ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?
text_fieldsകൊൽക്കത്ത: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനെട്ടാം പതിപ്പിന് ശനിയാഴ്ച കൊൽക്കത്തയിൽ തുടക്കമാകുകയാണ്. പുതു നിയമങ്ങളും നവ നായകരുമായി ഇളമുറയുടെ ആഘോഷം കുറിച്ച് കൊൽക്കത്ത ഈഡൻ ഗാർഡൻസ് മൈതാനത്ത് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
ശ്രേയ ഘോഷാലും കരൺ ഓജ്ലയുമടക്കം താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിലും തുടർന്നും മഴയുണ്ടായേക്കുമെന്ന ആശങ്ക മാനത്ത് നിറഞ്ഞുനിൽക്കുന്നതിനാൽ കളി നടക്കാനും നടക്കാതിരിക്കാനും തുല്യ സാധ്യത. കഴിഞ്ഞ ദിവസം ഇരുടീമുകളും പരിശീലനത്തിനിറങ്ങിയെങ്കിലും മഴ മൂലം നേരത്തെ മടങ്ങേണ്ടിവന്നിരുന്നു. വൈകിട്ട് ആറ് മണിക്ക് തുടങ്ങാനിരിക്കുന്ന ഓപണിങ് സെറിമണിതന്നെ മഴയിൽ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്.
കൊൽക്കത്ത ഉൾപ്പെടെയുള്ള മേഖലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് മഴമൂലം മത്സരം ഉപേക്ഷിച്ചാൽ എന്താകും അനന്തര നടപടിയെന്ന് ആരാധകർ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. പ്ലേഓഫും ഫൈനലും പോലെ ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങൾക്ക് റിസർവ് ദിനമില്ല. എന്നാൽ നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ വരെ വൈകി മത്സരം അവസാനിപ്പിക്കാവുന്ന വിധത്തിൽ കളിക്കാനാകും.
കുറഞ്ഞത് അഞ്ചോവർ വീതം ഓരോ ടീമിനും കളിക്കാനായാൽ മാത്രമേ മത്സരത്തിന് ഫലമുണ്ടാകൂ. പരമാവധി രാത്രി 10:56നുള്ളിൽ കളി തുടങ്ങിയിരിക്കണം. അർധരാത്രി 12:06നുള്ളിൽ അവസാനിപ്പിക്കാനുമാകണം. മഴമൂലം നഷ്ടപ്പെടുന്ന സമയത്തിന് ആനുപാതികമായി ഓവർ വെട്ടിച്ചുരുക്കും. ഒരു ടീമിന് മിനിമം അഞ്ചോവർ പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം വീതിച്ചുനൽകും.
കൊൽക്കത്ത സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം രാജ്യത്തെ മറ്റുപല സ്റ്റേഡിയങ്ങളിലേതിനേക്കാൾ മികച്ചതാണ്. രാവിലെ മഴ പെയ്താലും വൈകിട്ടത്തേക്ക് പിച്ചും ഔട്ട്ഫീൽഡും ഉണക്കിയെടുത്താനാകും. ടോസിന് രണ്ട് മണിക്കൂർ മുമ്പ് മഴ നിന്നാലും ഗ്രൗണ്ടിലെ വെള്ളം വറ്റിക്കാനുള്ള സംവിധാനമുണ്ട്. രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിനു മുന്നോടിയായി ഏഴ് മണിക്ക് ടോസിടും. പ്രൗഢമായ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഇന്ന് മുഖാമുഖം വരുമ്പോൾ തീർച്ചയായും പോര് കനക്കും.
17 സീസണുകളിൽ മൂന്നുതവണ ചാമ്പ്യന്മാരാണ് കൊൽക്കത്തയെങ്കിലും ഒരിക്കലെങ്കിലും മാറോടു ചേർക്കാനുള്ള മോഹം ഇനിയും സഫലമാക്കാനാകാത്തവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. രഹാനെക്കു കീഴിൽ വരുൺ ചക്രവർത്തിയെന്ന ചാട്ടുളിയെ ഇറക്കിയാണ് കൊൽക്കത്ത മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതെങ്കിൽ കോഹ്ലിക്കൊപ്പം ഫിൽ സാൾട്ട് കൂടി അണിനിരക്കുന്നതാണ് ബംഗളൂരു നിര. ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൺ എന്നിവർകൂടി കോഹ്ലിക്ക് കൂട്ടായുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.