പത്തൊമ്പതാം ഓവറിൽ എന്താണ് സംഭവിക്കുന്നത്? ഇന്ത്യൻ ബൗളർമാരോട് ചോദ്യവുമായി ആരാധകർ
text_fieldsട്വന്റി 20 മത്സരങ്ങളിലെ 19ാം ഓവറിൽ ഇന്ത്യൻ ബൗളർമാർക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യവുമായി ആരാധകർ. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഈ ഓവർ എറിയാൻ അവസരം ലഭിച്ചവർ എതിർ ടീമിന് 'സമ്മാനിക്കുന്ന' റൺസ് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ പത്തൊമ്പതാം ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത അർഷ്ദീപ് സിങ് രണ്ടാം മത്സരത്തിൽ 26 റൺസാണ് നൽകിയത്.
ആസ്ട്രേലിയക്കെതിരെ ഈയിടെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഡെത്ത് ഓവർ സ്‍പെഷലിസ്റ്റ് ജസ്പ്രീത് ബുംറ വിട്ടുകൊടുത്തത് 18 റൺസാണ്. പത്തൊമ്പതാം ഓവറിൽ ഏറ്റവും തല്ലുവാങ്ങിയയാൾ ഭുവനേശ്വർ കുമാറാണ്. അടുത്തിടെ ആസ്ട്രേലിയക്കെതിരെ 16, ശ്രീലങ്കക്കെതിരെ 14, പാകിസ്താനെതിരെ രണ്ട് മത്സരങ്ങളിൽ 19, 12 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ 'സംഭാവന'. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. ഡെത്ത് ഓവറുകളിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിങ്ങാണ് ഇന്ത്യയുടെ പ്രശ്നമെന്നായിരുന്നു ഗവാസ്കറിന്റെ ആരോപണം.
ഹോങ്കോങ്ങിനെതിരെ ഒരുതവണ പത്തൊമ്പതാം ഓവർ എറിയാൻ അവസരം ലഭിച്ച ആവേശ് ഖാൻ 21 റൺസാണ് വിട്ടുകൊടുത്തത്. സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.