ലങ്കക്ക് ഇതെന്തുപറ്റി?
text_fieldsകൊളംബോ: കളിയഴകിലും താര പ്രതിഭയിലും നീണ്ടകാലം ലോകം ജയിച്ചാണ് ശ്രീലങ്കൻ ക്രിക്കറ്റ് സ്വന്തം വിലാസം ഉയരെ നിർത്തിയിരുന്നത്. ഓരോ കളിയിലും പുതിയ വിസ്മയങ്ങളൊരുക്കിയ അപൂർവ പ്രതിഭകളുടെ സ്വന്തം നാട്. അർജുന രണതുംഗെ, അരവിന്ദ ഡിസിൽവ, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ തുടങ്ങി ബാറ്റുകൊണ്ടും പന്തുകൊണ്ടും അപൂർവ ചാരുത തീർത്തവർ. ഏതുയുദ്ധം കൊടുമ്പിരി കൊണ്ടപ്പോഴും എല്ലാറ്റിനെയും ജയിച്ച് പിടിച്ചുനിന്നവർ.
പക്ഷേ, സമീപകാലത്ത് ക്രിക്കറ്റ് നിർത്തിയ മട്ടാണ് ലങ്കൻ മണ്ണ്. ടെസ്റ്റിലും ഏകദിനത്തിലും മുതൽ ട്വന്റി20യിൽ വരെ ടീം എവിടെയുമില്ലാതെ പതറുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യക്കെതിരായ കുട്ടിക്രിക്കറ്റിൽ അതിദയനീയമായാണ് രോഹിത് സംഘത്തിനു മുന്നിൽ ലങ്ക തകർന്നടിഞ്ഞത്. സുരംഗ ലക്മൽ, ദിമുത് കരുണരത്നെ, ദിനേഷ് ചാണ്ഡിമൽ, അഞ്ചലോ മാത്യൂസ് തുടങ്ങി പരിചയസമ്പന്നരുടെ നിര തന്നെയുണ്ടായിട്ടും പൊരുതിനിൽക്കാൻ ടീം ശരിക്കും പാടുപെട്ടു. ശ്രദ്ധേയമായ പ്രകടനവുമായി ഒരാൾ പോലും പരമ്പരയുടെ താരമായതുമില്ല. ഇന്ത്യയോടു മാത്രമല്ല, സമീപ കാലത്ത് ലങ്ക കളിച്ച പരമ്പരകളിലും ടൂർണമെന്റുകളിലും ഉടനീളം സമാനമായ പ്രകടനമായിരുന്നു കണ്ടത്.
അടുത്തിടെ, ലങ്കൻ ക്രിക്കറ്റിൽ വിരമിക്കൽ പ്രഖ്യാപനവും ഏറെ കണ്ടിരുന്നു. അതേ തുടർന്ന്, രാജി വിലക്കുമായി അധികൃതർ രംഗത്തെത്തുന്നതും കണ്ടു. ക്യാപ്റ്റൻമാർ മുതൽ കളിക്കാർ വരെ മാറിമാറി വരുന്നതാണ് ദ്വീപു രാഷ്ട്രത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഏഴു തവണയാണ് ടീം ക്യാപ്റ്റൻമാർ മാറിമാറിവന്നത്. ഇത് സ്വാഭാവികമായും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.