കന്നിയങ്കത്തിൽ കോഹ്‍ലിപ്പടയെ കറക്കിവീഴ്ത്തി ഈ നിഗൂഢ താരം; കൊൽക്കത്തയുടെ സൂയാഷിനെ തിരഞ്ഞ് ടീമുകൾ
text_fieldsഐ.പി.എല്ലിൽ ഈ സീസണിൽ പുതുതായി കൊണ്ടുവന്ന ഇംപാക്റ്റ് െപ്ലയർ നിയമം ഇത്രമേൽ കാര്യങ്ങളെ മാറ്റിമറിക്കുമെന്ന് കൊൽക്കത്ത നായകൻ നിതീഷ് റാണ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. കളി വിരാട് കോഹ്‍ലിയടക്കം കൊലകൊമ്പന്മാർ അണിനിരക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാകുമ്പോൾ തീർച്ചയായും. എന്നാൽ, ഈഡൻ ഗാർഡൻസിൽ വ്യാഴാഴ്ച ഇംപാക്റ്റ് െപ്ലയറായി പന്തെറിയാനെത്തി എതിരാളികളെ കറക്കിവീഴ്ത്തിയ സൂയാഷ് ശർമയെന്ന കൗമാരക്കാരനെ അടുത്തറിയാനുള്ള പാച്ചിലിലാണ് എതിരാളികൾ.
വരുൺ ചക്രവർത്തി, സുനിൽ നരൈൻ എന്നീ മുൻനിര സ്പിന്നർമാർ പന്തെറിയാനുള്ള കൊൽക്കത്ത നിരയിലാണ് സൂയാഷിനെ ഇംപാക്റ്റ് െപ്ലയറായി ക്യാപ്റ്റൻ അവതരിപ്പിച്ചത്. മൂവർ സംഘത്തിന്റെ സ്പിൻ മാജികിൽ എല്ലാം കൈവിട്ടുപോയ ബാംഗ്ലൂർ 205 എന്ന റൺമല കയറാനാകാതെ പാതിവഴിയിൽ മടങ്ങുകയും ചെയ്തു. 17.4 ഓവർ മാത്രം പിടിച്ചുനിന്ന് 123 റൺസായിരുന്നു ബാംഗ്ലൂരിന്റെ മൊത്തം സമ്പാദ്യം. ദിനേശ് കാർത്തിക് (ഒമ്പത്), അനൂജ് റാവത്ത് (ഒന്ന്), കാൺ ശർമ (ഒന്ന്) എന്നീ നിർണായകമായ മൂന്നു വിക്കറ്റുകളാണ് സൂയാഷ് കറക്കിവീഴ്ത്തിയത്. നാല് ഓവർ എറിഞ്ഞ 19കാരൻ വിട്ടുനൽകിയത് 30 റൺസും.
‘‘സ്വന്തത്തെ കുറിച്ച് ധാരണയുള്ള, ആത്മവിശ്വാസമുള്ള യുവതാരമാണ് സൂയാഷ്. തന്റെ അവസരം എത്തുംവരെ കാത്തിരുന്ന അവൻ പന്തെറിഞ്ഞതു കാണാൻ തന്നെ അതിമനോഹരം’’- കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ വാക്കുകൾ. പുതിയ സീസണിൽ സ്വന്തം മൈതാനത്തെ ആദ്യ കളിയിൽ വെങ്കടേഷ് അയ്യർക്ക് പകരമാണ് ഇംപാക്ട് െപ്ലയറായി സൂയഷ് എത്തിയത്. ഇതുവരെ പ്രഫഷനൽ മത്സരങ്ങളിലൊന്നും ഇറങ്ങിയിട്ടില്ലാത്തവനായിട്ടും കിട്ടിയ ഊഴം സൂയാഷ് അവസരമാക്കുകയായിരുന്നു.
ദേശീയ തലസ്ഥാനത്തുനിന്നുള്ള പുതുമുഖ താരം വലതു കൈയൻ സ്പിന്നറാണ്. ഡൽഹിയിൽ ചെറിയ ക്ലബുകൾക്കൊപ്പമാണ് കളിച്ചുതുടങ്ങിയത്. ട്രയൽസിൽ പുറത്തെടുത്ത മികവാണ് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കൊൽക്കത്തയിൽ അവസരമുറപ്പിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയിട്ട താരത്തിന് കൊൽക്കത്ത മാത്രമായിരുന്നു ആവശ്യക്കാർ. ‘‘ട്രയൽസിൽ അവനെ ശ്രദ്ധിച്ചിരുന്നു. അവന്റെ ബൗളിങ് രീതി ഇഷ്ടമായി. പരിചയക്കുറവുണ്ടെങ്കിലും സമീപനമാണ് ശ്രദ്ധേയം’’- കൊൽക്കത്ത കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറയുന്നു.
എന്നാൽ, ‘മുംബൈയിൽവെച്ചാണ് കൊൽക്കത്ത ക്യാംപിലേക്ക് വിളിയെത്തുന്നത്. കുറെ ദിവസം അവിടെ ചെന്ന് ഞാൻ പന്തെറിഞ്ഞു. തയാറാകാൻ എന്നോട് പറഞ്ഞത് അഭിഷേക് നായരാണ്. കൊൽക്കത്ത എന്നെ എടുത്തെന്ന് ടി.വിയിലാണ് ഞാൻ അറിഞ്ഞത്. പിന്നീടെല്ലാം ഒരു സ്വപ്നം പോലെയായിരുന്നു’’- എന്ന് സൂയാഷും പറയുന്നു.
ബാംഗ്ലൂരിനെതിരായ കളി 81 റൺസിനാണ് കൊൽക്കത്ത ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.