Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജുവിന് ഇന്ത്യൻ...

സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം കുറയുന്നത് മോശം ഷോട്ട് സെലക്ഷൻ കാരണം; വിമർശനവുമായി ഗവാസ്കർ

text_fields
bookmark_border
Sanju Samson
cancel
camera_alt

രാജസ്ഥാൻ റോയൽസ് കാപ്റ്റൻ സഞ്ജു സാംസൺ സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ (AFP Photo)

ചെന്നൈ: ഐ.പി.എൽ ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് കാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത്. സഞ്ജുവിന്റേത് മോശം ഷോട്ട് സെലക്ഷനാണെന്നും, ഈ സമീപനം കാരണമാണ് താരത്തിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാത്തതെന്നും ഗവാസ്കർ പറഞ്ഞു. മത്സരത്തിൽ 11 പന്തിൽ 10 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അഭിഷേക് ശർമയുടെ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ലോങ് ഓണിൽ എയ്ഡൻ മാർക്രമിന്റെ കൈകളിൽ സഞ്ജുവിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം രാജസ്ഥാന്റെ പരാജയത്തിൽ നിർണായകമായ സഞ്ജുവിന്റെയും റിയാൻ പരാഗിന്റെയും വിക്കറ്റുകൾ നഷ്ടമായ സാഹചര്യം വിലയിരുത്തവെയാണ് ഗവാസ്കർ ഇക്കാര്യം പറഞ്ഞത്. “നിർണാ‍യക മത്സരത്തിൽ ജയിക്കാനാവാതെ ടൂർണമെന്റിൽ 500 റൺസ് നേടിയിട്ട് എന്താണ് കാര്യം? വമ്പൻ ഷോട്ടുകൾ കളിച്ചാണ് എല്ലാവരും പുറത്തായത്. എന്തുകൊണ്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കാത്തത്? അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ് എപ്പോഴും കുഴപ്പമാകുന്നത്. ഷോട്ട് സെലക്ഷൻ മികച്ചതാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ കാലം ഇന്ത്യൻ ടീമിൽ കളിക്കാനാവും. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടാനായത് അദ്ദേഹത്തിന് ലഭിച്ച വലിയ അവസരമാണ്. അതിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിനു കഴിയും” -ഗവാസ്കർ പറഞ്ഞു.

ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റിയാൻ പരാഗും (10 പന്തിൽ ആറ്) വലിയ ഷോട്ടിന് ശ്രമിച്ചാണ് ഇന്നലെ പുറത്തായത്. ഷഹബാസ് അഹമ്മദിന്റെ പന്തിൽ അഭിഷേക് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. ഇതോടെ 11.1 ഓവറിൽ നാലിന് 79 എന്ന നിലയിലേക്ക് വീണ രാജസ്ഥാന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അർധ സെഞ്ചറി നേടിയ ധ്രുവ് ജുറേൽ (35 പന്തിൽ 56*), ഓപ്പണർ യശസ്വി ജയ്സ്വാൾ (21 പന്തിൽ 42) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ്, രാജസ്ഥാനു മുന്നിൽ 176 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. രാജസ്ഥാന്റെ മറുപടി 139ൽ അവസാനിച്ചു. 36 റൺസിന്റെ ആധികാരിക ജയവുമായാണ് സൺറൈസേഴ്സ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. കലാശപ്പോരാട്ടം ഞായറാഴ്ച ചെന്നൈയിൽ നടക്കും. ആദ്യ ക്വാളിഫയറിൽ ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഫൈനലിൽ ഓറഞ്ച് പടയുടെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonSunil GavaskarSunrisers HyderabadRajasthan RoyalsIPL 2024
News Summary - "Why has Samson not had a steady India career?" - Sunil Gavaskar on Sanju Samson's 'glamorous' shot in RR's IPL 2024 Qualifier 2 loss to SRH
Next Story