‘ചോദിച്ചുവാങ്ങിയ തോൽവി’; ഇന്ത്യൻ മണ്ണിൽ കംഗാരുക്കൾ എന്തുകൊണ്ട് തോറ്റുകൊണ്ടിരിക്കുന്നു?
text_fieldsടെസ്റ്റിൽ ഏറ്റവും മികച്ച റെക്കോഡുമായി, പോയിന്റ് നിലയിൽ ഒന്നാമന്മാരായി വിമാനം കയറിയെത്തിയവർ ഒന്നുമറിയാത്തവരെ പോലെ കളി ഉഴപ്പി തോൽവിത്തുടർച്ചകളുമായി വിയർക്കുമ്പോൾ നാട്ടിലും പുറത്തും ചോദ്യം ഉയരുകയാണ്- ഈ ആസ്ട്രേലിയക്ക് എന്തുപറ്റി?
ക്രിക്കറ്റ് കളിക്കാൻ ലോകത്ത് ഏറ്റവും കടുപ്പമുള്ള മണ്ണാണ് ഇന്ത്യയിലെന്നത് ഓരോ വിദേശ ടീമിനുമറിയാം. ആസ്ട്രേലിയ അവസാനമായി നടത്തിയ 10 സന്ദർശനങ്ങളിൽ ഒറ്റത്തവണ മാത്രമാണ് കിരീടം പിടിക്കാനായത്. അതും ഏകദേശം രണ്ടു പതിറ്റാണ്ട് മുമ്പ് 2004-05ൽ. വിരാട് കോഹ്‍ലി, രോഹിത് ശർമ തുടങ്ങി വമ്പന്മാർ മുതൽ പുതുമുഖങ്ങൾ വരെ ഏറ്റവും കരുത്തോടെ ബാറ്റുവീശുന്ന മൈതാനങ്ങൾ. മറുവശത്ത്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ് തുടങ്ങിയവർ കംഗാരുപ്പടക്കൊപ്പവുമുണ്ട്. എന്നാൽ, ഇരു നിരയും കളി നയിക്കുന്നത് രണ്ടു വിധം.
ഏറ്റവും ഒടുവിൽ ഒറ്റ സെഷനിൽ ആസ്ട്രേലിയയെ എറിഞ്ഞിട്ടാണ് ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്. 11 പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ആതിഥേയ ബൗളർമാർ 48 റൺസിനിടെ ഒമ്പതു പേരെയും മടക്കി. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആസ്ട്രേലിയൻ ആരാധകർ ചോദിക്കുന്നു. ഒരാൾ പോലും ചെറുത്തുനിൽക്കണമെന്ന് ചിന്തിക്കാതെ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങുക.
കഴിഞ്ഞ വർഷം ഏപ്രിലിൽ ജസ്റ്റിൻ ലാംഗർ പടിയിറങ്ങിയ ഒഴിവിൽ പരിശീലകക്കുപ്പായത്തിലെത്തിയ ആൻഡ്രൂ മക്ഡൊണാൾഡിന്റെ തന്ത്രങ്ങളാണ് വിമർശന മുനയിൽ നിൽക്കുന്നത്. ഓരോ താരവും സ്വന്തം കളി തെരഞ്ഞെടുക്കുകയെന്നതാണ് പുതിയ കോച്ചിന്റെ ശൈലി. എന്നാൽ, ടീമിന് തന്ത്രങ്ങളോതിക്കൊടുക്കാൻ ആളില്ലാത്ത ക്ഷീണം കഴിഞ്ഞ ദിവസം കണ്ടു. ടീം പതറുമ്പോൾ കാവൽക്കാരനാകേണ്ട നായകൻ പാറ്റ് കമിൻസ് അനാവശ്യമായി സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. മറ്റു താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
ഇത്തവണ ഇന്ത്യൻ പര്യടനത്തിനെത്തിയ 18 അംഗ ടീമിൽ പരിക്കുമായി വലഞ്ഞ മിച്ചൽ സ്റ്റാർക്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസൽവുഡ് തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. സ്പിന്നർ മിച്ചൽ സ്വെപ്സൺ കളിക്കുമെന്ന് കരുതിയിരുന്നെങ്കിലും കുഞ്ഞ് പിറന്ന സന്തോഷത്തിൽ നാട്ടിലേക്ക് മടങ്ങി. അസമയത്തെ ടീം മാറ്റങ്ങളും വില്ലനായി. ഹെഡിന്റെ പകരക്കാരനായി എത്തിയ മാറ്റ് റെൻഷാ മൂന്ന് ഇന്നിങ്സുകളിൽ ആകെ നാലു റൺസാണ് എടുത്തത്. ഡേവിഡ് വാർണറും ശരിക്കും വിയർത്തു.
സ്പിന്നിലെ പരാജയമായിരുന്നു മറ്റൊരു പ്രശ്നം. നഥാൻ ലിയോൺ (ഒരു പരിധി വരെ ടോഡ് മർഫിയും) മാത്രമാണ് കംഗാരുപ്പടയിലെ സ്പിന്നർ. മറുവശത്ത്, ഇന്ത്യക്കായി അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നീ താരങ്ങളെല്ലാം മികച്ച സ്പിന്നർമാർ. ഇവരാണ് ആസ്ട്രേലിയയുടെ കഥ കഴിച്ചത്.
പിച്ച് വിവാദവും ആസ്ട്രേലിയ ആയുധമാക്കുന്നുണ്ടെങ്കിലും അതേ പിച്ചിൽ ഇന്ത്യ മികച്ച ഇന്നിങ്സ് കുറിക്കുന്നത് വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.