ക്ലീനിങ് ജോലിയിൽ നിന്ന് ക്ലീൻ ഹിറ്ററിലേക്ക്; റിങ്കു തകർത്താടിയത് കടം വാങ്ങിയ ബാറ്റുമായി
text_fieldsകൊൽക്കത്ത: ഒരു മോഡേൺ ഡേ ക്രിക്കറ്ററുടെ ഭാവഹാവാദികളൊന്നുമില്ല ഈ 25കാരന്. വലം കൈയിലെ ടാറ്റൂവും ഇൻസ്റ്റഗ്രാമിലെ ആരാധകത്തിളക്കവും ഒഴിച്ചുനിർത്തിയാൽ റിങ്കു സിങ് എന്ന അലിഗഡുകാരൻ എല്ലാ അർഥത്തിലും തനി ഗ്രാമീണനാണ്. ആഭ്യന്തര ക്രിക്കറ്റിൽ ജന്മനാടായ ഉത്തർപ്രദേശിന്റെയും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും മാച്ച് വിന്നറെന്ന തിളക്കത്തിലേക്ക് വളർന്നുകഴിഞ്ഞിട്ടും വന്ന വഴികൾ ഒന്നും മറക്കാത്ത പഴയ റിങ്കു തന്നെയാണ്. എപ്പോഴും ചുണ്ടിൽ ചെറുചിരി സൂക്ഷിച്ചുവെക്കുന്ന റിങ്കു, വമ്പൻ താരങ്ങൾ പോലും സമ്മർദങ്ങളിൽ ആടിയുലയുന്ന സമ്മർദങ്ങളെ കൂളായി നേരിടുന്നതും അതുകൊണ്ടാണ്.
പ്രാരബ്ധങ്ങൾ നിറഞ്ഞ, പട്ടിണിയോട് പട വെട്ടിയ വീട്ടിലേക്ക് ഐ.പി.എല്ലാണ് സിക്സറുകളുടെ മാലപ്പടക്കം കൊരുത്ത ഐശ്വര്യത്തിന്റെ പണക്കിലുക്കം നിറയ്ക്കുന്നത്. 13 വർഷം മുമ്പ് കുടുംബത്തെ സഹായിക്കാൻ ക്ലീനിങ് ജോലിക്ക് പോകേണ്ടിവന്ന കുട്ടിയാണ് വമ്പൻ സ്വപ്നങ്ങൾക്കൊപ്പം പാഡുകെട്ടി ലോകമറിയുന്ന താരമെന്നതിലേക്ക് അടിച്ചുകയറിയെത്തിയത്. വൃത്തിയില്ലാത്ത തറകൾ തുടച്ചുവൃത്തിയാക്കുന്ന ജോലിയിൽനിന്ന് മനംമടുത്ത് പിന്മാറിയ ആ പയ്യൻ, ക്രിക്കറ്റിലൂടെ കഷ്ടപ്പാടുകളെ ബൗണ്ടറി കടത്തുമെന്ന് മാതാവിന് നൽകിയ വാക്ക് പാലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ ജയിക്കാൻ കൊൽക്കത്തക്ക് വേണ്ടിയിരുന്നത് 29ൽ റൺസ്. അസാധ്യമെന്ന് ലോകം കണക്കുകൂട്ടിയ ആ സമവാക്യങ്ങളെ, അവസാന അഞ്ചുപന്തുകൾ അതിർവരയ്ക്ക് മുകളിലൂടെ പായിച്ച അതിവിസ്മയ പ്രകടനത്തിലൂടെ മാറ്റിക്കുറിച്ച ഈ ഇടങ്കയ്യൻ ബാറ്റർ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ൈക്ലമാക്സുകളിലൊന്നിലൂടെ കളിയുടെ മുഴുവൻ ശ്രദ്ധയുമാവാഹിക്കുകയായിരുന്നു.
2018ൽ കിങ്സ് ഇലവൻ പഞ്ചാബാണ് റിങ്കുവിനെ ഐ.പി.എല്ലിലേക്ക് ആദ്യം കൈപിടിച്ചാനയിച്ചത്. പക്ഷേ, ഒരു മത്സരം പോലും കളിക്കാൻ ആ സീസണിൽ അവസരം കിട്ടിയില്ലെന്ന് മാത്രം. എന്നാൽ, ഈ സീസണിലെ ഒരൊറ്റ മത്സരത്തോടെ റിങ്കു ഇന്ത്യൻ ക്രിക്കറ്റിലെ മിന്നുംതാരമായി. ഗുജറാത്തിനുവേണ്ടി അവസാന ഓവർ എറിഞ്ഞ ഉത്തർ പ്രദേശ് ടീമിലെ തന്റെ സഹതാരം യാഷ് ദയാലിനെയാണ് റിങ്കു നിർദാക്ഷിണ്യം പ്രഹരിച്ചത്. സമ്മർദം പരകോടിയിൽനിൽക്കെ, ഒരു പരിഭ്രമവുമില്ലാതെ ഓരോ പന്തിനെയും കൃത്യമായി ഗണിച്ചെടുത്ത് അവൻ തുടരെത്തുടരെ അതിർത്തി കടത്തിയപ്പോൾ ജയം ഉറപ്പിച്ച ഗുജറാത്ത് അസ്തപ്രജ്ഞരായി.
ഒരു ഘട്ടത്തിൽ 14 പന്തിൽ എട്ടു റൺസായിരുന്നു റിങ്കുവിന്റെ സ്കോർ. അവസാന ഓവറിലെ അവിശ്വസനീയ പ്രകടനത്തിന് മുമ്പ്, ബാറ്റിങ് ഓർഡറിൽ ആന്ദ്രേ റസലിനും മുമ്പനായി റിങ്കുവിനെ ഇറക്കിയതിന് സോഷ്യൽ മീഡിയയിൽ കൊൽക്കത്ത ആരാധകർ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, എല്ലാവരുടെയും നാവടപ്പിച്ച് അവൻ ക്രീസിൽ വിസ്ഫോടനാത്മക ബാറ്റിങ്ങിന് തിരികൊളുത്തി. അടുത്ത ഏഴു പന്തുകളിൽ റിങ്കു കുറിച്ചത് ആറു സിക്സും ഒരു ഫോറും. അവസാന പന്തും സിക്സർ കുറിച്ചതോടെ സഹതാരങ്ങൾ ഓടിയെത്തി അവനെ വാരിപ്പുണർന്നു. കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനും ആഹ്ലാദം അടക്കാനായില്ല. സുഹൃത്തും ക്യാപ്റ്റനുമായ നിതീഷ് റാണ അവനെ എടുത്തുയർത്തി ആശ്ലേഷിച്ചു. പരിക്കുകാരണം വിട്ടുനിൽക്കുന്ന സ്ഥിരം ക്യാപ്റ്റൻ ശ്രേയസ് അയ്യർ വിഡിയോ കോൾ വിളിച്ച് റിങ്കുവിനെ അഭിനന്ദിച്ചു.
മത്സരത്തിൽ നീതീഷ് റാണയുടെ ബാറ്റ് കടം വാങ്ങിയാണ് റിങ്കു ക്രീസിലെത്തിയത്. ‘എൻ.ആർ 27’ എന്നെഴുതിയ തന്റെ ഇഷ്ടബാറ്റ് മത്സരശേഷം റിങ്കുവിന് നൽകിയതായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ക്യാപ്റ്റൻ റാണ പറഞ്ഞു. ഇനി റിങ്കു സിങ് എന്നതിന്റെ ചുരുക്കവും ജഴ്സി നമ്പറും ചേർത്ത് ‘ആർ.എസ് 35’ എന്ന അക്ഷരങ്ങളുമായി അലിഗഡിലെ റിങ്കുവിന്റെ മൂന്നുനില വീട്ടിൽ ആ ബാറ്റിനും ഒരിടമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.