ദാദ വിളിച്ചു, ദ്രാവിഡ് വിളിേകട്ടു; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ 'വന്മതിൽ'
text_fieldsന്യൂഡൽഹി: മുൻ നായകൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി നിയമിതനായതായി റിപ്പോർട്ട്. യു.എ.ഇയിൽ നടക്കാൻ പോകുന്ന ട്വന്‍റി20 ലോകകപ്പ് കഴിഞ്ഞാൽ സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിയുടെ പിൻഗാമിയായിട്ടാകും ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ കടിഞ്ഞാൺ ഏറ്റെടുക്കുക.
നേരത്തെ ഇന്ത്യൻ ടീമിന്‍റെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ ദ്രാവിഡ് നിരസിച്ചിരുന്നു. നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ തുടരാനായിരുന്ന ദ്രാവിഡ് താൽപര്യപ്പെട്ടത്. ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുക, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഒഴിവായത്.
എന്നാൽ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായി നടത്തിയ ചർച്ചകളെ തുടർന്ന് രാഹുൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന് മുഖ്യപരിഗണന നൽകുന്നതിനാൽ കാര്യങ്ങൾ എളുപ്പമായതായി ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
രണ്ടുവർഷത്തേക്കാകും ദ്രാവിഡ് കരാർ ഒപ്പിടുക. ട്വന്‍റി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെയാകും സേവനം. പരസ് മാംബ്രെയാകും ബൗളിങ് കോച്ച്. ഫീൽഡിങ് കോച്ച് ആർ. ശ്രീധറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല.
അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കവേ ജൂനിയർ താരങ്ങളുമായിട്ടായിരുന്നു ഇന്ത്യ പരിമിത ഓവർ പരമ്പരകൾക്കായി മരത ദ്വീപിലെത്തിയത്. അണ്ടർ 19 ടീമിൽ ദ്രാവിഡിന്‍റെ ശിഷ്യത്വത്തിൽ കളിച്ചുവന്ന താരങ്ങളാണ് ഇന്ന് ഇന്ത്യൻ ടീമിന്‍റെ സുപ്രധാന താരങ്ങെളന്നതിനാൽ തന്നെയാണ് ബി.സി.സി.ഐ അദ്ദേഹത്തെ വിടാതെ പിടിച്ചത്.
നേരത്തെ മുൻ നായകനും കോച്ചുമായിരുന്ന അനിൽ കുംബ്ലെ, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ പേരുകളും ഇന്ത്യൻ കോച്ചിന്‍റെ സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. ആസ്ട്രേലിയൻ നായകനായിരുന്ന റിക്കി പോണ്ടിങ്ങിനെയും പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.