി. 17ൽ രണ്ടാം വിക്കറ്റ് വീണ ടീമിനെ തിലക് വർമയും സൂര്യകുമാറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും കരീബിയൻ ബൗളർമാരെ കൈകാര്യം ചെയ്തതോടെ സ്കോർ ഉയർന്നു. എട്ടാം ഓവർ അവസാനിക്കാനിരിക്കെ തിലകിനെ റോസ്റ്റൻ ചേസ് സ്വന്തം പന്തിൽ പിടിച്ചു. സ്കോർ മൂന്നിന് 66.
അൽസാരി ജോസഫ് എറിഞ്ഞ ഒമ്പതാം ഓവറിൽ രണ്ടു ബൗണ്ടറിയടിച്ച് സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും കൂടുതൽ പിടിച്ചുനിന്നില്ല. 10 ഓവറിൽ ഇന്ത്യ 86 റൺസാണ് നേടിയത്. ഷെപ്പേർഡ് എറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്തിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ പിടിച്ചു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ തപ്പിത്തടയുന്നതാണ് തുടർന്ന് കണ്ടത്. ഇടക്ക് സൂര്യയും പതുക്കെയായെങ്കിലും താമസിയാതെ താളം വീണ്ടെടുത്തു. 15 ഓവർ തീരുമ്പോൾ നാലിന് 112. നേരിട്ട 38ാം പന്തിൽ അൽസാരിയെ സിക്സറടിച്ച് സൂര്യ അർധശതകം പിന്നിട്ടു. 16ാം ഓവർ തീരുംമുമ്പേ മഴയെത്തി. കുറച്ചു സമയത്തിനുശേഷം കളി പുനരാരംഭിച്ചതിനു പിന്നാലെ പാണ്ഡ്യക്ക് മടക്കം. 17ാം ഓവറിലെ ആദ്യ പന്തിൽ ഷെപ്പേർഡിനെ സിക്സറടിച്ച പാണ്ഡ്യ (18 പന്തിൽ 14) തൊട്ടടുത്ത ഡെലിവറിയിൽ ജേസൻ ഹോൾഡറിന്റെ കൈകളിലേക്ക്. 130ലാണ് അഞ്ചാം വിക്കറ്റ് വീണത്.
18ാം ഓവറിൽ സൂര്യക്കും മടക്കം. തന്നെ ബൗണ്ടറി കടത്തിയതിന്റെ തൊട്ടടുത്ത പന്തിൽ ഹോൾഡർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. 140ൽ ആറാമനെ നഷ്ടമായ ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതിനിടെ അർഷ്ദീപ് സിങ് (നാലു പന്തിൽ എട്ട്) ഷെപ്പേർഡിന് മുന്നിൽ ബൗൾഡായി. സിക്സറടിച്ചതിന് പിന്നാലെയായിരുന്നു വീഴ്ച. 19ാം ഓവറിലെ നാലാം പന്തിൽ അർഷ്ദീപിനെ പുറത്താക്കിയ ഷെപ്പേർഡ് തൊട്ടടുത്തതിൽ കുൽദീപ് യാദവിനെ (0) എൽ.ബി.ഡബ്ല്യുവിൽ പുറത്താക്കി ഹാട്രിക്കിനരികിലെത്തി. 20ാം ഓവറിലെ നാലു പന്തുകൾ പൂർത്തിയായപ്പോൾ വീണ്ടും മഴ. വൈകാതെ കളി വീണ്ടും തുടങ്ങി. അഞ്ചാം പന്തിൽ അക്സറിനെ (10 പന്തിൽ 13) ഷെപ്പേർഡിനെ ഏൽപിച്ചു ഹോൾഡർ. ഒരു പന്തിൽ നാലു റൺസുമായി മുകേഷ് കുമാർ പുറത്താവാതെ നിന്നു. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് ഷെപ്പേർഡ് നാലു വിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.