‘എവിടെയാണ് സഞ്ജു സാംസൺ?’; ലോകകപ്പ് വർഷവും താരം പുറത്ത്; രോഷാകുലരായി ആരാധകർ
text_fieldsശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽനിന്ന് തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. 2022ൽ ഏകദിന ഫോർമാറ്റിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും പുതുവർഷത്തിൽ പുറത്തിരിക്കാനാണ് താരത്തിന്‍റെ വിധി.
സീസണിൽ ഇന്ത്യക്കായി ഒമ്പത് ഇന്നിങ്സുകളിൽനിന്ന് 284 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഇതിൽ അഞ്ചു തവണയും നോട്ട് ഒട്ടാണ്. എന്നിട്ടും ഇന്ത്യൻ മാനേജ്മെന്‍റ് താരത്തോട് തുടർച്ചയായ അവഗണന തുടരുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഏകദിന ലോകകപ്പ് നടക്കുന്ന വർഷമായതിനാൽ ട്വന്‍റി20യേക്കാൾ കൂടുതൽ പ്രധാന്യം നൽകേണ്ടത് 50 ഓവർ മത്സരത്തിനാണ്. എന്നാൽ, ട്വന്‍റി20 ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്.
ശ്രീലങ്കക്കെതിരായ ഏകദിന ടീമിൽ ഋഷഭ് പന്ത് കളിക്കാതിരിക്കുമ്പോഴും സഞ്ജുവിനെ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ഞെട്ടിപ്പിക്കുന്നത്. പകരം വിക്കറ്റ് കീപ്പർ ബാറ്റർ എന്ന സ്ഥാനത്തേക്ക് ബി.സി.സി.ഐ ഇഷാൻ കിഷനെയാണ് ഉൾപ്പെടുത്തിയത്. ബാക്കപ്പായി കെ.എൽ. രാഹുലും. രാഹുൽ സ്ഥിരം വിക്കറ്റ് കീപ്പറല്ലെങ്കിലും ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരമായിരുന്നു വിക്കറ്റിനു പിന്നിലുണ്ടായിരുന്നത്.
ഏകദിന ടീമിൽനിന്ന് വിക്കറ്റ് കീപ്പർ-ബാറ്ററെ ഒഴിവാക്കിയ ബി.സി.സി.ഐ തീരുമാനത്തിനെതിരെ സഞ്ജുവിനെ പിന്തുണക്കുന്നവരും ആരാധകരും വലിയ പ്രതിഷേധത്തിലാണ്. ഇതുവരെ 11 ഏകദിനങ്ങളാണ് സഞ്ജു ഇന്ത്യക്കുവേണ്ടി കളിച്ചത്. ഇതിൽ പത്തും ഈ വർഷമാണ്. അവസാനമായി നവംബർ 25ന് ന്യൂസിലാൻഡിനെതിരെയായിരുന്നു കളിച്ചത്. 38 പന്തിൽ 36 റൺസെടുത്തു.
‘ബി.സി.സി.ഐ 2022ലെ ലോകകപ്പ് ട്വന്‍റി20 ടീമിനെ തയാറാക്കുമ്പോൾ, അവർ സഞ്ജു സാംസണെ ഏകദിനത്തിനായി നിലനിർത്തി, ഇപ്പോൾ 2023ലെ ലോകകപ്പിനായി ഏകദിന ടീമിനെ തയാറാക്കുമ്പോൾ അവർ സഞ്ജുവിനെ ട്വിന്‍റി20 ടീമിലേക്ക് മാറ്റി‘ -ദീൻദയാൽ യാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘എന്തിനാണ് അവർ സഞ്ജു സാംസണിനോട് വീണ്ടും വീണ്ടും ചെയ്യുന്നത്!!!!!!’ -മറ്റൊരു ട്വീറ്റ് പറയുന്നു.
ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ എങ്ങനെ ഒഴിവാക്കാനാകുമെന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നയായി മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ബാറ്റിങ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളില്‍ രണ്ടാംനിര ടീമിനെ അയക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്നും വിമർശകർ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.