ആരാകും ഏകദിൻ കാ സുൽത്താൻ
text_fieldsഅഹ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ രാജകിരീടത്തിനായുള്ള പോരാട്ടത്തിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. 2019ലെ ഫൈനലിന്റെ തനിയാവർത്തനമായി നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണേഴ്സ്അപ്പായ ന്യൂസിലൻഡുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുന്നത്. 1.30 ലക്ഷം പേർക്ക് കളികാണാനാവുന്ന വമ്പൻ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നുണ്ടെങ്കിലും അഹ്മദാബാദിൽ തെളിഞ്ഞ കാലാവസ്ഥയാണ്. മഴയുടെ ലക്ഷണങ്ങളില്ല. കളി തുടങ്ങുമ്പോൾ 36 ഡിഗ്രി സെൽഷ്യസ് ചൂടായിരിക്കും. രാത്രിയിൽ താപനില 28 ഡിഗ്രിയിലേക്കു താഴും. വൈകീട്ടോടെ മഞ്ഞുണ്ടാകുന്നത് ഇരുക്യാപ്റ്റന്മാർക്കും തലവേദനയാകും. ബൗളർമാർക്കായിരിക്കും കൂടുതൽ ബുദ്ധിമുട്ട്.
മൂന്നു പിച്ചുകളാണ് മോദി സ്റ്റേഡിയത്തിലുള്ളത്. കരിമണ്ണിലുള്ള പിച്ചിൽ കൂടുതൽ ബൗൺസുണ്ടാകുമെങ്കിലും റൺസ് സ്കോർ ചെയ്യാൻ ഏറെ അവസരങ്ങളുണ്ടാകും. ചുവന്ന മണ്ണുള്ള പിച്ച് എളുപ്പം വരണ്ട സ്വഭാവം കാണിക്കും. കളി പുരോഗമിക്കുമ്പോൾ സ്ലോ ബൗളർമാർക്കും സ്പിന്നർമാർക്കും അനുകൂലമാകും.
രണ്ടു തരം മണ്ണും ചേർന്ന പിച്ചും റൺസൊഴുകാൻ കെൽപുള്ളതാണ്. ഏതു പിച്ചിലാകും കളിയെന്ന് വ്യക്തമായിട്ടില്ല. ഐ.പി.എല്ലിൽ 200ലധികം റൺസ് പോലും ഇവിടെ വിജയകരമായി പിന്തുടർന്നിട്ടുണ്ട്. എന്നാൽ, അവസാനം നടന്ന ഏകദിനത്തിൽ 266 ആയിരുന്നു സ്കോർ.
മുൻതൂക്കം ഇംഗ്ലണ്ടിന്
ടെസ്റ്റ് ക്രിക്കറ്റിൽപോലും ഏകദിനശൈലിയിൽ ബാറ്റ് വീശുന്ന ഇംഗ്ലണ്ടിനുതന്നെയാണ് ന്യൂസിലൻഡിനെതിരെ ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. നാലു വർഷത്തിനുള്ളിൽ വിവിധ ഫോർമാറ്റുകളിൽ മൂന്നാം ലോകകപ്പ് നാട്ടിലെത്തിക്കാനാണ് ഇംഗ്ലീഷ് താരങ്ങളുടെ ശ്രമം.
കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ആസ്ട്രേലിയയിൽ നിർണായക പങ്കുവഹിച്ച മോയിൻ അലി, ക്രിസ് വോക്സ്, സാം കറൻ തുടങ്ങിയ ഓൾറൗണ്ടർമാരുടെ ഒരു നിരതന്നെ അവർക്കുണ്ട്. ജോസ് ബട്ലറിന്റെ നേതൃത്വത്തിലുള്ള ടീം എല്ലാ മേഖലയിലും ശക്തരാണ്. കഴിഞ്ഞ ഫൈനലിലെ ഹീറോയായിരുന്ന ബെൻ സ്റ്റോക്സ് റിട്ടയർമെന്റ് പ്രഖ്യാപിച്ചശേഷം ആഗസ്റ്റിൽ ടീമിലേക്ക് തിരിച്ചുവരുകയായിരുന്നു.
ബാറ്റർ എന്ന നിലയിൽ കളിക്കാനിരുന്ന സ്റ്റോക്സ് ഇടുപ്പിനേറ്റ പരിക്കു കാരണം ഇന്ന് കളിക്കാൻ സാധ്യത മങ്ങിയതായാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്നുള്ള വാർത്തകൾ. ഗുവാഹതിയിൽ നടന്ന വാംഅപ് മത്സരത്തിൽ സ്റ്റോക്സ് കളിച്ചിരുന്നില്ല. കൂടുതൽ റിസ്കെടുക്കാനില്ലെന്നാണ് ക്യാപ്റ്റൻ ജോസ് ബട്ലറുടെ പ്രതികരണം.
ന്യൂസിലൻഡിനെതിരെ രണ്ടാഴ്ച മുമ്പ് 182 റൺസ് സ്റ്റോക്സ് അടിച്ചെടുത്തിരുന്നു. സന്നാഹമത്സരത്തിൽ കളിച്ച ഹാരി ബ്രൂക്കായിരിക്കും സ്റ്റോക്സിന്റെ പകരക്കാരൻ. ന്യൂസിലൻഡിനെതിരെ 3-1ന് പരമ്പര ജയിച്ചാണ് ഇംഗ്ലീഷുകാരുടെ വരവ്.
2019ലെ ലോകകപ്പിനുശേഷം 19 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ജോ റൂട്ടിൽ ഇംഗ്ലണ്ട് ഇത്തവണയും ഏറെ പ്രതീക്ഷയർപ്പിക്കുന്നു. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയർസ്റ്റോ തുടങ്ങിയ വെടിക്കെട്ട് വീരന്മാരും ടീമിലുണ്ട്. മാർക്ക് വുഡിന്റെ എക്സ്പ്രസ് പേസും ഐ.പി.എൽ അനുഭവവും ഇംഗ്ലണ്ടിന് മുൻതൂക്കം നൽകുന്നു. ലെഗ് സ്പിന്നർ ആദിൽ റഷീദും ഇന്ത്യൻ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധ്യതയുള്ള താരമാണ്.
പരിക്കിന്റെ കിവീസ്
ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും പരിക്കിൽനിന്ന് മോചിതരാകുന്നതേയുള്ളൂ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ സൗത്തിയുടെ വിരലിന് പരിക്കേറ്റിരുന്നു. ഡാരിൽ മിച്ചലും ഡെവൺ കോൺവേയും ന്യൂസിലൻഡിന് ആത്മവിശ്വാസം നൽകും.
ഈ വർഷം 17 ഏകദിനങ്ങളിൽനിന്ന് മൂന്ന് അർധസെഞ്ച്വറികളോടെ 25.93 ശരാശരി മാത്രമുള്ള ബാറ്ററായ ടോം ലാഥമാണ് താൽക്കാലിക ക്യാപ്റ്റൻ. ജെയിംസ് നീഷാമും ഗ്ലെൻ ഫിലിപ്സും ഐ.പി.എല്ലിലടക്കമുള്ള പരിചയം മുതലെടുക്കാനാവുന്ന ബാറ്റർമാരാണ്. 14 മത്സരങ്ങളിൽനിന്ന് 44.46 ശരാശരിയിൽ 578 റൺസ് നേടിയ വിൽ യങ് ഫോമിലാണ്.
14 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റ് നേടിയ മാറ്റ് ഹെൻറി, വെറ്ററൻ താരം ട്രെന്റ് ബോൾട്ട്, 21 വിക്കറ്റുമായി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ലോക്കി ഫെർഗൂസൺ എന്നിവരാകും സൗത്തിയുടെ അഭാവത്തിൽ ബൗളിങ്ങിലെ പ്രധാനികൾ.
പോരാട്ട സംഘം
ഇംഗ്ലണ്ട്: ജോസ് ബട്ലർ (ക്യാപ്റ്റൻ), ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി, ക്രിസ് വോക്സ്, സാം കറൻ, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി, ഗസ് അറ്റ്കിൻസൺ.
ന്യൂസിലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി.
സമ്മർദമുണ്ടെന്ന് രോഹിത് ശർമ
അഹ്മദാബാദ്: സ്വന്തം നാട്ടിലെ ലോകകപ്പിൽ ഇന്ത്യൻ ടീം കടുത്ത സമ്മർദത്തെ നേരിടേണ്ടിവരുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാം തവണയും കിരീടം നേടാൻ ടീമിന് സാധ്യതയേറെയാണെന്നും ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. മികച്ച കളി പുറത്തെടുക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്ന് ‘ക്യാപ്റ്റൻസ് ഡേ’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സമ്മർദങ്ങൾ മറക്കാനും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രോഹിത് സഹതാരങ്ങളോട് അഭ്യർഥിച്ചു. ഇന്ത്യയിലായാലും പുറത്തായാലും കളിക്കാർക്ക് സമ്മർദമുണ്ടാകും. ലോകകപ്പിന് മുന്നോടിയായുള്ള തയാറെടുപ്പുകൾ സമ്മർദം അതിജീവിക്കാൻ സഹായകമായി. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗുവാഹതിയിലും തിരുവനന്തപുരത്തും മഴ പെയ്തതിനാൽ സന്നാഹ മത്സരങ്ങൾ കളിക്കാതെയാണ് ടീം ലോകകപ്പിലിറങ്ങുന്നത്.
അഹ്മദാബാദിൽ കനത്ത സുരക്ഷ
അഹ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനമത്സരം നടക്കുന്ന അഹ്മദാബാദിൽ കനത്ത സുരക്ഷ. ഖാലിസ്താനി വിഘടനവാദികളുടെ ഭീഷണിയുള്ളതിനാൽ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും അഹ്മദാബാദിന്റെ മറ്റു ഭാഗങ്ങളിലും 3500ഓളം പൊലീസുകാരെ വിന്യസിക്കും. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സെക്ടർ ഒന്ന് ജോയന്റ് പൊലീസ് കമീഷണർ ചിരാഗ് കൊറാഡിയ പറഞ്ഞു.
സുരക്ഷക്ക് മേൽനോട്ടം വഹിക്കാൻ 16 ഐ.പി.എസ് ഉദ്യോഗസ്ഥരുണ്ടാകും. തുടർന്നുള്ള മത്സരങ്ങളിലും ഇതേ സുരക്ഷ തുടരും. സ്റ്റേഡിയത്തിനകത്തും പുറത്തും കളിക്കാർ ഹോട്ടലിൽനിന്ന് സ്റ്റേഡിയത്തിലെത്തുന്ന റോഡുകളിലും ട്രാഫിക് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3500ഓളം പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.