‘ഇത്തരം അസംബന്ധം പറയുന്നതിന് മുമ്പ് ഇൻസമാം എന്താണ് കുടിക്കുന്നത്?’; മതംമാറ്റ പരാമർശത്തിൽ പ്രതികരണവുമായി ഹർഭജൻ സിങ്
text_fieldsലോകകപ്പിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തിനും ആരോപണങ്ങൾക്കും പിന്നാലെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ച മുൻ ക്യാപ്റ്റൻ കൂടിയായ ഇൻസമാമുൽ ഹഖ് വീണ്ടും വിവാദക്കുരുക്കിൽ. ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെട്ട ഇൻസമാമുൽ ഹഖിന്റെ പഴയ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇന്ത്യ പാകിസ്താനിൽ പര്യടനത്തിനെത്തിയപ്പോൾ ആത്മീയ പ്രഭാഷകൻ മൗലാന താരിഖ് ജമീലിന്റെ അടുത്തേക്ക് ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവരെ ക്ഷണിച്ചെന്നും ഹർഭജൻ സിങ്ങും ഇവർക്കൊപ്പം എത്തിയെന്നും പ്രഭാഷണത്തിൽ ആകൃഷ്ടനായ ഹർഭജൻ മതപരിവർത്തനത്തിന് ആഗ്രഹം പ്രകടിപ്പിച്ചെന്നുമായിരുന്നു ഇൻസമാം വിഡിയോയിൽ വെളിപ്പെടുത്തിയത്.
‘മൗലാന താരിഖ് ജമീൽ എല്ലാ ദിവസവും ഞങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. നമസ്കാരത്തിനായി ഞങ്ങൾക്കൊരു പ്രത്യേക മുറിയുണ്ടായിരുന്നു. നമസ്കാരത്തിന് ശേഷം അവിടെവെച്ച് അദ്ദേഹം ഞങ്ങളുമായി സംസാരിക്കും. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഞങ്ങൾ ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവരെ ക്ഷണിച്ചു. ഇവർക്കൊപ്പം രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങൾ കൂടിയെത്തി. അവർ മൗലാനയുടെ പ്രസംഗം കേട്ടിരുന്നു. അദ്ദേഹം പറയുന്നത് അനുസരിക്കണമെന്ന് തന്റെ ഹൃദയം പറയുന്നതായി ഹർഭജൻ എന്നോട് പറഞ്ഞു. അപ്പോൾ അദ്ദേഹത്തെ പിന്തുടരാൻ ഞാൻ പറഞ്ഞു.
എന്താണ് നിങ്ങളെ അതിൽനിന്ന് തടയുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ നിങ്ങളെ കാണുന്നതിനാലാണ് നിർത്തിയതെന്നും നിങ്ങളുടെ ജീവിതം അദ്ദേഹം പറയുന്ന പോലെയല്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. അതിനാൽ, നമ്മുടെ മതം പിന്തുടരാത്തത് നമ്മളാണ്. നാം കുറ്റപ്പെടുത്തലിന് അർഹരാണ്’, എന്നിങ്ങനെയായിരുന്നു ഇൻസമാം വിഡിയോയിൽ പറയുന്നത്.
ഇതിനെതിരെ രൂക്ഷ ഭാഷയിൽ രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ. ‘ഇത്തരം അസംബന്ധം പറയുന്നതിന് മുമ്പ് അദ്ദേഹം എന്താണ് കുടിക്കുന്നത്?. ഞാൻ അഭിമാനിയായ ഒരു ഇന്ത്യക്കാരനും അഭിമാനിയായ ഒരു സിഖുകാരനുമാണ്’, ഹർഭജൻ എക്സിൽ കുറിച്ചു. ഇൻസമാമിന്റെ വിഡിയോ പങ്കുവെച്ചായിരുന്നു ഹർഭജന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.