ആദ്യ ബാളിൽ വിക്കറ്റ്; അർഷ്ദീപ് സിങ്ങിന് അപൂർവ റെക്കോഡ്
text_fieldsന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യു.എസ്.എക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് അപൂർവ റെക്കോഡ്. യു.എസ് ഓപണർ ഷയാൻ ജഹാംഗീറിനെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുക്കുന്ന അഞ്ചാമത്തെ ബൗളറും ആദ്യ ഇന്ത്യക്കാരനുമായി അർഷ്ദീപ്. 2014ലെ ലോകകപ്പിൽ ബംഗ്ലാദേശിന്റെ മഷ്റഫെ മുർതസയും അഫ്ഗാനിസ്ഥാന്റെ ഷപൂർ സദ്റാനും ആദ്യ പന്തിൽ എതിർ ബാറ്റർമാരെ വീഴ്ത്തിയപ്പോൾ നമീബിയൻ താരം റൂബൻ ട്രംപിൾമാൻ 2021, 2024 ലോകകപ്പുകളിലായി രണ്ടുതവണ ഈ നേട്ടത്തിലെത്തിയിരുന്നു.
ഒമ്പത് റൺസ് മാത്രം വഴങ്ങി അർഷ്ദീപ് നാല് വിക്കറ്റ് പിഴുത മത്സരത്തിൽ ഇന്ത്യക്ക് മുമ്പിൽ 111 റൺസ് വിജയലക്ഷ്യമാണ് യു.എസ്.എ കുറിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് ഇരട്ട പ്രഹരമാണ് ഏൽപിച്ചത്. ആദ്യ പന്തിൽ ഷയാൻ ജഹാംഗീറിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയ താരം അവസാന പന്തിൽ ആൻഡ്രീസ് ഗൗസിനെ (രണ്ട്) ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയും ചെയ്തു. സ്കോർ ബോർഡിൽ 25 റൺസായപ്പോഴേക്കും മൂന്നാം വിക്കറ്റും വീണു. താൽക്കാലിക ക്യാപ്റ്റൻ ആരോൺ ജോൺസിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. 22 പന്തിൽ 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഒരുവശത്ത് പിടിച്ചുനിന്ന സ്റ്റീവൻ ടെയ്‍ലറുടേതായിരുന്നു അടുത്ത ഊഴം. 30 പന്തിൽ 24 റൺസെടുത്ത താരത്തിന്റെ അക്സർ പട്ടേലിനെതിരായ ഷോട്ട് പിഴച്ചപ്പോൾ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ നിതീഷ് കുമാറിനെ (23 പന്തിൽ 27) അർഷ്ദീപിന്റെ പന്തിൽ മുഹമ്മദ് സിറാജ് ബൗണ്ടറി ലൈനിൽ ഉയർന്നുചാടി മനോഹരമായി കൈയിലൊതുക്കി. 12 പന്തിൽ 15 റൺസെടുത്ത കോറി ആൻഡേഴ്സണെ ഹാർദിക് പാണ്ഡ്യയും പത്ത് പന്തിൽ അത്രയും റൺസെടുത്ത ഹർമീത് സിങ്ങിനെ അർഷ്ദീപും വിക്കറ്റ് കീപ്പർ ഋഷബ് പന്തിനെ ഏൽപിച്ചതോടെ യു.എസ്.എ ഏഴിന് 98 റൺസെന്ന നിലയിലായി. ഷാഡ്‍ലി വാൻ ഷാൽക് വെയ്ക് 11 റൺസുമായി പുറത്താകാതെനിന്നപ്പോൾ ജസ്ദീപ് സിങ് (2) അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങി.
ഇന്ത്യൻ ബൗളർമാരിൽ നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി അർഷ്ദീപ് നാലുപേരെ മടക്കിയപ്പോൾ ഹാർദിക് പാണ്ഡ്യ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.