'സൂര്യകുമാർ യാദവ് എവിടെ?'; തുടർ തോൽവിയിലും തമ്മിലടിയിലും മുംബൈക്ക് ആശ്വാസമാകുമോ 'സ്കൈ'
text_fieldsതുടർച്ചയായ രണ്ട് തോൽവികളോടൊപ്പം ടീമിനുള്ളിലെ ചേരിതിരിവ് കൂടിയായതോടെ ഐ.പി.എല്ലിൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ കടുപ്പമായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരം ആറ് റൺസിന് തോറ്റ മുംബൈ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റൺസിന്‍റെ തോൽവിയാണ് വഴങ്ങിയത്. സൺറൈസേഴ്സ് ഐ.പി.എല്ലിലെ റെക്കോർഡ് സ്കോറാണ് മുംബൈക്കെതിരെ അടിച്ചെടുത്തത്.
തോൽവികൾക്ക് പുറമേ ടീമിനെ വലയ്ക്കുന്ന മറ്റൊന്നാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മുൻ ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിലെ അസ്വാരസ്യങ്ങൾ. അഞ്ച് വട്ടം മുംബൈയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് പകരം ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ കൊണ്ടുവന്നത് ക്യാപ്റ്റനാക്കിയത് ആരാധകർക്ക് തീരെ പിടിച്ചിരുന്നില്ല. ഐ.പി.എല്ലിന് മുമ്പേ തന്നെ മുംബൈ ആരാധകർ ഇക്കാര്യത്തിൽ തങ്ങൾക്കുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരാധകർക്ക് മാത്രമല്ല, ടീമിനുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ടീമിന്‍റെയാകെ പ്രകടനത്തെ ബാധിക്കുന്നുണ്ടോയെന്ന സംശയവും ആരാധകർക്കുണ്ട്.
മുംബൈയുടെ രക്ഷകനായി സൂര്യകുമാർ യാദവ് എപ്പോൾ വരും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ട്വന്‍റി20 റാങ്കിങ്ങിൽ ഒന്നാമതുള്ള താരം ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് സൂര്യകുമാര്‍ യാദവിന് തിരിച്ചടിയായത്. അതേസമയം, താരത്തിന് ഇനിയും വിശ്രമം വേണമെന്നും അതിനാൽ ഏതാനും മത്സരങ്ങൾ കൂടി നഷ്ടപ്പെടുമെന്നുമാണ് പുറത്തുവരുന്ന വിവരം.
ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂര്യകുമാറിന് അതിന് ശേഷം ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. നിലവില്‍ സൂര്യ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്. ഐ.പി.എല്ലിനു പിന്നാലെ ടി20 ലോകകപ്പ് വരുന്നതിനാല്‍ പൂര്‍ണ ഫിറ്റായ ശേഷം മാത്രമേ സൂര്യകുമാറിന് ഐ.പി.എല്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.എല്ലിൽ 32.17 ശരാശരിയിൽ മികച്ച ബാറ്റിങ് റെക്കോർഡാണ് സൂര്യകുമാറിനുള്ളത്. ഒരു സെഞ്ചുറിയും 21 അർധ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈക്കായി നിർണായക പ്രകടനം സൂര്യകുമാർ കാഴ്ചവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.