സഞ്ജുവിന് പകരം അപ്രതീക്ഷിത പിൻഗാമി; ജിതേഷ് ശർമയെ അടുത്തറിയാം
text_fieldsനീണ്ട ഇടവേളക്കു ശേഷമായിരുന്നു മലയാളി പ്രതീക്ഷകൾ വാനോളമുയർത്തി സഞ്ജു സാംസൺ ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടമുറപ്പിക്കുന്നത്. താരം പക്ഷേ, ശ്രീലങ്കയുമായുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽതന്നെ പരിക്കുമായി മടങ്ങി. മങ്ങിയ പ്രകടനവും വിമർശനം ചോദിച്ചുവാങ്ങി. പുറത്തായ താരത്തിന് പകരം ആരാകുമെന്ന ചോദ്യം സ്വാഭാവികമായിരുന്നു. വിക്കറ്റിനു പിറകിൽ പകരമെത്തേണ്ട ഋഷഭ് പന്ത് പരിക്കുമായി ആശുപത്രിയിലാകുകയും കെ.എൽ രാഹുൽ ടീമിലില്ലാതാകുകയും ചെയ്തതിൽ പിന്നെ ആർക്കും വിളികിട്ടാമെന്നതായി സ്ഥിതി.
അതിനിടെയാണ് പഞ്ചാബ് കിങ്സ് വിക്കറ്റ് കീപർ ജിതേഷ് ശർമക്ക് നറുക്കുവീഴുന്നത്.
പഞ്ചാബിനൊപ്പമെത്തിയതിൽ പിന്നെയാണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതെങ്കിലും 2017 ൽ മുംബൈ ടീമിൽ ജിതേഷ് ശർമയുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ സീസണിൽ ചെന്നൈ നിരയിലും കളിച്ചു. ആ സീസണിൽ 17 പന്തിൽ 26 റൺസടിച്ച് വാർത്തയായെങ്കിലും പിന്നീട് ടീമിൽ ഇടം കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ പതിയെ പിൻനിരയിലായി.
പഞ്ചാബിനായി താരം ഇതുവരെ 12 കളികളിൽ ഇറങ്ങിയിട്ടുണ്ട്. 10 ഇന്നിങ്സിൽ 234 റൺസാണ് സമ്പാദ്യം. രഞ്ജി ഉൾപ്പെടെ മത്സരങ്ങളിൽ വിദർഭ ടീമിനൊപ്പമാണ് ഇറങ്ങുന്നത്. 2012-13 സീസണിൽ മികച്ച പ്രകടനവുമായാണ് ടീമിൽ സാന്നിധ്യമുറപ്പിക്കുന്നത്. 2014ലാണ് ട്വന്റി20യിൽ അരങ്ങേറ്റം. 2015-16 സീസൺ സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺവേട്ടക്കാരനായി.
ഐ.പി.എല്ലിൽ പക്ഷേ, ഇതുവരെയും വലിയ തുക വാങ്ങാനായിട്ടില്ല. 20 ലക്ഷം നൽകിയായിരുന്നു 2022ൽ പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. കെ.എൽ രാഹുലും പന്തുമില്ലാത്ത ടീമിൽ സഞ്ജുവും മടങ്ങിയതോടെ ഇശാൻ കിഷന് കൂട്ടായാണ് താരമെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.