കപിൽ ദേവിനെ തട്ടിക്കൊണ്ടുപോയതാര്?; ആരാധകരെ ആശങ്കയിലാക്കിയ വിഡിയോക്ക് പിന്നിലെ യാഥാർഥ്യം പുറത്ത്
text_fieldsഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ ആശങ്കക്കും ചോദ്യങ്ങൾക്കും ഉത്തരവുമായി പുതിയ വിഡിയോ പുറത്ത്. കഴിഞ്ഞ ദിവസമാണ് കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടിയും വായ തുണികൊണ്ട് കെട്ടിയും രണ്ടുപേര്‍ ചേര്‍ന്ന് മുൻ ഇന്ത്യൻ നായകനെ നടത്തിക്കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കം ഈ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നിലെ യാഥാർഥ്യം എന്താണെന്ന് ചോദിച്ചായിരുന്നു ഗംഭീർ വിഡിയോ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. ഇത് യഥാർഥ കപില്‍ദേവ് അല്ലെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
കപിലിനെ ഒരു ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്കാണ് നടത്തിക്കൊണ്ടുപോകുന്നത്. 10 സെക്കന്‍ഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നടക്കുന്നതിനിടെ കപില്‍ നിസ്സഹായനായി തിരിഞ്ഞുനോക്കുന്നുമുണ്ട്. വിഡിയോ പുറത്തുവന്നതോടെ ആരാധകർ യാഥാർഥ്യമറിയാനുള്ള ചോദ്യങ്ങളുമായെത്തി. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണോ യഥാർഥമാണോ എന്ന് പലരും കമന്‍റിലൂടെ ചോദിച്ചു.
യാഥാർഥ്യം വ്യക്തമാക്കുന്ന മറ്റൊരു വിഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോൾ. കപിലിനെ ഒരു പഴയ വീട്ടിൽ കെട്ടിയിടുകയും ചുറ്റും ഒരു സംഘം ആളുകൾ നിലയുറപ്പിക്കുകയും ചെയ്ത വിഡിയോയിൽ പൊലീസ് വന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണത്തിന്റെ പ്രചാരണാർഥം ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണമായിരുന്നു ഇത്. പുതിയ വിഡിയോയും പങ്കുവെച്ച ഗൗതം ഗംഭീർ സമൂഹ മാധ്യമത്തിൽ ഇങ്ങനെ കുറിച്ചു, ‘പാജി നന്നായി കളിച്ചു! അഭിനയത്തിന്റെ ലോകകപ്പും നിങ്ങൾ നേടും! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആപ്പ് വഴി ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൗജന്യമായി കാണാമെന്ന് എപ്പോഴും ഓർക്കുക’ എന്ന കുറിപ്പോടെ കപിലിനെ ടാഗ് ചെയ്താണ് ഗംഭീർ പുതിയ വിഡിയോ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.