പടിക്കലിനും സഞ്ജുവിനും ശ്രീലങ്കക്കെതിരെ കളിക്കാൻ അവസരം ലഭിക്കുമോ? സൂചന നൽകി ദ്രാവിഡ്
text_fieldsന്യൂഡൽഹി: അടുത്തമാസം ശ്രീലങ്കക്കെതിരെ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും കളിക്കാൻ അവരസമുണ്ടാകുമെന്ന സൂചന നൽകി കോച്ച് രാഹുൽ ദ്രാവിഡ്. അണ്ടർ 19, ഇന്ത്യ എ ടീം എന്നിവയുടെ കോച്ചായിരിക്കെ ഓരോ താരത്തിനും വ്യത്യസ്ത മത്സരങ്ങളിലായി കളിക്കാനുള്ള അവസരം ഉറപ്പുവരുത്തിയതായി ദ്രാവിഡ് പറഞ്ഞു.
'ഞാൻ അവരോട് മുൻകൂട്ടി പറഞ്ഞു, നിങ്ങൾ എന്നോടൊപ്പം പരമ്പരക്ക് വന്നാൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല. കുട്ടിക്കാലത്ത് എനിക്ക് ഇത്തരത്തിൽ വ്യക്തിപരമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പരമ്പരയിൽ കളിക്കാൻ സാധിക്കാതിരിക്കുക എന്നത് ഭയാനകമാണ്' -ഇ.എസ്.പി.എൻ ക്രിക്ക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു.
'700-800 റൺസും നേടിയവർക്ക് പോലും ചിലപ്പോൾ അടുത്ത പരമ്പരയിൽ അവസരം ലഭിച്ചെന്ന് വരാത്ത അവസ്ഥയാണ്. മികച്ച 11 കളിക്കാർ മാത്രമല്ല, 15 പേരും കളിക്കണം. അതിനാൽ തന്നെ അണ്ടർ 19 ടൂർണമെൻറുകളിൽ ഓരോ മത്സരത്തിലും 5-6 കളിക്കാരെ വരെ മാറ്റിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ഫിറ്റ്നസിൻെറ കാര്യത്തിലും ഏറെ മുന്നിലാണ്. ഫിറ്റ്‌നെസിനെക്കുറിച്ച് ആവശ്യമായ അറിവില്ലാത്ത കാലമുണ്ടായിരുന്നു. അന്ന് ആസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങളെ നോക്കി അസൂയപ്പെട്ടിരുന്നു' -ദ്രാവിഡ് കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ പര്യടനത്തിനുള്ള 'യങ് ഇന്ത്യ'യെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ നായകനായ രാഹുൽ ദ്രാവിഡാണ്. രവി ശാസ്ത്രിയുടെ കാലാവധി കഴിയുന്നതോടെ ഒഴിയുന്ന ഇന്ത്യൻ സീനിയർ ടീമിെൻറ ഹെഡ് കോച്ച് പദവിയിലേക്ക് ദ്രാവിഡ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
2021 ഐ.സി.സി ട്വൻറി20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാനായി നിലവിൽ ഇംഗ്ലണ്ടിലാണ്. ഇതിനാലാണ് ജൂലൈയിൽ ലങ്കക്കെതിരെ നടക്കുന്ന ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിന് തന്ത്രം മെനയാനുള്ള ചുമതല ദ്രാവിഡിന് കൈവന്നത്.
ശിഖർ ധവാനായിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. മലയാളിയായ ദേവ്ദത്ത് പടിക്കൽ ആദ്യമായി ടീമിലെത്തി. ദേവ്ദത്തിന് പുറമേ റുതുരാജ് ഗെയ്ക്വാദ്, നിതീഷ് റാണ, ചേതൻ സക്കരിയ, കെ.ഗൗതം എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.
ഐ.പി.എല്ലിലെ പ്രകടനമാണ് ദേവ്ദത്തിന് ടീമിലേക്കുള്ള വഴിതുറന്നത്. മറ്റൊരു മലയാളി താരമായ സഞ്ജുസാംസൺ ടീമിലേക്ക് തിരിച്ചെത്തി. മുൻ പരമ്പരകളുടേതിന് സമാനമായി, എല്ലാ താരങ്ങൾക്കും അവസരം നൽകുകയെന്ന നയമാണ് ദ്രാവിഡ് സ്വീകരിക്കുന്നതെങ്കിൽ മലയാളികളായ പടിക്കലിനെയും സഞ്ജുവിനെയുമെല്ലാം ഗ്രൗണ്ടിൽ കാണാനാകും. സഞ്ജു പലപ്പോഴായി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ചില പരമ്പരകളിൽ ബെഞ്ചിലിരിക്കാനായിരുന്നു വിധി.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വൻറി 20യുമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13,16,18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ജൂലൈ 21,23,25 തീയതികളിലായി ട്വൻറി 20 മത്സരങ്ങളും നടക്കും.
ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡേ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ്-കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ്-കീപ്പർ), യൂസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, കെ.ഗൗതം, ക്രുനാൽ പാണ്ഡേ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ(വൈസ്-ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കാരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.