ജയിക്കൂ ഇന്ത്യ
text_fieldsന്യൂയോർക്: ട്വന്റി20 ലോകകപ്പിൽ മറ്റൊരു കിരീടത്തിനായി ഇന്ത്യയുടെ കാത്തിരിപ്പ് ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടു. 2007ലെ പ്രഥമ ടൂർണമെന്റിൽ ജേതാക്കളായ നീലപ്പട 2014ലും ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റുമടങ്ങി. മാസങ്ങൾക്ക് മുമ്പ് ഏകദിന ലോകകിരീടം രോഹിത് ശർമയും സംഘവും കൈവിട്ടത് കലാശക്കളിയിലാണ്. കുട്ടിക്രിക്കറ്റിന്റെ ലോകപോരിന് തുടക്കമായപ്പോൾ ഇന്ത്യയുടെ ചാമ്പ്യൻ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചിട്ടുണ്ട്. അതിനായി ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് പോൾ സ്റ്റിർലിങ് നയിക്കുന്ന അയർലൻഡിനെതിരെ ആദ്യ ഗ്രൂപ് മത്സരത്തിനിറങ്ങുകയാണ് മെൻ ഇൻ ബ്ലൂ.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിൽ 60 റൺസിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ട് മാസത്തോളം ഐ.പി.എൽ തിരക്കിലായിരുന്നു താരങ്ങൾ. അത് കഴിഞ്ഞാണ് ട്വന്റി20 ലോകകപ്പിന് യു.എസിലേക്ക് പറന്നത്. സന്നാഹ മത്സരത്തിൽ ബാറ്റർമാർക്കും ബൗളർമാർക്കും കരുത്ത് കാണിക്കാൻ അവസരം കിട്ടി. ഋഷഭ് പന്തും സൂര്യകുമാർ യാദവും ബാറ്റിങ്ങിലും ശിവം ദുബെയും അർഷ്ദീപ് സിങ്ങും ബൗളിങ്ങിലും തിളങ്ങിയപ്പോൾ ഓൾ റൗണ്ട് മികവുമായി ഹാർദിക് പാണ്ഡ്യയും മിന്നിത്തിളങ്ങി. ഏറ്റവും അവസാനം ഇന്ത്യൻ സംഘത്തോടൊപ്പം ചേർന്ന വിരാട് കോഹ്ലിക്ക് മത്സരത്തിന് ഇറങ്ങാനായിട്ടില്ല. പ്രാക്ടീസ് സെഷനുകളും നഷ്ടമായ കോഹ്ലി അയർലൻഡിനെതിരെ ഇറങ്ങുമോ എന്ന കാര്യത്തിൽ വരെ സംശയം നിലനിൽക്കുന്നുണ്ട്. പാകിസ്താൻ, യു.എസ്, കാനഡ എന്നിവർകൂടി ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.