ചരിത്രം വഴിമാറുമോ?; സൂര്യയെ കാത്ത് മറ്റൊരു റെക്കോഡ്
text_fieldsരാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയന്റ് നേടുന്ന ബാറ്ററെന്ന നേട്ടത്തിനരികെ ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ട്വന്റി 20 ബാറ്റർമാരിൽ 908 റേറ്റിങ് പോയന്റുമായി ബഹുദൂരം മുന്നിലാണ് സൂര്യ. രണ്ടാമതുള്ള പാകിസ്താൻ താരം മുഹമ്മദ് റിസ്‍വാന് 836 റേറ്റിങ് പോയന്റ് മാത്രമാണുള്ളത്. മൂന്നാമതുള്ള ന്യൂസിലാൻഡിന്റെ ദെവോൺ കോൺവേക്ക് 788 പോയന്റാണുള്ളത്.
ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 47 റൺസെടുത്തതോടെ 910 പോയന്റിൽ എത്തിയിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ 26 റൺസെടുക്കാൻ കൂടുതൽ ബാളുകൾ നേരിട്ടതോടെ രണ്ട് പോയന്റ് പിന്നോട്ട് പോകുകയായിരുന്നു. വ്യാഴാഴ്ച ന്യൂസിലാൻഡുമായി മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ താരത്തിന് പോയന്റ് മെച്ചപ്പെടുത്താൻ അവസരമുണ്ട്. 2020ൽ 915 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് മലാന്റെ പേരിലാണ് കൂടുതൽ റേറ്റിങ് പോയന്റ് എന്ന റെക്കോർഡ്.
2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ രാജ്യാന്തര ട്വന്റി 20യിൽ അരങ്ങേറിയ സൂര്യ 47 മത്സരങ്ങളിൽനിന്ന് 47.17 ശരാശരിയിൽ 1651 റൺസാണ് ഇതുവരെ നേടിയത്. മൂന്ന് സെഞ്ചറികളും 13 അർധസെഞ്ചറികളും അടിച്ചുകൂട്ടിയ സൂര്യ 94 സിക്സറുകളും 149 ഫോറുകളും നേടിയിട്ടുണ്ട്.
2022ൽ മികച്ച ട്വന്റി 20 താരമായി ഐ.സി.സി 32കാരനെ തെരഞ്ഞെടുത്തിരുന്നു. ട്വന്റി 20യിൽ കലണ്ടർ വർഷം ആയിരത്തിലധികം റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും സൂര്യകുമാർ മാറി. 31 മത്സരങ്ങളിൽനിന്ന് 46.56 ശരാശരിയിൽ 1164 റൺസാണ് സൂര്യ കഴിഞ്ഞ വർഷം അടിച്ചെടുത്തത്. 187.43 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 68 സിക്സറുകൾ നേടി ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.