'എജ്ജാതി ഓവർ'; കാർത്തിക് ത്യാഗിയെ പുകഴ്ത്തി സ്റ്റെയ്നും ബുംറയും
text_fieldsദുബൈ: അവിസ്മരണീയമായ പ്രകടനവുമായി പഞ്ചാബ് കിങ്സിൽ നിന്നും ജയം കൊത്തിയെടുത്ത രാജസ്ഥാൻ റോയൽസിന്‍റെ കാർത്തിക് ത്യാഗിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. താരത്തിന് അഭിനന്ദനവുമായി ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും രംഗത്തെത്തി.
'റൺ പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച അവസാന ഓവറാണിത്'' -സ്റ്റെയിൻ ട്വീറ്റ് ചെയ്തു.
''എന്തൊരു ഓവറാണ് കാർത്തിക് ത്യാഗി. ഇത്രയും സമ്മർദത്തിനിടയിൽ കൂളായി വിജയകരമായി പണി പൂർത്തിയാക്കിയിരിക്കുന്നു. മഹത്തരം. വളരെ ആകർഷകം'' -ബുംറ ട്വീറ്റ് ചെയ്തു.
അനായാസ ചേസിങ്ങുമായി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന പഞ്ചാബ് കിങ്സിനെ രാജസ്ഥാൻ നാടകീയമായി വീഴ്ത്തുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ നാലു റൺസ് മാത്രം വേണ്ടിയിരിക്കെയാണ് പഞ്ചാബ് തോൽവി ചോദിച്ചുവാങ്ങിയത്. കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ പിറന്നത് ഒരു റൺ മാത്രം. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ് പുരാൻ, ദീപക് ഹൂഡ എന്നീ വൻതോക്കുകളെയാണ് ത്യാഗി പുറത്താക്കിയത്. ആദ്യ മൂന്നോവറിൽ 28 റൺസ് വഴങ്ങിയതിന് ശേഷമാണ് നാലാംഓവറിൽ ത്യാഗി ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ് ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന് 183 റൺസിനാണ് പഞ്ചാബ് പോരാട്ടം അവസാനിച്ചത്. മായങ്ക് അഗർവാളും (43 പന്തിൽ 67) ക്യാപ്റ്റൻ ലോകേഷ് രാഹുലും (33 പന്തിൽ 49) മികച്ച അടിത്തറയിടുകയും പിന്നീടെത്തിയ എയ്ഡൻ മർക്രമും (20 പന്തിൽ 26 നോട്ടൗട്ട്) നികോളാസ് പൂരാനും (22 പന്തിൽ 32) മികച്ച കളി കെട്ടഴിക്കുകയും ചെയ്തതോടെയാണ് പഞ്ചാബ് വിജയത്തിനടുത്തെത്തിയത്. എന്നാൽ, ത്യാഗിയുടെ അവസാന ഓവറിൽ രാജസ്ഥാൻ കളി പിടിക്കുകയായിരുന്നു.
നേരത്തേ, മികച്ച തുടക്കത്തിലൂടെ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ പഞ്ചാബിെൻറ ഇടങ്കയ്യൻ പേസർ അർശ്ദീപ് സിങ്ങാണ് അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ 200നു താഴെ പിടിച്ചുനിർത്തിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാളും (36 പന്തിൽ 49) മഹിപാൽ ലോംറോറും (17 പന്തിൽ 43) ആണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൺ (17 പന്തിൽ 25) എന്നിവരും തിളങ്ങി.
ക്യാപ്റ്റൻ സഞ്ജു സാംസൺ (4), റ്യാൻ പരാഗ് (4) രാഹുൽ തെവാതിയ (2), ക്രിസ് മോറിസ് (5) തുടങ്ങിയവർക്ക് തിളങ്ങാനായില്ല. ലൂയിസും ജയ്സ്വാളും ചേർന്ന് ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. ശരവേഗത്തിൽ അഞ്ചു ഓവറിൽ 50 കടന്നയുടൻ പക്ഷേ ലൂയിസ് വീണു. സഞ്ജു പെട്ടെന്ന് പുറത്തായെങ്കിലും ജയസ്വാളും ലിവിങ്സ്റ്റോണും ചേർന്ന് സ്കോറിങ് അതിവേഗം തുടർന്നു. ലിവിങ്സ്റ്റോൺ മടങ്ങിയ ശേഷമെത്തിയ ലോംറോർ അടിച്ചുതകർത്തപ്പോൾ സ്കോർ ദ്രുതഗതിയിൽ ചലിച്ചു. ഒടുവിൽ അർശ്ദീപും ഷമിയും ചേർന്ന് രാജസ്ഥാെൻറ സ്കോറിന് ഒരുവിധം കടിഞ്ഞാണിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.