ഇമറാത്തിലേക്ക് വീണ്ടും ഐ.പി.എല്ലെത്തുേമ്പാൾ
text_fieldsകണക്കുനോക്കിയാൽ ഇമറാത്തികളുടെ മൂന്നിരട്ടിയോളം വരും യു.എ.ഇയിലെ ഇന്ത്യക്കാർ. ഔദ്യോഗിക-അനൗദ്യോഗിക കണക്കുപ്രകാരം ഏകദേശം 30-40 ലക്ഷത്തിനിടയിൽ ഇന്ത്യക്കാർ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. യു.എ.ഇ ജനസംഖ്യയുടെ 35 ശതമാനത്തോളം വരുമത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പേരിലുള്ള പ്രീമിയർ ലീഗ് നടത്താൻ ബി.സി.സി.ഐക്ക് യു.എ.ഇയേക്കാൾ അനുയോജ്യമായ മറ്റൊരിടം കിട്ടാനില്ല. ഐ.പി.എൽ നടത്താൻ താൽപര്യം പ്രകടിപ്പിച്ച ശ്രീലങ്കയെയും ബംഗ്ലാദേശിനെയുമെല്ലാം തഴഞ്ഞ് യു.എ.ഇയിലേക്ക് കളി തിരിച്ചുവിടാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തിൽ ക്രിക്കറ്റ് ലോകം അത്ഭുതം പ്രകടിപ്പിക്കാതിരുന്നതിെൻറ കാരണവും അതാണ്.
ഷാർജയിലെ ഗാലറികൾക്ക് നീലനിറം പകർന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യൻ ക്രിക്കറ്റിെൻറ ഗൃഹാതുര സ്മരണകളിലേക്ക് ഉൗളിയിടുന്നവർക്ക് ഇന്നും പുളകമാണ് ഷാർജ കപ്പ്. ഗാലറിയിൽ നിറയുന്ന പച്ചക്കുപ്പായത്തെ മായ്ച്ചുകളയും വിധം നീലക്കടലൊരുക്കിയവരാണ് ഇവിടെയുള്ള പ്രവാസി ഇന്ത്യക്കാർ. യു.എ.ഇയിൽ നടന്ന പാകിസ്താൻ സൂപ്പർലീഗിന് ലഭിക്കാത്ത സ്വീകാര്യത ഇന്ത്യൻ പ്രീമിയർ ലീഗിന് ലഭിക്കുന്നതും ഈ ക്രിക്കറ്റ് 'ഭ്രാന്ത്' കൊണ്ടാണ്.
ആറുവർഷം മുമ്പ് ഇമറാത്തിെൻറ പടികടന്ന് ഐ.പി.എൽ എത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ്. യോഗ്യത മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബാൾ ടീം ഇവിടെയെത്തിയപ്പോഴും ഗാലറിയിൽ നീലക്കടലിരമ്പിയിരുന്നു. എന്നാൽ, ഇപ്പോൾ അവസ്ഥ അതല്ല. മഹാമാരി തീർത്ത ബാരിക്കേടുകൾ മറികടന്ന് ഒരു ഇന്ത്യക്കാരനും ദേശീയ പതാക വീശാൻ ഗാലറിയിലേക്ക് പോകില്ല.
ആളൊഴിഞ്ഞ ഗാലറി
ഐ.പി.എൽ യു.എ.ഇയിലേക്ക് വരുന്നു എന്നു കേട്ടപ്പോൾ മുതൽ ത്രില്ലടിച്ചിരുന്ന പ്രവാസികൾ ഇപ്പോൾ അത്ര സന്തോഷത്തിലല്ല. ആദ്യ മത്സരങ്ങളിൽ കാണികളെ കയറ്റേണ്ടതില്ല എന്നാണ് ബി.സി.സി.ഐയുടെ തീരുമാനം. ദേശീയ ക്രിക്കറ്റിലെത്തിയ ശേഷം വിരാട് കോഹ്ലി ആദ്യമായായിരിക്കും ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ ആട്ടമാടാൻ ഇറങ്ങുന്നത്.
ഗാലറിയിലേക്ക് പറക്കുന്ന പന്തുകൾക്ക് കൈയടി ആഗ്രഹിക്കാത്ത താരങ്ങൾ ആരുണ്ട്. സെഞ്ച്വറിക്കൊടുവിൽ ഒഴിഞ്ഞ കസേരക്ക് നേരെ ബാറ്റുയർത്തി അഭിവാദ്യം ചെയ്യേണ്ടി വരുന്നതിനെ ഗതികേട് എന്നല്ലാതെ എന്തു വിളിക്കും. മികച്ചൊരു യോർക്കറിലൂടെ വിരാട് കോഹ്ലിയുടെ സ്റ്റമ്പ് പിഴുതെറിയുേമ്പാൾ ഒരു ബൗളറുടെ കാതിൽ മുഴങ്ങിക്കേൾക്കുന്നത് സഹതാരങ്ങളുടെ എണ്ണംപറഞ്ഞ കൈയടികൾ മാത്രമായിരിക്കും. വിക്കറ്റെടുത്ത ശേഷം ബൗണ്ടറി ലൈനിലേക്ക് ഓടിയെത്തുന്ന ഇമ്രാൻ താഹിർ ഇനി ആർക്ക് നേരെ ഒളിയെമ്പറിയും. കാണികളില്ലാത്ത കായിക മത്സരങ്ങൾ വധുവില്ലാത്ത വിവാഹം പോലെയാണെന്ന് ഷുഐബ് അക്തർ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം.
ഇന്ത്യക്കാർ മാത്രമല്ല, ക്രിക്കറ്റ് സജീവമായ പത്ത് രാജ്യങ്ങളിലെയും ധാരാളം പ്രവാസികൾ യു.എ.ഇയിലുണ്ട്. മറുനാട്ടിലിരുന്ന് സ്വന്തം നാട്ടുകാരുടെ കളി കാണാനുള്ള അവസരമാണ് അവർക്ക് നഷ്ടമാകുന്നത്. സഞ്ജുവും ബേസിലും സന്ദീപും ആസിഫുമെല്ലാം കളത്തിലിറങ്ങുേമ്പാൾ ആർപ്പുവിളിക്കാൻ കാത്തിരുന്ന മലയാളികളുണ്ട് ഇവിടെ.
കേരള താരങ്ങൾ ലോകക്രിക്കറ്റിൽ ആകെ ആഘോഷിക്കപ്പെടുന്നത് ഐ.പി.എല്ലിലാണ്. നഷ്ടം യു.എ.ഇയിലെ കാണികൾക്ക് മാത്രമാണ്. മറ്റുള്ളവർക്ക് ടെലിവിഷൻ കാഴ്ചകൾ തൃപ്തിപകരും. എന്നാൽ, അബൂദബി സ്റ്റേഡിയത്തിൽ കളി നടക്കുേമ്പാൾ തൊട്ടടുത്ത ഫ്ലാറ്റിലിരുന്ന് മൊബൈലിലോ ടി.വിയിലോ കളി കാണാൻ ഒരു ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കില്ല. സാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് ടെലിവിഷൻ പ്രേക്ഷകർക്കായി ആർപ്പുവിളികൾ സ്ക്രീനിൽ മുഴങ്ങിയേക്കാം.
കാണികൾക്ക് അനുവാദം നൽകണമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ നിലപാട്. എല്ലാവിധ സുരക്ഷയും ഒരുക്കാൻ യു.എ.ഇയിലെ സർക്കാർ സംവിധാനങ്ങളും സജ്ജമാണ്. എങ്കിലും, താരങ്ങളുടെ സുരക്ഷ മുൻനിർത്തി കാണികൾ തൽകാലം പുറത്തുനിൽക്കട്ടെ എന്നതാണ് ബി.സി.സി.ഐയുടെ നിലപാട്.
പഴുതടച്ച സുരക്ഷ
ബയോബബ്ൾ എന്നൊരു സാങ്കൽപിക 'കുമിള'യിലാണ് ടൂർണമെൻറ് അരങ്ങേറുന്നത്. ആ കുമിള പൊട്ടരുത്. അതാണിവിടുത്തെ നിയമം. അത്രയേറെ സൂക്ഷിച്ച് പെരുമാറണം എന്ന ലക്ഷ്യത്തോടെയാണ് താരങ്ങളുടെ സുരക്ഷക്ക് ബയോബബ്ൾ എന്ന് പേരിട്ടിരിക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ സഞ്ചരിക്കാൻ ആർക്കും അനുവാദമില്ല. കൃത്യമായ പരിശോധന. പരിമിതമായ ജീവനക്കാർ. ഗാലറിയിലേക്ക് പറക്കുന്ന പന്തെടുക്കാൻ താരങ്ങൾതന്നെ ഒാടേണ്ടി വരും. ക്രിസ് ഗെയിൽ ഇടയുന്ന ദിവസം ഫീൽഡർമാരുടെ സ്ഥിതി അതിദയനീയമായിരിക്കും.
ദുബൈയിൽ അടുത്തിടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് സാധ്യത. ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തീരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഇ.സി.ബിയും ബി.സി.സി.ഐയും.
കോവിഡ് പരിശോധന നടത്തി താരങ്ങളുടെ മൂക്ക് ഒരുപരുവത്തിലാകും. ദുബൈയിലെത്തിയ ശേഷം കളത്തിലിറങ്ങുന്നതിനു മുമ്പ് അര ഡസൻ പരിശോധനയെങ്കിലും ഓരോ താരങ്ങളും നടത്തണം. ടൂർണെമൻറിെൻറ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായ വി.പി.എസ് ഹെൽത്ത് കെയറിെൻറ കണക്കനുസരിച്ച് ഐ.പി.എൽ കഴിയുേമ്പാൾ 20,000 കോവിഡ് പരിശോധനകളെങ്കിലും വേണ്ടിവരുമെന്നാണ്. ബയോബബ്ൾ െപാട്ടിച്ചാൽ 'റിട്ടയേഡ് ഹർട്ടായി' ക്വാറൻറീനിലിരിക്കേണ്ടി വരുമെന്ന ഭയവും താരങ്ങൾക്കുണ്ട്.
കാലാവസ്ഥ
യു.എ.ഇയിൽ ഇപ്പോൾ കടുത്ത ചൂടാണ്. 40-50 ഡിഗ്രിയാണ് ചൂട്. ഈ പൊരിവെയിലത്ത് നട്ടുച്ചക്ക് കളിക്കേണ്ട എന്ന് തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിൽ ഈ മാസം ഉച്ചക്ക് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. യു.എ.ഇ സമയം വൈകീട്ട് ആറുമുതലാണ് മത്സരം. ഒരേസമയത്ത് ഒരു കളി മാത്രം. അടുത്ത മാസം പത്ത് മത്സരങ്ങൾ ഉച്ചക്കുണ്ട്. രണ്ടുമണിക്കാണ് തുടങ്ങുക. ഈ സമയത്ത് ചൂടു കുറയുമെന്നാണ് കരുതുന്നത്. ദുബൈയിലും അബൂദബിയിലും ഷാർജയിലും ഇപ്പോൾ മഴക്കാലമല്ല. എങ്കിലും, ഇടക്കിടെ അപ്രതീക്ഷിതമായി മഴയെത്തുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.