ധോണിയെ ചെന്നൈ നിലനിർത്തുമോ? താരം സി.എസ്.കെ അധികൃതരെ കാണും; ആകാംക്ഷയോടെ ആരാധകർ
text_fieldsചെന്നൈ: ഐ.പി.എൽ മെഗാ താരലേലത്തിനു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കൈമാറാനുള്ള സമയം ഈമാസം 31ന് അവസാനിക്കും. പരമാവധി ആറു താരങ്ങളെയാണ് ഒരു ടീമിൽ നിലനിർത്താനാകു.
ആരൊക്കെ ടീമിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ ചുറ്റിപ്പറ്റിയാണ് പ്രധാന ചർച്ചകളെല്ലാം നടക്കുന്നത്. താരത്തെ ചെന്നൈ ഇത്തവണ നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വരുന്ന സീസണില്‍ കളിക്കുമോ എന്ന കാര്യത്തിൽ ധോണിയും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഐ.പി.എല്ലില്‍ മുമ്പുണ്ടായിരുന്ന അണ്‍കാപ്ഡ് നിയമം അടുത്തിടെ ഐ.പി.എല്‍ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു.
ഇത് ധോനിക്കു വേണ്ടിയാണെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചു വര്‍ഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ് ഈ നിയമം. ഇതോടെ ചെന്നൈക്ക് നാലു കോടി രൂപക്ക് ധോണിയെ ടീമില്‍ നിലനിര്‍ത്താനാകും. എന്നാൽ, ചെന്നൈ ഇതിന് തയാറാകുമോ, ധോണി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനിടെയാണ് താരം സി.എസ്.കെ അധികൃതരുമായി വരുന്ന ദിവസം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഈമാസം 29നോ 30നോ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. 28ന് കാണാനായിരുന്നു സി.എസ്.കെ അധികൃതർ ആഗ്രഹിച്ചതെങ്കിലും അന്നു താരത്തിന് ഒഴിവില്ലാത്തതിനാലാണ് മാറ്റിയത്. അതിനാൽ ആരാധകർക്ക് അന്നുവരെ കാത്തിരിക്കേണ്ടി വരും. 2019ൽ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്.
അതേസമയം, ധോണി ഉൾപ്പെടെ അഞ്ചു താരങ്ങളെ ടീമിൽ നിലനിർത്താൻ മാനേജ്മെന്‍റ് തീരുമാനമെടുത്തെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. നായകൻ ഋതുരാജ് ഗെയ്ക് വാദ്, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, ശിവം ദുബെ, ശ്രീലങ്കൻ പേസർ മതീഷ പതിരന എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.