‘ആ കുറിപ്പിലെ രഹസ്യം എന്തായിരുന്നു?’; ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലാൻഡ്സ് ടീമിനോട് ചോദ്യവുമായി ആരാധകർ
text_fieldsധർമശാല (ഹിമാചൽ പ്രദേശ്): ലോകകപ്പിൽ അഫ്ഗാനിസ്താൻ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അമ്പരപ്പിച്ചിരിക്കുകയാണ് നെതർലാൻഡ്സ്. തുടക്കത്തിലെ തകർച്ചക്ക് ശേഷം ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് പുറത്താവാതെ നേടിയ 78 റൺസിന്റെ ബലത്തിൽ 43 ഓവറിൽ എട്ടിന് 245 റൺസിലെത്തിയ നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ 207 റൺസിന് പുറത്താക്കുകയായിരുന്നു. 38 റൺസിന് ഡച്ചുകാർ വിജയിച്ച മത്സരത്തിൽ അവരുടെ വിജയ രഹസ്യം തേടിയിറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
മത്സരത്തിനിടെ നെതർലാൻഡ്സ് താരങ്ങൾ ഇടക്കിടെ ഒരു കുറിപ്പ് നോക്കുന്നത് ആരാധകരിൽ കൗതുകമുണ്ടാക്കിയിരുന്നു. മത്സരത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളായിരുന്നു ഇതിൽ. പരിശീലകൻ നൽകുന്ന ഈ കുറിപ്പിലെ നിർദേശങ്ങൾ താരങ്ങൾ കളത്തിൽ അപ്പടി നടപ്പാക്കുകയായിരുന്നെന്നും ദക്ഷിണാഫ്രിക്കയെ വീഴ്ത്തുന്നതിൽ ഈ കുറിപ്പ് വലിയ പങ്ക് വഹിച്ചെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലും താരങ്ങൾ കുറിപ്പ് പരീക്ഷിച്ചിരുന്നെങ്കിലും 99 റൺസിന് പരാജയപ്പെട്ടിരുന്നു.
എന്തായിരുന്നു ആ കുറിപ്പിലെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ‘ചരിത്ര വിജയം നേടിയ നെതർലാൻഡ്സിന് ഏറെ അഭിനന്ദനങ്ങൾ. കളിയിലുടനീളം നിങ്ങൾ അച്ചടക്കം പാലിച്ചു, പ്രത്യേകിച്ച് ബൗളിങ്ങിൽ. ആ കത്തിൽ എന്തായിരുന്നു?’, പത്താൻ എക്സിൽ കുറിച്ചു. ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകറും നെതർലാൻഡ്സിനെ അഭിനന്ദിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.