‘പ്രതിഭാശാലിയായ ബാറ്ററാണ് സഞ്ജു; എന്നാൽ ചില സമയത്ത് പ്രതീക്ഷകൾ തകർക്കും’
text_fieldsഹരാരെ: സിംബാബ്‌വെക്കെതിരായ പരമ്പരയിലെ അവസാന ട്വന്‍റി20യിൽ അർധ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ഓപണർ അഭിനവ് മുകുന്ദ്. രാജസ്ഥാൻ റോയൽസിന്‍റെ നായകനായി ഐ.പി.എല്ലിൽ കളിച്ചതിലൂടെ സഞ്ജുവിന് കൂടുതൽ പക്വത വന്നെന്നും ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ, വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ നിലനിർത്തണമെന്നും അഭിനവ് മുകുന്ദ് പറയുന്നു.
“ഏറെ പ്രതിഭാശാലിയായ ബാറ്ററാണ് സഞ്ജു. അദ്ദേഹത്തിന്‍റെ ബാറ്റിങ് ടെക്നിക്സ് മികച്ചതാണ്. എന്നാൽ ചില സമയത്ത് അപക്വമായ ഷോട്ടുകൾ കളിക്കുന്നതിലൂടെ പ്രതീക്ഷകൾ തകർക്കും. എന്നാൽ ഐ.പി.എല്ലിൽ ക്യാപ്റ്റനായതോടെ അദ്ദേഹത്തിന്‍റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. സൂപ്പർ താരങ്ങളോടൊപ്പം യുവതാരങ്ങളെ കൂടി നയിക്കേണ്ട ഉത്തരവാദിത്തമാണ് അവിടെ അദ്ദേഹത്തിനുള്ളത്.
ഒരു ബാറ്ററെന്ന നിലയിലും അദ്ദേഹത്തിന് പക്വത വന്നിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന്‍റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വലിയ മത്സരമാണ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ സഞ്ജുവിനെ ആ സ്ഥാനത്തേക്ക് എപ്പോഴും പരിഗണിക്കാമെന്ന് തോന്നുന്നു” -അഭിനവ് മുകുന്ദ് പറഞ്ഞു. ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽ ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒറ്റ മത്സരത്തിൽ പോലും അവസാന ഇലവനിൽ സഞ്ജുവിന് ഇടം നൽകിയിരുന്നില്ല.
അതേസമയം സിംബാബ്‌വെക്കെതിരെ അവസാന മത്സരത്തിൽ 45 പന്തിൽ 58 റൺസാണ് സഞ്ജു നേടിയത്. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ, സഞ്ജുവിന്‍റെ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായത്. ഇന്ത്യ 168 റൺസ് നേടിയപ്പോൾ സിംബാബ്‌വെക്ക് 125 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 42 റൺസിന്‍റെ ജയത്തോടെ, ശുഭ്മൻ ഗില്ലും സംഘവും 4-1ന് പരമ്പര സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.