ആരൊക്കെയാണ് 2022ലെ മികച്ച ഇന്ത്യൻ താരങ്ങൾ: പട്ടിക പുറത്തുവിട്ട് ബി.സി.സി.ഐ
text_fields2022 ഇന്ത്യൻ ക്രിക്കറ്റിന് നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വർഷമായിരുന്നു. ലോകത്തെ ഒന്നാം നമ്പർ ടീമായി തുടക്കമിട്ട രോഹിത് ശർമയുടെ സംഘത്തിന് ഏതാനും പരമ്പരകൾ സ്വന്തമാക്കാനായെങ്കിലും ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും ഉൾപ്പെടെയുള്ള വലിയ ടൂർണമെന്റുകളിൽ കാലിടറി. എന്നാൽ, വ്യക്തിഗത പ്രകടനങ്ങളിലൂടെ നിരവധി താരങ്ങൾ ലോക ശ്രദ്ധ നേടി.
സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇശാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവരാണ് അതിൽ പ്രധാനികൾ. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ട്വിറ്ററിലൂടെയാണ് ഇവരുടെ പട്ടിക പുറത്തുവിട്ടത്.
2022ലെ മികച്ച ടെസ്റ്റ് ബാറ്ററായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്തിനെ തെരഞ്ഞെടുത്തു. ഏഴ് ടെസ്റ്റുകളിൽ രാജ്യത്തിനായി ഇറങ്ങിയ താരം രണ്ട് സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളും അടക്കം 680 റൺസാണ് അടിച്ചുകൂട്ടിയത്. 61.81 ആണ് ശരാശരി. ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും എതിരെയായിരുന്നു സെഞ്ച്വറി നേട്ടം. ജസ്പ്രീത് ബുംറയാണ് ടെസ്റ്റിലെ മികച്ച ബൗളർ. അഞ്ച് മത്സരങ്ങളിൽ താരം 22 വിക്കറ്റുകള്‍ സ്വന്തമാക്കി. ജൂലൈയിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെതിരെ ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
ഏകദിനത്തിൽ ശ്രേയസ് അയ്യരാണ് മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 17 മത്സരങ്ങളിൽ നിന്നായി 55.69 ശരാശരിയിൽ 724 റൺസാണ് ശ്രേയസ് അടിച്ചെടുത്തത്. സീസണിൽ മൂന്ന് ഫോർമാറ്റിലുമായി കൂടുതൽ റൺസ് നേടിയ താരവും ശ്രേയസ് ആണ്. പേസർ മുഹമ്മദ് സിറാജാണ് മികച്ച ബൗളർ. 15 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
മികച്ച ട്വന്റി 20 ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാർ യാദവാണ്. 31 മത്സരങ്ങളില്‍ നിന്നായി 1164 റണ്‍സാണ് 32കാരൻ അടിച്ചെടുത്തത്. 46.56 ആണ് ശരാശരി. ലോകത്തെ തന്നെ ഒന്നാം നമ്പർ ട്വന്റി 20 ബാറ്ററായാണ് സൂര്യ വർഷം അവസാനിപ്പിച്ചത്. ഈ ഫോർമാറ്റിൽ കലണ്ടർ വർഷം 1000 റൺസ് തികക്കുന്ന രണ്ടാമത്തെ താരമായും താരം മാറിയിരുന്നു. ഭുവനേശ്വര്‍ കുമാറാണ് മികച്ച ബൗളര്‍. 32 മത്സരങ്ങള്‍ കളിച്ച താരം 37 വിക്കറ്റാണ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.