ഷൂവിൽ ദ്വാരമിട്ട് ഷമിയുടെ ബൗളിങ്; ദാരിദ്ര്യമല്ല മുൻകരുതലെന്ന് വിദഗ്ധർ
text_fieldsഅഡ്ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിെൻറ രണ്ടാം ദിനത്തിലാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾ പേസർ മുറമ്മദ് ഷമിയുടെ കാലുകളിൽ പതിഞ്ഞത്. ഇടതു കാലിലെ ഷൂവിെൻറ മുന്‍ ഭാഗത്ത് ദ്വാരവുമായിട്ടായിരുന്നു ഷമിയുടെ ബൗളിങ്. ഒരു വിരല്‍ പുറത്തുകാണാൻ പാകത്തിനായിരുന്നു ദ്വാരമുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ബി.സി.സി.െഎക്ക് ഷൂ വാങ്ങാൻ പണമില്ലാത്തതാണോ എന്ന് ഒരുനിമിഷം ടീം ഇന്ത്യ ആരാധകർ സംശയിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്ന ഖ്യാതിയുള്ള ബിസിസിഐയുടെ ഗതികേടിൽ പലരും പരിതപിച്ചു. എന്നാൽ സംഗതി പുതിയ തന്ത്രമാണെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ബൗള്‍ ചെയ്യവെ ലാന്‍ഡിങിനിടെ കാല്‍വിരല്‍ സ്വതന്ത്രമാവുന്നതിനു വേണ്ടിയാണത്രെ ഷൂവിൽ ദ്വാരമിട്ടിരിക്കുന്നത്. കാല്‍വിരലിനു പരിക്കേല്‍ക്കുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കും. മുന്‍ കാലങ്ങളില്‍ ലോകത്തിലെ പല ഫാസ്റ്റ് ബൗളര്‍മാരും ഈ തന്ത്രം പരീക്ഷിച്ചിരുന്നതായി കാണാം. പാകിസ്ഥാൻ ഫാസ്റ്റ് ബൗളര്‍മാരില്‍ ചിലര്‍ ഇതുപോലെ ഷൂവിെൻറ മുന്‍ഭാഗത്ത് ദ്വാരമിട്ടിരുന്നു.
ആസ്ട്രേലിയൻ മണ്ണിൽ ആദ്യമായി പിങ്ക് പന്തിൽ രാപ്പകൽ ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 244 റൺസിന് പുറത്തായി. നാല് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് പിഴുത കമ്മിൻസുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. കളിയുടെ ആദ്യ ഓവറിൽതന്നെ വിക്കറ്റ് നഷ്ടമായി തുടങ്ങിയ ഇന്ത്യ ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തിരുന്നത്. രണ്ടാം ദിനം 11 റൺസ് ചേർത്തപ്പോഴേക്കും ബാക്കി നാല് വിക്കറ്റും നഷ്ടമായി. 3.1 ഓവർ മാത്രമാണ് ആസ്ട്രേലിയൻ ബൗളർമാർക്ക് വെള്ളിയാഴ്ച എറിയേണ്ടി വന്നത്.
അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിക്കു പുറമെ, ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമാണ് കഴിഞ്ഞദിവസം വൻഅപകടത്തിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്. പിങ്കുപന്തിൽ കളിക്കേണ്ടത് എങ്ങനെയെന്ന ആശയക്കുഴപ്പം ഇന്ത്യൻ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.