‘ഉംറാൻ മാലികിനെക്കാൾ വേഗത്തിൽ പന്തെറിയാൻ ഞാനുണ്ട്’- പ്രഖ്യാപനവുമായി പുതിയ പാക് താരം
text_fieldsമുമ്പ് ഷുഐബ് അഖ്തറും ബ്രെറ്റ് ലീയും എറിഞ്ഞ അതിവേഗ പന്തുകളെ തോൽപിക്കാൻ ജമ്മു കശ്മീരിൽനിന്നൊരു പയ്യൻ വന്നതായിരുന്നു ഉംറാൻ മാലിക്. മാരക വേഗവുമായി ഐ.പി.എല്ലിൽ ഹൈദരാബാദിനു വേണ്ടിയും ദേശീയ ജഴ്സിയിലും തിളങ്ങിയ താരം ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയവനാണ്. 157 കിലോമീറ്ററാണ് താരം എറിഞ്ഞത്. ദേശീയ കുപ്പായത്തിലാകട്ടെ ശ്രീലങ്കക്കെതിരെ 156 കിലോമീറ്റർ എറിഞ്ഞതാണ് റെക്കോഡ്. സ്ഥിരമായി 150 കിലോമീറ്ററിലേറെ വേഗത്തിൽ എറിയാനാകുന്നുവെന്നതാണ് ഉംറാൻ മാലികിന്റെ സവിശേഷത.
എന്നാൽ, പാകിസ്താൻ സൂപർ ലീഗിൽ കളിക്കുള്ള ഇഹ്സാനുല്ലയാണ് പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. ‘‘ഉംറാൻ മാലികിനെക്കാൾ വേഗത്തിൽ പന്തെറിയാൻ ശ്രമിക്കും. ഉംറാൻ എറിഞ്ഞത് 157 കിലോമീറ്റർ വേഗത്തിലാണ്. അയാളെക്കാൾ വേഗത്തിലെറിയാൻ ഞാൻ ശ്രമിക്കും. 160 കിലോമീറ്റർ വേഗത്തിൽ എറിയും’’- ഇഹ്സാനുല്ല പറയുന്നു.
കഴിഞ്ഞ ദിവസം പി.എസ്.എല്ലിൽ 12 റൺസ് വിട്ടുനൽകി അഞ്ചു വിക്കറ്റാണ് ഇഹ്സാനുല്ല വീഴ്ത്തിയത്. അതും ജാസൺ റോയ്, ഉമർ അക്മൽ, സർഫറാസ് അഹ്മദ്, ഇഫ്തിഖാർ അഹ്മദ്, നസീം ഷാ എന്നീ വിലപ്പെട്ട വിക്കറ്റുകൾ.
140 കിലോമീറ്ററിലേറെ വേഗത്തിലാണ് നിലവിൽ ഇഹ്സാനുല്ലയുടെ ശരാശരി. സർഫറാസിനെ ക്ലീൻ ബൗൾഡാക്കിയ പന്ത് 150.3 കിലോമീറ്റർ വേഗത്തിലാണ് പറന്നത്.
അതേ സമയം, പേസർമാർക്ക് പേരുകേട്ട് പാക് നിരയിൽ ഇഹ്സാനുല്ലയെക്കാൾ വേഗത്തിൽ എറിയുന്നവർ വേറെയുമുണ്ട്. ഹാരിസ് റഊഫിനെ ഒരേ വേഗം നിലനിർത്തി എറിയാൻ ഉംറാൻ മാലികിനു പോലും ആകാറില്ലെന്ന് മുൻ പാക് താരം ആക്വിബ് ജാവെദ് പറയുന്നു. ആദ്യ സ്പെല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ എറിയുന്ന ഉംറാൻ അവസാനത്തിലേക്ക് എത്തുമ്പോൾ അത് 138 കിലോമീറ്ററായി താഴുന്നു. ഇത് സ്ഥിരതയുടെ പ്രശ്നമാണെന്നും ഒരിക്കൽ ഉയർന്ന വേഗത്തിൽ എറിഞ്ഞാൽ എല്ലാമാകുന്നില്ലെന്നും ആക്വിബ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.