കൃഷ്ണഗിരിയുടെ തിലകക്കുറിയായി വയനാടന്‍ പെണ്‍പെരുമ
text_fieldsകൽപറ്റ: പ്രകൃതിസൗന്ദര്യത്തില്‍ മാത്രമല്ല കേരളത്തിന്റെ കായിക ഭൂപടത്തിലും വയനാടന്‍ പെരുമ വാനോളം ഉയരുകയാണ്. വനിത ക്രിക്കറ്റില്‍ പുതിയൊരു കായിക വിപ്ലവത്തിന് തുടക്കംകുറിക്കുകയാണ് വയനാട്. ദേശീയ ടീമിൽ സജനയും മിന്നു മണിയും. ജൂനിയർ ടീമിൽ ജോഷിത വി.ജെ. സംസ്ഥാന ടീമിൽ ദൃശ്യയും നജ്ലയുമടക്കം വിവിധ ഏജ് ഗ്രൂപ് വിഭാഗങ്ങളിൽ കളിച്ചുവരുന്ന ഒട്ടേറെ താരങ്ങൾ. വനിത ക്രിക്കറ്റിൽ കേരളത്തിന്റെ അഭിമാനമാവുകയാണ് വയനാട്.
വയലുകളിൽ കളി തുടങ്ങി കൃഷ്ണഗിരി സ്റ്റേഡിയത്തിലൂടെ വളർന്ന് ദേശീയ- സംസ്ഥാന ടീമുകളിൽ എത്തിനില്‍ക്കുകയാണ് സജനയും മിന്നുവും, ജോഷിതയും ദൃശ്യയും ദർശനയും മൃദുലയുമെല്ലാം. ഇവർക്കെല്ലാം പങ്കുവെക്കാനുള്ളതാകട്ടെ, ഇല്ലായ്മകളോട് പൊരുതി മുന്നേറിയ കഥയും. ദേശീയ ടീമിൽ രണ്ടെങ്കിൽ വനിത പ്രീമിയർ ലീഗില്‍ കേരളത്തിൽനിന്ന് ഇക്കുറി നാല് താരങ്ങളുണ്ട്. ഇതിൽ മൂന്നുപേരും വയനാട്ടിൽനിന്നാണ്. സജനയും മിന്നുവും ജോഷിതയും.
2010 -11ൽ വയനാട് വനിത ക്രിക്കറ്റ് അക്കാദമിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കമിട്ടതോടെയാണ് ക്രിക്കറ്റിലെ വയനാടൻ വനിത വിപ്ലവത്തിന് തുടക്കമാകുന്നത്. തുടർന്ന് ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ താരങ്ങളാണ് വയനാട് ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ദേശീയ - സംസ്ഥാന ടീമുകളിലേക്ക് എത്തിയത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തോട് ചേർന്നുതന്നെയാണ് അക്കാദമിയുടെയും പ്രവർത്തനം. മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും താമസവും കിറ്റുമെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷൻ ലഭ്യമാക്കുന്നു. 28 പേരാണ് നിലവിൽ അക്കാദമിയിൽ പരിശീലനം തുടരുന്നത്. കെ.സി.എ കോച്ചുമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ജോഷിതയെ 10 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ജോഷിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടു പിറകെയാണ് വനിത പ്രീമിയര്‍ ലീഗിലേക്കും ജോഷിതക്ക് വിളിയെത്തിയത്. വയനാട് കൽപറ്റ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ, വി.ടി. ജോഷിയും എം.പി. ശ്രീജയുമാണ് മാതാപിതാക്കൾ. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയായ ജോഷിത ഏഴ് വർഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നത്. കേരള അണ്ടർ 19 ടീം ക്യാപ്റ്റനായിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച സജന സജീവന് അവസാന പന്തിലെ സിക്സുമായി ആദ്യ മത്സരത്തിൽതന്നെ താരമായിരുന്നു. നിലവിൽ വിൻഡീസിനെതിരെയുള്ള ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ അംഗമാണ്. മിന്നു മണിയും ഈ ടീമിൽ സജനക്കൊപ്പമുണ്ട്. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തൽ ഓടി ഡൈവ് ചെയ്തുള്ള മിന്നുവിന്റെ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസ്ട്രേലിയൻ പര്യടനത്തിലും മിന്നു മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 46 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു മിന്നു.
ദൃശ്യയും ദർശനയും മൃദുലയും നജ്ലയും സീനിയർ വിമൻസ് ഏകദിന ടൂർണമെന്റിൽ ഇപ്പോള്‍ കേരളത്തിനായി കളിച്ചുവരുകയാണ്. ഓപണറായ ദൃശ്യ കഴിഞ്ഞ ദിവസം 88 റൺസുമായി നാഗാലാൻഡിനെതിരെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇതിനു പുറമെ ഹൈദരാബാദിനെതിരെ സെഞ്ച്വറിയും നേടി. ടൂർണമെന്റിൽ അസമിനെതിരെയടക്കം കേരളത്തിന് വിജയമൊരുക്കിയ ഇന്നിങ്സുകളുമായി നജ്ലയും ശ്രദ്ധേയയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിത ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു നജ്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡി ടീമിനെ നയിച്ചു. കൊളവയലിലെ വാസുദേവൻ- ഷീജ ദമ്പതിമാരുടെ മകളാണ് ദൃശ്യ. ജൂനിയർ തലം മുതൽ വിവിധ ഏജ് കാറ്റഗറികളിലായി കേരളത്തിനു വേണ്ടി കളിക്കുന്ന താരങ്ങളാണ് ദർശന മോഹനും വി.എസ്. മൃദുലയും. മാനന്തവാടി ചോലവയലിലെ മോഹനന്റെയും മീനാക്ഷിയുടെയും മകളാണ് ദർശന. കുപ്പാടിയിലെ സുരേഷ് -സുധ ദമ്പതികളുടെ മകളാണ് മൃദുല. ദേശീയ ടീമെന്ന സ്വപ്നവുമായാണ് ഇവരും മികച്ച പ്രകടനം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.