ട്വന്റി20 ലോകകപ്പിനു മുമ്പുള്ള പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി
text_fieldsപെർത്ത്: ട്വന്റി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശീലന മത്സരത്തിനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഞെട്ടിക്കുന്ന തോൽവി. വെസ്റ്റേൺ ആസ്ട്രേലിയ ടീമാണ് 36 റൺസിന് ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റേൺ ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തപ്പോൾ ഇന്ത്യൻ ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
55 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സുമടക്കം 74 റൺസെടുത്ത കെ.എൽ. രാഹുൽ ഒഴികെ ഒരാൾ പോലും ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങിയില്ല. രാഹുലിനൊപ്പം ഓപണിങ്ങിനിറങ്ങിയ ഋഷഭ് പന്ത് (11 പന്തിൽ ഒമ്പത്) ഒരിക്കൽകൂടി വൻ പരാജയമായി. ദീപക് ഹൂഡ (ഒമ്പതു പന്തിൽ ആറ്), ഹാർദിക് പാണ്ഡ്യ (ഒമ്പതു പന്തിൽ രണ്ടു സിക്സടക്കം 17), അക്സർ പട്ടേൽ (ഏഴു പന്തിൽ രണ്ട്), ദിനേഷ് കാർത്തിക് (14 പന്തിൽ 10), ഹർഷൽ പട്ടേൽ (10 പന്തിൽ രണ്ട്), ഭുവനേശ്വർ കുമാർ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. രണ്ടു റൺസുമായി രവിചന്ദ്രൻ അശ്വിൻ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ബാറ്റിങ്ങിനിറങ്ങിയില്ല.
നേരത്തേ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്കാർക്ക് ആർസി ഷോർട്ടും (38 പന്തിൽ 52), നിക്ക് ഹോബ്സണും (41പന്തിൽ 64) നേടിയ അർധസെഞ്ച്വറികളാണ് കരുത്തുപകർന്നത്. ഒരു ഘട്ടത്തിൽ 14.2 ഓവറിൽ ഒരു വിക്കറ്റിന് 125 റൺസെന്ന ശക്തമായ നിലയിലായിരുന്ന വെസ്റ്റേൺ ആസ്ട്രേലിയയെ നാലോവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത അശ്വിനും 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും ചേർന്നാണ് 168 ൽ ഒതുക്കിയത്. അർഷ്ദീപ് സിങ് 25 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.