സൂര്യകുമാറിന്‍റെ സൂപ്പർ ക്യാച്ച്; വിക്കറ്റ് ആഘോഷത്തിനിടെ താരത്തിന് കൈകൊടുക്കാൻ വിസമ്മതിച്ച് ഹാർദിക്!
text_fieldsകൊളംബോ: ഏഷ്യ കപ്പ് സൂപ്പർ ഫോർ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിന് പരാജയപ്പെടുത്തിയാണ് രോഹിത്ത് ശർമയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയെ 49.1 ഓവറിൽ 213 റൺസിന് പുറത്താക്കിയെങ്കിലും തകർപ്പൻ ബൗളിങ്ങിലൂടെ സന്ദർശകർ വിജയം സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നർ കുൽദീപ് യാദവിന്‍റെ ബൗളിങ് മികവിൽ ആതിഥേയർ 41.3 ഓവറിൽ 172ന് ഓൾ ഔട്ടായി. 43 റൺസ് വഴങ്ങി കുൽദീപ് നാല് വിക്കറ്റെടുത്തു. ഫൈനൽ തേടി വ്യാഴാഴ്ച ശ്രീലങ്കയും പാകിസ്താനും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവരാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
എന്നാൽ, ലങ്കക്കെതിരായ മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ഗ്രൗണ്ടിലെത്തിയ സൂര്യകുമാർ യാദവിന് ഹാർദിക് പാണ്ഡ്യ കൈകൊടുക്കാൻ വിസമ്മതിക്കുന്ന വിഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ഹാർദിക് എറിഞ്ഞ 41ാമത്തെ ഓവറിൽ അഞ്ചാമത്തെ പന്തിൽ സൂര്യകുമാറിന്‍റെ ഒരു കിടിലൻ ക്യാച്ചിലൂടെയാണ് മഹീഷ് തീക്ഷ്ണ പുറത്താകുന്നത്. പിന്നാലെ ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷിക്കാനായി ഒത്തുകൂടി.
ഇതിനിടെ സൂര്യകുമാർ തന്നെ അഭിനന്ദിക്കാൻ ഓടിയെത്തിയ ഹാർദിക്കിനു നേരെ കൈനീട്ടിയെങ്കിലും താരം കൈകൊടുക്കാൻ വിസമ്മതിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹാർദിക് കൈ പിൻവലിക്കുന്നതും പകരം മറ്റേ കൈകൊണ്ട് സൂര്യയുടെ തോളിൽ തട്ടി അഭിനന്ദിക്കുന്നതും ദൃശ്യത്തിൽ കാണാനാകും. ക്യാച്ചെടുക്കുന്നതിനിടെ സൂര്യയുടെ വിരലിന് പരിക്കേറ്റതുകൊണ്ടാകാം ഹാർദിക് കൈ കൊടുക്കാതെ തോളിൽ തട്ടി അഭിനന്ദിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, ഇരുവർക്കും ഇടയിൽ ഭിന്നതയുണ്ടെന്നും അതുകൊണ്ടാണ് കൈകൊടുക്കാൻ വിസമ്മതിച്ചതെന്നും മറ്റു ചിലർ പറയുന്നു.
ക്യാച്ചിനു പിന്നാലെ സൂര്യകുമാർ വിരൽ ഉഴിയുന്നതും ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് സൂപ്പർ ഫോറിലെ അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.