ചിന്നസ്വാമിയിൽ ചരിത്രം പിറന്നപ്പോൾ
text_fieldsഏതുലോകകപ്പിലും ലോകം കാത്തിരിക്കുന്ന ഏറ്റവും ആവേശകരമായ പോരാട്ടം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതായിരിക്കും. വലിയ ഹൈപ്പോടെയാകും കളിയുടെ ചർച്ച നടക്കുകയെങ്കിലും മൈതാനത്ത് അതൊന്നും കാണില്ല. ഇന്ത്യക്ക് മുന്നിൽ ഏകപക്ഷീയമായി കീഴടങ്ങുന്ന പാക് നിര ലോകകപ്പിലെ ഒരു സ്ഥിരം കാഴ്ചയാണ്. ആദ്യനാലു ലോകകപ്പുകളിലും ഇരുടീമുകളും പരസ്പരം കളിച്ചില്ല. ആദ്യമായി ഏറ്റുമുട്ടുന്നത് ’92 ലാണ്. പിന്നീടിങ്ങോട്ട് നടന്ന ലോകകപ്പുകളിൽ 2007ൽ ഒഴികെ ഏറ്റുമുട്ടിയ ഏഴവസരങ്ങളിലും ഇന്ത്യക്ക് തന്നെയായിരുന്നു വിജയം. ഈ കളികളിൽ എന്തുകൊണ്ടും ഇന്ത്യക്കാർക്ക് ഏറെ പ്രിയം ’96ലെ ബംഗളൂരു ക്വാർട്ടർ ഫൈനലാകും. അതിനു കാരണങ്ങളൊരുപാടുണ്ട്.
9 മാർച്ച് 1996. ബംഗളൂരു
’86-87ലെ പര്യടനത്തിന് പത്തുവർഷത്തിന് ശേഷമാണ് പാകിസ്താൻ ടീം ഇന്ത്യയിലെത്തുന്നത്. സചിൻ തെണ്ടുൽക്കർ അരങ്ങേറിയ ’89ലെ പാകിസ്താൻ പര്യടനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും പരസ്പരമുള്ള സന്ദർശനങ്ങൾ ഇല്ലാതാകുകയുമായിരുന്നു. ’92 ലോകകപ്പിൽ ഏറ്റുമുട്ടിയ ശേഷം ഇരു ടീമുകളും നിഷ്പക്ഷ വേദികളിൽ മൂന്നുതവണ കളിച്ചപ്പോഴും പാകിസ്താനായിരുന്നു വിജയം. അസ്ഹറുദ്ദീന്‍റെ ദീർഘമായ ക്യാപ്റ്റൻസിയും സചിൻ തെണ്ടുൽക്കറുടെ താരോദയവുമായിരുന്നു ഈ കാലത്തെ ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന സംഭവങ്ങൾ.
ഇംറാൻ യുഗം അവസാനിക്കുകയും വസിം അക്രം, വഖാർ യൂനിസ്, ഇൻസിമാം എന്നിവർ മുൻനിരയിലേക്ക് വരികയും ചെയ്തു, പാകിസ്താനിൽ. കരുത്താർജിച്ചുവന്ന ഇന്ത്യൻ ബാറ്റിങ് നിരയും ശക്തമായ പാക് ബൗളിങ് പടയും തമ്മിലുള്ള കോർക്കലുകൾ കാണാൻ കാണികൾക്ക് അവസരം കുറവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബംഗളൂരു ക്വാർട്ടർ ഫൈനലിന് തിരശീല ഉയരുന്നത്.
അടുത്തിടെ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഡേ നൈറ്റ് മത്സരമാണ്. 2.20ന് തുടങ്ങുന്ന കളിക്ക് ഉച്ചക്ക് 12 മണിക്ക് മുമ്പേ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ടോസിന് സമയമായി. പിച്ച് റിപ്പോർട്ടിനായി രവി ശാസ്ത്രിക്കൊപ്പം തൂവെള്ള കുർത്തയും പൈജാമയും ധരിച്ച ഉയരമേറിയ മനുഷ്യൻ നടന്നുവരുന്നത് കണ്ട് ആദ്യമാർക്കും മനസിലായില്ല. ഒറ്റ നിമിഷത്തെ അപരിചിതത്വത്തിന് ശേഷം ആ നടത്തവും ശരീരഭാഷയും കാണികൾ പെട്ടന്ന് തിരിച്ചറിഞ്ഞു. അയാളെ ഒപ്പമുണ്ടായിരുന്ന രവി ശാസ്ത്രി ഇങ്ങനെ പരിചയപ്പെടുത്തി: ‘with me its a gentleman who no stranger to india, no stranger to banglore wicket either. Imran Khan’. ’92 ൽ ലോകകപ്പ് നേടി വിരമിച്ച ശേഷം ഇംറാൻ ഖാനെ ലോകം ആദ്യമായാണ് കാണുന്നത്. സ്റ്റാർ സ്പോർട്സിന്‍റെ പ്രത്യേക ക്ഷണപ്രകാരം ഗസ്റ്റ് കമന്‍റേറ്ററായി വന്നതാണ്.
എവിടെ അക്രം?
പിന്നാലെ, ടോസിനായി അസ്ഹറുദ്ദീനും വസീം അക്രവും മൈതാനത്തേക്ക് നടന്നുവരുന്നത് കാണാൻ കാണികൾ എഴുന്നേറ്റുനിന്നു. പക്ഷേ, ഏവരെയും ഞെട്ടിച്ചുകൊണ്ട് അസ്ഹറിനൊപ്പം വരുന്നത് അമീർ സുഹൈലാണ്. കഴിഞ്ഞ കളിയിലേറ്റ പരിക്കിനെ തുടർന്ന് അക്രം കളിക്കുന്നില്ലെന്ന് സുഹൈൽ വ്യക്തമാക്കി. ആ വാർത്ത ബ്രേക്ക് ചെയ്തതോടെ, പാകിസ്താനിൽ രോഷം അണപൊട്ടി. ഗൂഡാലോചന സിദ്ധാന്തങ്ങൾ കാട്ടുതീ പോലെ പടർന്നു. യുദ്ധമുഖത്ത് പട ഉപേക്ഷിച്ച് ഒളിച്ചോടിയ നായകനെന്ന് വസീം അക്രം വിശേഷിപ്പിക്കപ്പെട്ടു. രാജ്യദ്രോഹിയെന്ന് വിളിക്കപ്പെട്ടു. മത്സരത്തിന് ശേഷം കറാച്ചിയിലെ അക്രത്തിന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. കോലങ്ങൾ കത്തിച്ചു. തിരിച്ചു പാകിസ്താനിൽ വിമാനമിറങ്ങിയ വസീം അക്രം ഒളിച്ചുരക്ഷപ്പെട്ടു. ആഴ്ചകളോളം പുറത്തിറങ്ങാതെ അജ്ഞാതവാസത്തിലേക്ക് മടങ്ങി. മാച്ച് ഫിക്സിങ്ങിന്‍റെ കഥകൾ വരുന്നകാലമായിരുന്നു അത്. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളും വല്ലാതെ ഉയർന്നു.
വീണ്ടും ചിന്നസ്വാമിയിലേക്ക്. അതാഉർ റഹ്മാനാണ് അക്രത്തിന് പകരമുള്ള ബൗളർ. അക്രത്തിന്‍റെ അഭാവത്തിൽ വഖാർ യൂനിസാണ് ബൗളിങ് യൂനിറ്റിന്‍റെ കുന്തമുന. ടോസ് നേടിയ അസ്ഹറിന് ബാറ്റിങ് തെരഞ്ഞെടുക്കാൻ സന്ദേഹമുണ്ടായിരുന്നില്ല.
സചിനെ നിഷ്പ്രഭനാക്കി സിദ്ദു
നവ്ജ്യോത് സിദ്ദുവും സചിനുമാണ് ഓപണിങ്. സിദ്ദുവിന് നേർക്കുള്ള വഖാറിന്‍റെ ആദ്യ പന്ത് ലെഗ്സൈഡ് വൈഡ്. വലിയ സംഭവങ്ങളൊന്നുമില്ലാതെ ആദ്യ ഓവർ തീർന്നു. രണ്ട് റൺസ്. ലാസ്റ്റ് ബാളിൽ സിംഗിൾ എടുത്തതിനാൽ അടുത്ത ഓവറിലും സിദ്ദു തന്നെ സ്ട്രൈക്കിൽ. യൂനിസിനൊപ്പം ന്യൂ ബാൾ പങ്കിടുന്നത് അഖിബ് ജാവേദ്. മൂന്നാമത്തെ ഓവറിലാണ് സചിന് സ്ട്രൈക്ക് കിട്ടുന്നത്. വലിയ കോലാഹലങ്ങളില്ലാതെയാണ് സിദ്ദുവും സചിനും ക്രീസിൽ തുടരുന്നത്. മെല്ലെയാണ് ഇന്ത്യയുടെ പോക്ക്. ആദ്യ പത്തു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസ്. തരക്കേടില്ലാത്ത തുടക്കം. നേരിട്ട 30 ബാളിൽ 11 റൺസാണ് സചിന്‍റെ സമ്പാദ്യം. സിദ്ദു ആകട്ടെ, സീനിയർ കളിക്കാരന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു കളിക്കുകയാണ്. 33 പന്തിൽ 21 റൺസ്.
11ാം ഓവറിൽ സിദ്ദു ഗിയർ മാറ്റി. അതുവരെ നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ അഖിബ് ജാവേദിനെ ആ ഓവറിൽ മൂന്നു ബൗണ്ടറികൾക്ക് ശിക്ഷിച്ച് സിദ്ദു നയംമാറ്റം വ്യക്തമാക്കി. 20ാം ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 83 റൺസിലെത്തിയതോടെ, കനത്ത ആക്രമണത്തിനുള്ള അടിത്തറയായി. 47 റൺസുമായി സിദ്ദു തന്നെയാണ് നയിക്കുന്നത്. സചിൻ 28 റൺസ്. അടുത്ത ഓവറിൽ മുശ്താഖ് അഹമ്മദിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോങ് ഓഫിലൂടെ ബൗണ്ടറി കടത്തി സിദ്ദു അർധ സെഞ്ച്വറി പൂർത്തിയാക്കി.
വസിം അക്രത്തിന് പകരം അവസരം ലഭിച്ച അതാഉർ റഹ്മാൻ നന്നായി ബൗൾ ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി ഏഴു ഓവറുകൾ ലഭിച്ച റഹ്മാൻ 28 റൺസ് മാത്രമാണ് വഴങ്ങിയത്. 22 ാം ഓവറിന്‍റെ രണ്ടാം പന്തിൽ പ്രൈസ് വിക്കറ്റ്. തേഡ് മാനിലേക്ക് കട്ട്ചെയ്ത സചിന് പിഴച്ചു. ഇൻസൈഡ് എഡ്ജ് എടുത്ത് പന്ത് ഓഫ്സ്റ്റമ്പിൽ. ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി. ഇന്ത്യ 90-1.
മഞ്ജരേക്കർ ആണ് വൺ ഡൗൺ. പതിവുപോലെ അതിസൂക്ഷ്മതയോടെയാണ് മഞ്ജരേക്കറിന്‍റെ തുടക്കം. പിന്നാലെ സൂര്യൻ നന്നായി പ്രകാശിച്ചുനിൽക്കുമ്പോഴും ചിന്നസ്വാമിയിൽ ഫ്ലഡ്ലൈറ്റുകൾ തെളിഞ്ഞു. ചരിത്രം.
മഞ്ജരേക്കറിന്‍റെ മെല്ലെപ്പോക്ക്
30 ഓവർ പൂർത്തിയാകുമ്പോൾ 130-1. ഇന്ത്യ റൺ റേറ്റ് ഉയർത്തുന്നില്ലെന്ന് കമന്‍റേറ്റർമാർ പരാതി പറഞ്ഞുതുടങ്ങി. കാലിന് എന്തോ അസ്വസ്ഥതയുള്ള സിദ്ദു മുടന്തുന്നുണ്ട്. അത് കളിയിലും കാണാൻ തുടങ്ങി. ദീർഘനേരമായി നല്ല വെയിലിൽ കളിക്കുന്ന സിദ്ദു തളരുമ്പോൾ സ്റ്റിയറിങ് ഏറ്റെടുക്കുന്നതിന് പകരം മഞ്ജരേക്കർ അതിജാഗ്രത തുടർന്നുകൊണ്ടേയിരിക്കുന്നു. വൈകാതെ മഞ്ജരേക്കറിന്‍റെ തണുപ്പൻ ഇന്നിങ്സ് അവസാനിച്ചു. 43 ബാളിൽ 20 റൺസുമായി സുഹൈലിന് വിക്കറ്റ് നൽകി മടങ്ങി.
പകരം അസ്ഹറെത്തി. തളർന്നെങ്കിലും തന്നാലാകുന്ന വിധത്തിൽ സ്കോറിങ് ഉയർത്താൻ സിദ്ദു ശ്രമിച്ചുകൊണ്ടേയിരുന്നു. സിദ്ദുവിന്‍റെ റണ്ണറായി ഇപ്പോൾ ശ്രീനാഥുണ്ട്. മുശ്താഖിനെയും സുഹൈലിനെയും തരാതരം പേലെ ബൗണ്ടറി കടത്തി സിദ്ദു കളം നിറയുകയാണ്. സെഞ്ച്വറി പൂർത്തിയാക്കുമെന്ന് എല്ലാവരും കരുതിയ ഘട്ടത്തിൽ മുഷ്താഖിന്‍റെ ഫ്ലിപ്പറിൽ സിദ്ദു വീണു. 93 റൺസ്. 160 മിനിറ്റുകൾ നീണ്ട ഇന്ത്യൻ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും നിർണായകമായ ഇന്നിങ്സുകളിലൊന്നിന് അങ്ങനെ പര്യവസാനമായി. ഗാലറി എഴുന്നേറ്റ് നിന്ന് സിദ്ദുവിന് യാത്രയയപ്പ് നൽകി. വിനോദ് കാംബ്ലിയെത്തി. 13 ഓവറുകൾ ഇനി ബാക്കിയുണ്ട്. അതിൽ വഖാർ യൂനിസിന്‍റെ ആറു ഓവറുകൾ. ആ ഓവറുകളിൽ സ്കോറിങ് ദുഷ്കരമാകുമെന്ന് കമന്‍റേറ്റർമാരും ഇന്ത്യൻ ആരാധകരും ഭയപ്പെട്ടു. ബാളിനൊരു റൺ എന്ന മട്ടിൽ സ്കോറിങ് ഉയർത്താൻ അസ്ഹറിന്‍റെയും കാംബ്ലിയുടെയും ശ്രമം.
വഖാറിന്‍റെ രണ്ടാം സ്പെൽ
38ാം ഓവറിൽ രണ്ടാം സ്പെല്ലിന് വഖാറെത്തി. കരുതലോടെ അസ്ഹറും കാംബ്ലിയും. അഞ്ചുറൺസ്. 41ാം ഓവറിന്‍റെ അവസാന പന്തിൽ മുഷ്താഖിനെ ലോങ് ഓണിലൂടെ അസ്ഹർ സിക്സറിന് തൂക്കി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ സിക്സ്. ഇന്ത്യ 41 ഓവറിൽ മൂന്നുവിക്കറ്റിന് 199. വഖാറിന്‍റെ രണ്ടാം സ്പെൽ തുടരുകയാണ്. 42ാം ഓവറിന്‍റെ രണ്ടാം പന്ത് ബാക് ഫൂട്ടിൽ കാംബ്ലി ഓൺ സൈഡിലേക്ക് തട്ടിയിട്ടു സിംഗിൾ നേടി. ഇന്ത്യ 200. സ്റ്റേഡിയത്തിൽ വലിയ ആരവം. തൊട്ടടുത്ത പന്ത് തേഡ്മാനിലേക്ക് കൈക്കുഴ കൊണ്ട് തിരിച്ചുവിടാനുള്ള അസ്ഹറിന്‍റെ നീക്കം പാളി. പന്ത് വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫിന്‍റെ കൈയിൽ. 22 പന്തിൽ 27 റൺസുമായി നായകൻ മടങ്ങി.
സ്ട്രൈക്കിലെത്തിയ ജദേജക്ക് നേരെ ഫുൾലെങ് ഇൻസ്വിങർ. പാഡിലിടിച്ച പന്തിൽ വഖാർ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിരസിച്ചു. അപ്പോൾ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും കളിയെ മാറ്റി മറിച്ച പന്തായിരുന്നു അത്. 45ാം ഓവറിൽ 225-4. 46ാം ഓവറിൽ തന്‍റെ അവസാന ഓവർ എറിയാനെത്തിയ മുഷ്താഖിന് വിക്കറ്റ് നൽകി കാംബ്ലിയും മടങ്ങിയതോടെ 260-265ന് മുകളിൽ സ്കോർ എത്തിക്കുകയെന്ന ഇന്ത്യയുടെ ആഗ്രഹങ്ങൾക്ക് മേൽ കരിനിഴൽ വീണു. ഇനി വരുന്നത് നയൻ മോംഗിയ. അടുത്ത ഓറിൽ മോംഗിയ റണ്ണൗട്ടായി.
ജദേജയുടെ വഖാർ വധം
48ാം ഓവറിൽ അവസാന സ്പെല്ലിനായി വഖാർ മടങ്ങിയെത്തി. ആദ്യ പന്തിന് പടുകൂറ്റൻ അടിക്കുള്ള ജദേജയുടെ ശ്രമം ലീഡിങ് എഡ്ജെടുത്ത് തേഡ്മാന് സമീപത്തേക്ക്. മൂന്നുറൺസ്. ലോക്കൽ ബോയ് കുംബ്ലെ ക്രീസിൽ. ഓവർ പിച്ച് ചെയ്ത പന്ത് വൈഡ് ലോങ് ഓണിലൂടെ കുംബ്ലെ ബൗണ്ടറിയിലെത്തിച്ചു. എട്ടാം നമ്പർ ബാറ്റ്സ്മാന്‍റെ അതിസാഹസം വഖാറിന് വല്ലാതെ കൊണ്ടു. വെല്ലുവിളിക്കപ്പെടുമ്പോൾ വഖാർ എന്താണ് ചെയ്യുകയെന്ന് ലോകത്തിനറിയാം. വജ്രായുധമായ സൂപ്പർഫാസ്റ്റ് യോർകർ തൊടുക്കും. കുംബ്ലെക്കും അതറിയാം. ക്രീസിനുള്ളിലേക്ക് പരമാവധി കയറി നിന്നു. കമന്‍ററിയിൽ ടോണി ഗ്രെഗ് മുരണ്ടു: ‘Get Ready For The Blistering Yorker’. അനുമാനം തെറ്റിയില്ല. യോർകർ ലെങ്ത് പന്തിനെ സ്ക്വയറിന് മുന്നിലൂടെ കുംബ്ലെ ലെഗ്ഗ്ലാൻസ് ചെയ്തു. ബൗണ്ടറി. സ്റ്റമ്പിന്‍റെ അടിവാരം തേടി തന്നെ അടുത്ത പന്തും കുതിച്ചെത്തി. ചെറുതരിക്ക് യോർകർ മിസായി. മിഡ് ഓഫിലേക്ക് കുംബ്ലെ തട്ടിക്കളഞ്ഞു. സിംഗിൾ. ജദേജ ക്രീസിൽ. കണ്ണടച്ചുതുറക്കും മുമ്പ് കവറിലൂടെ വഖാറിന്‍റെ പന്ത് അതിർത്തിക്കപ്പുറം. Blazed along the turf through the covers! കമന്‍ററി. ആ ഓവർ കഴിഞ്ഞിരുന്നില്ല. ആറാം പന്ത്. ഡീപ് മിഡ് വിക്കറ്റിനും ലോങ്ഓണിനും ഇടയിലെ കൗ കോർണർ എന്നറിയപ്പെടുന്ന മേഖലയിലൂടെ ഒരു റോക്കറ്റ് പോലെ പന്ത് ഗാലറിയിൽ അപ്രത്യക്ഷമായി. Merciless clubbing high over cow corner! This is a savage onslaught from India, turning a challenging total into a formidable one! Waqar misses his mark by a fraction once again, and pays the full price with a ballistic launch into the stands!
22 വിലപ്പെട്ട റൺസുകളാണ് ആ ഓവറിൽ പിറന്നത്. അഖിബ് ജാവേദിന്‍റെ അടുത്ത ഓവറിൽ 11 റൺസ്. അഭിമാനത്തിന് മുറിവേറ്റ വഖാർ അവസാന ഓവറിനെത്തി. പക്ഷേ, അവസാനിപ്പിക്കാൻ ജദേജക്ക് ഉദ്ദേശമില്ല. യോർകർ പദ്ധതിയിൽനിന്ന് വഖാർ പിൻമാറി. ആദ്യപന്ത് ഓഫ് സ്റ്റമ്പ് ലൈനിൽ അരപ്പൊക്കത്തിൽ. പിറകിലേക്കൊന്ന് ചാഞ്ഞ് ഫുൾ ബാറ്റിൽ മനോഹരമായ കവർ ഡ്രൈവ്. പന്ത് ബൗണ്ടറിയിൽ. അടുത്ത പന്ത് ഏതാണ്ട് അതേ ലൈനിൽ ഇത്തവണ ലോങ് ഓഫിലൂടെ ലോഫ്റ്റഡ് ഷോട്ട്. സിക്സ്. Insolent slogging over long-off! Waqar is getting absolutely massacred at the Chinnaswamy! Jadeja sees it like a planet, carves through the line, and launches it into the stands!
അടുത്തപന്തിൽ ജദേജ പുറത്തായി. കളിയുടെ ഗതി തീരുമാനിച്ച ഇന്നിങ്സ്. 25 പന്തിൽ 45 റൺസ്. അതിനു മുമ്പോ അതിന് ശേഷമോ ജദേജ അങ്ങനെയൊരു ഇന്നിങ്സ് കളിച്ചിട്ടില്ല. ഈ ഒരേയൊരു ഇന്നിങ്സ് കളിക്കാനായി ക്രിക്കറ്റ് കളി തുടങ്ങിയ ആളെന്ന പോലെ ജദേജയുടെ കരിയർ പരിശോധിച്ചാൽ തോന്നും. ആദ്യ എട്ടു ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങിയ വഖാർ അവസാന രണ്ട് ഓവറുകളിൽ 40 റൺസാണ് വഴങ്ങിയത്. ഇന്ത്യ 287/8 എന്നനിലയിൽ അവസാനിപ്പിച്ചു.
അടിച്ചുതകർത്ത് അൻവർ
ഇന്ത്യ നിർത്തിയിടത്തുനിന്നാണ് പാകിസ്താൻ തുടങ്ങിയത്. അടിച്ചുതകർക്കുകയായിരുന്നു അൻവറും സുഹൈലും. ആദ്യ അഞ്ച് ഓവറിൽ തന്നെ വിക്കറ്റ് പോകാതെ 41 റൺസായി. രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയ പ്രസാദിനെ മാറ്റി ആറാം ഓവറിൽ അസ്ഹർ കുംബ്ലെയെ കൊണ്ടുവന്നു. പെട്ടന്ന് തന്നെ കുംബ്ലെ പാകിസ്താന്‍റെ ഗതിവേഗത്തിന് ബ്രേക്കിട്ടു. ആദ്യ ഓവറിൽ ഒരുറൺസ് മാത്രം. ശ്രീനാഥും ബൗണ്ടറി വഴങ്ങാതിരിക്കാൻ കിണഞ്ഞുശ്രമിച്ചു. അതിനടുത്ത ഓവറിൽ കുംബ്ലെക്ക് പിടിത്തം വിട്ടു. ഓഫ്സ്റ്റമ്പിന് വെളിയിൽ വീണ ആദ്യ പന്ത് അൻവർ തൂക്കിയെടുത്ത് വൈഡ് ലോങ് ഓണിലെ ഗാലറിയിലിട്ടു. സിക്സ്. മൂന്നാമത്തെ പന്ത് സുഹൈൽ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി. അടുത്ത ഓവറിൽ ശ്രീനാഥിനെയും അൻവർ സിക്സടിച്ചു. പത്ത് ഓവർ കഴിയുമ്പോൾ വിക്കറ്റ് പോകാതെ 84 റൺസ്. ഇന്ത്യയുടെ മല പോലെ തോന്നിച്ച 287 റൺസ് ചുരുങ്ങിവരുന്നപോലെ.
പക്ഷേ, 11 ഓവറിന്‍റെ ആദ്യപന്തിൽ ശ്രീനാഥ് ആദ്യ വിക്കറ്റെടുത്തു. 32 ബാളിൽ 48 റൺസ് നേടിയ അൻവർ പുറത്ത്. വൺ ഡൗൺ ഇജാസ് അഹമദ്. 14ാം ഓവറിൽ പാക് സ്കോർ 100 കടന്നു.
പ്രസാദിന്‍റെ രണ്ടാംവരവ്
15ാം ഓവറിൽ അസ്ഹർ പിന്നെയും പ്രസാദിനെ വിളിച്ചു. ബൗണ്ടറിയോടെ ഇജാസ് പ്രസാദിനെ സ്വീകരിച്ചു. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കലും മറക്കാത്ത ഓവറാണ് ആ ബൗണ്ടറിയോടെ തുടങ്ങിയത്. അടുത്ത പന്തിൽ ഇജാസിന്‍റെ സിംഗിൾ. മൂന്നാം പന്തിൽ റൺസില്ല. നാലാം പന്ത് ബൗൺസർ. സുഹൈൽ ഒഴിഞ്ഞു. പ്രസാദ് തീക്ഷ്ണമായൊരു നോട്ടമെറിഞ്ഞു. അടുത്ത പന്തിൽ സുഹൈലിന്‍റെ കൗണ്ടർ പഞ്ച്. ക്രീസിൽ നിന്ന് ചാടിയിറങ്ങി ഡീപ് പോയിന്‍റിലൂടെ ഒരു ടെന്നീസ് ഷോട്ട്. ബൗണ്ടറിയിലേക്ക് പാഞ്ഞകലുന്ന പന്തിന്‍റെ ഗതിക്ക് നേരെ വിരൽ ചൂണ്ടി സുഹൈൽ പ്രസാദിനെ വിരട്ടി. പ്രസാദിന്‍റെ നാടാണ്. പക്ഷേ, പ്രസാദിന് മറുപടിയില്ല. ഒന്നും മിണ്ടാതെ പ്രസാദ് തിരിച്ചുനടന്നു. കളിക്ക് ചൂടേറുകയായിരുന്നു. അടുത്ത പന്തും പറപ്പിക്കാനുള്ള മൂഡിലായിരുന്നു സുഹൈൽ. പക്ഷേ, പ്രസാദ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ആവേശകരമായ ഫോട്ടോ മൊമന്‍റ് ഒരുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ആഞ്ഞടിച്ച സുഹൈലിന് പന്ത് മിസായി. ഓഫ്സ്റ്റമ്പ് പലവാര പിന്നിലേക്ക് പറപറന്നു. തകർന്നുകിടക്കുന്ന സ്റ്റമ്പ് ചൂണ്ടി പ്രസാദ് സുഹൈലിനോട് മടങ്ങാൻ ആജ്ഞാപിച്ചു. പാകിസ്താന്‍റെ ചേസിങ് യഥാർഥത്തിൽ അവിടെ അവസാനിച്ചു. പിന്നീടാർക്കും വലിയ ഇന്നിങ്സ് കളിക്കാനായില്ല. കരിയറിലെന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന 39കാരൻ ജാവേദ് മിയാൻദാദിലായിരുന്നു പാകിസ്താന്‍റെ അവസാന പ്രതീക്ഷ. എട്ടാമനായി മിയാൻദാദ് റണ്ണൗട്ടായതോടെ അതും തീർന്നു. മിയാൻദാദിന്‍റെ അവസാന ഇന്നിങ്സുമായിരുന്നു അത്. 248 റൺസിന് പാകിസ്താൻ ഓൾ ഔട്ടായി. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ പ്രസാദും കുംബ്ലെയുമാണ് ഇന്ത്യയെ വിജയത്തിലേക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.