വനിത ഏഷ്യ കപ്പ് ക്രിക്കറ്റ്; പാകിസ്താനോട് തോറ്റ് ഇന്ത്യ
text_fieldsധാക്ക: വനിത ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ആദ്യ തോൽവി. പാകിസ്താനോട് 13 റൺസിനാണ് തോറ്റത്. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ പരാജയം. ടോസ് നേടിയ പാകിസ്താന്റെ ഇന്നിങ്സ് ബൗളർമാർ ആറിന് 137ൽ ഒതുക്കിയെങ്കിലും ബാറ്റർമാർ പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി. ബാറ്റർമാർ എല്ലാവരും പരാജിതരായപ്പോൾ 19.4 ഓവറിൽ 124 റൺസെടുക്കാനേ ഇന്ത്യക്കായുള്ളൂ. റിച്ച ഘോഷ് (26) ആണ് ടോപ് സ്കോറർ. നായിക ഹർമൻപ്രീത് കൗർ (12), സ്മൃതി മന്ദാന (17), ദയാലൻ ഹേമലത (20), ശബ്ബിനേനി മേഘന (15) എന്നിവർക്കെല്ലാം മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല.
മുൻ മത്സരങ്ങളിൽ തിളങ്ങിയ ജമീമ റോഡ്രിഗസിനും (2) ഒന്നും ചെയ്യാനായില്ല. മൂന്നു വിക്കറ്റെടുത്ത നഷ്റ സന്ധുവും രണ്ടു വിക്കറ്റ് വീതം നേടിയ നിദ ധറും സാദിയ ഇഖ്ബാലുമാണ് ഇന്ത്യൻ ബാറ്റർമാർക്ക് മൂക്കുകയറിട്ടത്. നേരത്തേ, 37 പന്തിൽ പുറത്താകാതെ 56 നിദ ധറിന്റെ മികവിലാണ് പാകിസ്താൻ 137ലെത്തിയത്. നായിക ബിസ്മ മഹ്റൂഫ് 32 റൺസെടുത്തു. ദീപ്തി ശർമ മൂന്നും പൂജ വസ്ത്രാകർ രണ്ടും വിക്കറ്റെടുത്തു.
മൂന്ന് ജയവും ഒരു തോൽവിയുമടക്കം ആറു പോയന്റുമായി ഇന്ത്യയും പാകിസ്താനും തുല്യതയിലാണെങ്കിലും റൺ ശരാശരിയുടെ മുൻതൂക്കം ഇന്ത്യക്കാണ്. അടുത്ത കളിയിൽ ശനിയാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.