ഇന്ത്യയും പാകിസ്താനുമല്ല ! ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ഏക ഏഷ്യൻ ടീം ഏതെന്നറിയുമോ..?
text_fieldsചൊവ്വാഴ്ച ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റ് സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിലാണ് നടക്കുന്നത്. 2024 ജനുവരി 3-ന് കേപ്ടൗണിലെ ന്യൂലാൻഡ്സ് രണ്ടാം ടെസ്റ്റിനും ആതിഥേയത്വം വഹിക്കും.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര പോലും നേടിയിട്ടില്ല, അതിനാൽ, രോഹിത് ശർമയുടെ നേതൃത്വത്തിൽ, ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീം ഇത്തവണ പുതു ചരിത്രം സൃഷ്ടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ലോകകപ്പിന് ശേഷം വിശ്രമം അനുവദിച്ച മുൻനിര താരങ്ങളായ കോഹ്‍ലിയും രോഹിതും ബുംറയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടെ രവീന്ദ്ര ജദേജയും ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, മുഹമ്മദ് സിറാജ് എന്നിവരും ചേരുന്നതോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാൽ 2024ൽ ടീം ഇന്ത്യക്ക് അത് മികച്ചൊരു തുടക്കമാകും. എന്നാൽ, രണ്ട് മത്സരങ്ങളിലും ജയിച്ചാൽ പോലും ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമാകാൻ ഇന്ത്യക്ക് കഴിയില്ല.
ദക്ഷിണാഫ്രിക്കയിൽ ഇതിനകം ടെസ്റ്റ് പരമ്പര വിജയിച്ച ഒരു ഏഷ്യൻ ടീമുണ്ട്, അത് മറ്റാരുമല്ല ശ്രീലങ്കയാണ്. 2019 ഫെബ്രുവരിയിൽ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലൂടെയാണ്ണ് ദ്വീപുകാർ ആ നാഴികക്കല്ല് പിന്നിട്ടത്.
ദിമുത് കരുണരത്‌നെ നയിച്ച ടീം ഡർബനിലെ കിംഗ്‌സ്‌മീഡിൽ നടന്ന ആദ്യ ടെസ്റ്റിൽ പ്രോട്ടീസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി, തുടർന്ന് സെന്റ് ജോർജ്ജ് പാർക്കിൽ നടന്ന രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ഗംഭീര വിജയവും സ്വന്തമാക്കി. കുശാൽ പെരേര (224 റൺസ്) ആ പരമ്പരയിൽ ശ്രീലങ്കയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. വിശ്വ ഫെർണാണ്ടോ ആയിരുന്നു 12 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിൽ.
അതേസമയം, ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ദക്ഷിണാഫ്രിക്കയിൽ എട്ട് തവണ പര്യടനം നടത്തിയതിൽ ഏഴ് തവണയും പരമ്പര നേടാൻ കഴിഞ്ഞില്ല. 2010-11ലെ പര്യടനത്തിൽ മാത്രമാണ് ഇന്ത്യക്ക് 1-1ന് സമനില പിടിക്കാനായത്. അതേസമയം, പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയിൽ അഞ്ച് ടെസ്റ്റ് പരമ്പരകൾ തോറ്റിട്ടുണ്ട്, 1998 ലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 ന് സമനില നേടാനും കഴിഞ്ഞത് മാത്രമാണ് നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.