ശ്രേയസ് അയ്യർക്ക് പകരം സഞ്ജു വരുമോ?; പ്രതീക്ഷയിൽ ആരാധകർ
text_fieldsഅഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യത. ഇന്ന് ബി.സി.സി.ഐയുടെ പ്രത്യേക യോഗം അഹ്മദാബാദിൽ ചേരുന്നുണ്ട്. ഇതിലെ പ്രധാന അജണ്ട ശ്രേയസിന് പകരക്കാരനെ തെരഞ്ഞെടുക്കലാണ്. സഞ്ജുവിന് പുറമെ ദീപക് ഹൂഡ, രജത് പാട്ടിദാർ, രാഹുൽ ത്രിപാഠി എന്നിവരാണ് പരിഗണനയിലുള്ളവർ.
ജനുവരിയിൽ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനം കളിച്ചത്. അവിടെനിന്ന് പരിക്കേറ്റ് മടങ്ങിയ താരത്തിന് പരിക്ക് ഭേദമായിട്ടും ടീമിൽ മടങ്ങിയെത്താനായിട്ടില്ല. ഇന്ത്യക്കായി 11 ഏകദിനങ്ങൾ കളിച്ച സഞ്ജു 66 റൺസ് ശരാശരിയോടെ 330 റൺസ് നേടിയിട്ടുണ്ട്. 104.76 ആണ് സ്ട്രൈക്ക് റേറ്റ്.
മൂന്നാം ടെസ്റ്റിനിടെ കടുത്ത പുറംവേദന കാരണം ശ്രേയസിന് ബാറ്റിങ്ങിനിറങ്ങാനായിരുന്നില്ല. സ്കാനിങ്ങിന് വിധേയനായ താരത്തിന് വിശ്രമം നിർദേശിച്ചതോടെയാണ് പകരക്കാരനെ കണ്ടെത്തേണ്ടി വന്നത്. ഇതേ പരിക്ക് കാരണം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റും ശ്രേയസിന് നഷ്ടമായിരുന്നു. പുറംവേദന വീണ്ടുമെത്തിയതോടെ താരത്തിന് ഐ.പി.എൽ സീസണും തുലാസിലാണ്. മാർച്ച് 17ന് ചെന്നൈയിലാണ് ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.